ലണ്ടന്‍: സൂപ്പര്‍ താരം ജോ റൂട്ടിന്റെ ഗംഭീര ഇന്നിങ്‌സ് രക്ഷയ്‌ക്കെത്തിയപ്പോള്‍ ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മികച്ച തുടക്കം. പതിവു ബാസ്‌ബോള്‍ ശൈലിയില്‍ നിന്നും വ്യത്യസ്തമായി പരമ്പരാഗത ടെസ്റ്റ് ശൈലിയിലുള്ള സ്ലോ ബാറ്റിങാണ് ഇംഗ്ലീഷ് താരങ്ങള്‍ കാഴ്ചവച്ചത്.
ഇതിന്റെ പേരില്‍ നായകന്‍ ശുഭ്മന്‍ ഗില്ലും മുഹമ്മദ് സിറാജുമടക്കം ഇംഗ്ലണ്ടിനെ മെല്ലെപ്പോക്കിനെ പരിഹസിക്കുകയും ചെയ്തിരുന്നു. നാലു വിക്കറ്റിനു 251 റണ്‍സെന്ന നിലയാണ് ആദ്യദിനം ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. 99 റണ്‍സുമായി റൂട്ടും 39 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്‌സുമാണ് ഇപ്പോള്‍ ക്രീസില്‍.

അപരാജിതമായ നാലാം വിക്കറ്റില്‍ ഈ ജോടി 170 ബോളില്‍ 79 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തു കഴിഞ്ഞു. 191 ബോളില്‍ ഒമ്പതു ഫോറുള്‍പ്പെട്ടതാണ് റൂട്ടിന്റെ ഇന്നിങ്‌സ്. സാക്ക് ക്രോളി (18), ബെന്‍ ഡക്കെറ്റ് (23), ഒല്ലി പോപ്പ് (44), ഹാരിബ ബ്രൂക്ക് (11) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ പുറത്തായത്.
ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ശ്രദ്ധയോടെയാണ് ഓപ്പണിങ് ജോടികളായ ക്രോളിയും ഡക്കെറ്റും തുടങ്ങിയത്. 43 റണ്‍സ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. ഇന്ത്യക്കു ആദ്യ ബ്രേക്ക് നല്‍കിയത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയാണ്. 14ാം ഓവറില്‍ ഡക്കെറ്റിനെയും ക്രോളിയെയും വെറും മൂന്നു റണ്‍സിന്റെ വ്യത്യാസത്തില്‍ മടക്കിയ നിതീഷ് ഇംഗ്ലണ്ടിനെ സ്തബ്ധരാക്കി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ റൂട്ട്-പോപ്പ് ജോടി 109 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ തിരികെ കൊണ്ടുവന്നു. ഈ ജോടി കരുത്താര്‍ജിക്കവെ ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത് രവീന്ദ്ര ജഡേജയാണ്. 44ല്‍ നില്‍ക്കവെ എഡ്ജായ പോപ്പിനെ പകരക്കാരനായെത്തിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ പിടികൂടുകയായിരുന്നു (153-3).

ബ്രൂക്കിനെ അധികസമയം നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 11 റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്നാണ് റൂട്ടിനു കൂട്ടായി സ്റ്റോക്‌സ് ക്രീസിലെത്തുന്നത്. ടോസിനു ശേഷം ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഓരോ മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇറങ്ങിയത്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. ഇതോടെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്തായത്. മറുഭാഗത്ത് ജോഷ് ടങിനു ഇംഗ്ലീഷ് ടീമില്‍ സ്ഥാനം നഷ്ടമായി. പകരം ജോഫ്ര ആര്‍ച്ചര്‍ കളിക്കുകയും ചെയ്തു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇപ്പോള്‍ ഇരുടീമും 1-1നു ഒപ്പമായതിനാല്‍ ലോര്‍ഡ്‌സില്‍ പോരാട്ടം പൊടി പാറുമെന്നുറപ്പാണ്.
അതേസമയം, ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഫീല്‍ഡിങും ബൗളിങും ക്ലിക്കാവാതെ പോയ മല്‍സരത്തില്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിനു ഇന്ത്യയെ തകര്‍ത്തു വിടുകയായിരുന്നു. കളിയില്‍ ഭൂരിഭാഗവും ഇന്ത്യക്കു മുന്‍തൂക്കം നേടാന്‍ സാധിച്ചെങ്കിലും വിജയം മാത്രം കൈക്കലാക്കാനായില്ല.
എന്നാല്‍ നേരത്തേ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലാത്ത എജ്ബാസ്റ്റണില്‍ ഇന്ത്യ തിരിച്ചടിച്ചു. ബാറ്റിങും ബൗളിങുമെല്ലാം ഒരുപോലെ മികച്ചു നിന്ന മല്‍സരത്തില്‍ 336 റണ്‍സിനു ഇംഗ്ലണ്ടിനെ ഇന്ത്യ മുക്കുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാമിന്നങ്‌സില്‍ സെഞ്ച്വറിയുമടിച്ച നായകന്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ബുംറയ്ക്കു പകരം ടീമിലെത്തിയ ആകാശ്ദീപ് രണ്ടിന്നിങ്‌സുകളിലായി പത്തു വിക്കറ്റ് കൊയ്ത് ബൗളിങിലെ സര്‍പ്രൈസ് ഹീറോയുമായി മാറി.
ലോര്‍ഡ്‌സിലെ പ്ലെയിങ് 11
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍.