ലോര്‍ഡ്‌സ്: ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചതു പോലെ ഒന്നും തന്നെ സംഭവിച്ചില്ല. ലോര്‍ഡ്‌സില്‍ ഇംഗ്ലീഷ് പേസാക്രമണത്തില്‍ ടീം ഇന്ത്യ അടിതെറ്റി വീണു. രവീന്ദ്ര ജഡേജ (61*) വാലറ്റക്കാരെ കൂട്ടുപിടിച്ച് അവസാനം വരെ പൊരുതിയെങ്കിലും 22 റണ്‍സിനു മല്‍സരം കൈവിട്ടു. 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ടീ ബ്രേക്കിനു ശേഷം 170ന് ഓള്‍ഔട്ടാവുകയായിരുന്നു. ലഞ്ച് ബ്രേക്കിനു മുമ്പ് ഇന്ത്യ എട്ടിനു 112ലേക്കു കൂപ്പുകുത്തിയിരുന്നു.
എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം (5) 35 റണ്‍സും അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനൊപ്പം (4*) 23 റണ്‍സും ജഡ്ഡു കൂട്ടിച്ചേര്‍ത്തിരുന്നു. 181 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ജഡേജയുടെ ഇന്നിങ്‌സ്. 39 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വേറെയാരും 15 റണ്‍സ് പോലും തികച്ചില്ല.

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും നായകന്‍ ബെന്‍ സ്റ്റോക്‌സും മൂന്നു വീതം വിക്കറ്റുകളെടുത്തു. ബ്രൈഡന്‍ കാര്‍സിനു രണ്ടു വിക്കറ്റും ലഭിച്ചു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തുമെത്തി. അടുത്ത മല്‍സരം 23 മുതല്‍ മാഞ്ചസ്റ്ററില്‍ ആരംഭിക്കും.
193 റണ്‍സിന്റെ വിജയക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കു ഇംഗ്ലണ്ടിന്റെ ഗംഭീര ബൗളിങിനു മുന്നില്‍ മറുപടിയില്ലായിരുന്നു. റണ്‍സിനു ഇന്ത്യ കൂടാരം കയറുകയും ചെയ്തു. കെഎല്‍ രാഹുല്‍ 39 റണ്‍സോടെ ടോപ്‌സ്‌കോററായപ്പോള്‍ മറ്റാരും 25 റണ്‍സ് പോലും തികച്ചില്ല. രവീന്ദ്ര ജഡേജ (), കരുണ്‍ നായര്‍ (14), വാഷിങ്ടണ്‍ സുന്ദര്‍ (13) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.
നാല വിക്കറ്റിനു 58 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങാരംഭിച്ച ഇന്ത്യന്‍ പ്രതീക്ഷ രാഹുല്‍- റിഷഭ് പന്ത് സഖ്യത്തിലായിരുന്നു. പക്ഷെ റിഷഭിനെ (9) ബൗള്‍ഡാക്കി ജോഫ്ര ആര്‍ച്ചര്‍ വിജയപ്രതീക്ഷ മുളയില്‍ തന്നെ നുള്ളി (71/5). രാഹുല്‍, വാഷിങ്ടണ്‍ സു്ന്ദര്‍ (0) എന്നിവരും പിന്നാലെ മടങ്ങിയതോടെ ഇന്ത്യന്‍ തോല്‍വി ഉറപ്പായി (82/7). എട്ടാം വിക്കറ്റില്‍ ജഡേജ- നിതീഷ് റെഡ്ഡി 30 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പ് നിതീഷിനെ ഇംഗ്ലണ്ടിനെ മടക്കി.

റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. യശസ്വി ജയ്‌സ്വാളിനെ രണ്ടാം ഓവറില്‍ തന്നെ പൂജ്യത്തിനു ഇന്ത്യക്കു നഷ്ടമായി. തന്റെ സ്ഥിരം അഗ്രസീവ് ശൈലി വിട്ട് കൂടുതല്‍ ഡിഫന്‍സീവാവാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തിനു വിനയായത്. സാധാരണയായി ബാറ്റിങില്‍ കാണാറുള്ള ഒഴുക്ക് തുടക്കം മുതല്‍ ജയ്‌സ്വാളില്‍ കണ്ടിരുന്നില്ല. ഫ്‌ളോപ്പായതിനു കാരണവും ഇതു തന്നെയാണ്.
രണ്ടാം വിക്കറ്റില്‍ രാഹുലും കരുണ്‍ നായരും ചേര്‍ന്ന് 36 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോട ഇന്ത്യ വിജയം സ്വപ്‌നം കാണാന്‍ തുടങ്ങി. എന്നാല്‍ കരുണിന്റെ ഭാഗത്തു നിന്നും സംഭവിച്ച വലിയൊരു പിഴവ് വിക്കറ്റ് നഷ്ടമാക്കി (41-2) 14 റണ്‍സെടുത്ത അദ്ദേഹം ബ്രൈഡന്‍ കാര്‍സിന്റെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. തുടര്‍ന്നെത്തിയ ഗില്ലില്‍ നിന്നും നായകന്റെ ഇന്നിങ്‌സ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.ആറു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെയും കാര്‍സ് വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇന്ത്യ വിറച്ചു (53/3).
കളി തീരാന്‍ കുറച്ചു ഓവറുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്നതിനാല്‍ നൈറ്റ് വാച്ചമാനായി പേസര്‍ ആകാശ്ദീപിനെയാണ് ഇന്ത്യ ക്രീസിലിറക്കിയത്. ഈ നീക്കം പാളി. ടീം സ്‌കോറിലേക്കു അഞ്ചു റണ്‍സ് കൂടി ചേര്‍ക്കവെ ആകാശ്ദീപും (1) മടങ്ങുകയായിരുന്നു.
നേരത്തേ ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടെയും ഒന്നാമിന്നിങ്‌സ് ടോട്ടല്‍ ഒരേ സ്‌കോറില്‍ തന്നെ അവസാനിക്കുകയായിരുന്നു. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റണ്‍സാണ് നേടിയത്. ജോ റൂട്ടിന്റെ (104) സെഞ്ച്വറിയാണ് അവരെ ഇതിനു സഹായിച്ചത്. മറുപടിയില്‍ ഇന്ത്യയും ഇതേ ടോട്ടലില്‍ തന്നെ ഓള്‍ഔട്ടാവുകയായിരുന്നു. കെഎല്‍ രാഹുല്‍ (100) ഇന്ത്യക്കായി സെഞ്ച്വറിയും നേടി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍.