For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വരുണ്‍ ഷോ വിഫലം!! തിലകടക്കം ബാറ്റിങില്‍ ദുരന്തം, തിരിച്ചടിച്ച് ഇംഗ്ലണ്ട്

രാജ്‌കോട്ട്: ഹാട്രിക് വിജയുമായി ടി20 പരമ്പര പോക്കറ്റിലാക്കുകയെന്ന ഇന്ത്യയുടെ മോഹം തകര്‍ത്ത് ഇംഗ്ലണ്ടിന്റെ ഗംഭീര തിരിച്ചുവരവ്. നിര്‍ണായകമായ മൂന്നാമങ്കത്തില്‍ ഇന്ത്യയെ 26 റണ്‍സിനാണ് ജോസ് ബട്‌ലറുടെ ഇംഗ്ലീഷ് പട തരിപ്പണമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര അവര്‍ 1-2 ആക്കുകയും ചെയ്തു. അടുത്ത മല്‍സരം വെള്ളിയാഴ്ച രാത്രി പൂനെയില്‍നടക്കും.

വരുണ്‍ ചക്രവര്‍ത്തി ഫൈഫറുമായി കത്തിക്കയറിയെങ്കിലും ബാറ്റിങ് നിര ദയനീയമായി പരാജയപ്പെട്ടത് ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിടുകയായിരുന്നു. 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു മുന്നില്‍ വച്ചത്. പക്ഷെ ഒമ്പതു വിക്കറ്റിനു 145 റണ്‍സ് മാത്രമെടുത്ത് ഇന്ത്യ മല്‍സരം അടിയറവയ്ക്കുകയായിരുന്നു.

ENGLAND

ഫ്‌ളോപ്പായി ബാറ്റിങ് നിര

റണ്‍മഴ പെയ്യുമെന്നു കരുതപ്പെട്ട രാജ്‌കോട്ടിലെ പിച്ചില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യ തരിപ്പണമാവുകയായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ തുടക്കം മുതല്‍ അവര്‍ ഇന്ത്യയെ വരിഞ്ഞു കെട്ടി. ആദ്യ ടി20യിലെ ഹീറോ അഭിഷേക് ശര്‍മയെയും (24) രണ്ടാമങ്കത്തിലെ വിജയശില്‍പ്പി തിലക് വര്‍മയയെും (18) നേരത്തേ പുറത്താക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് വിജയമുറപ്പിച്ചിരുന്നു.

ഇരുവര്‍ക്കും പകരം മറ്റൊരു ഹീറോ ഈ കളിയില്‍ ഇന്ത്യയുടെ രക്ഷകനാവുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 40 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പൊരുതി നോക്കിയെങ്കിലും ആരില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ല. 35 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

സഞ്ജു സാംസണ്‍ (3) വീണ്ടും ഫ്‌ളോപ്പായപ്പോള്‍ നായകന്‍ സൂര്യകുമാര്‍ യാദവ് (14), വാഷിങ്ടണ്‍ സുന്ദര്‍ (6), അക്ഷര്‍ പട്ടേല്‍ (15), ധ്രുവ് ജുറേല്‍ (2) എന്നിവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായി തീര്‍ന്നു. ഇംഗ്ലണ്ടിനായി ജാമി ഒവേര്‍ട്ടന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചറും ബ്രൈഡന്‍ കാര്‍സും രണ്ടു വീതം വിക്കറ്റുകളും കൈക്കലാക്കി.

വരുണ്‍ ഷോ

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സിലെത്തിയത്. പരമ്പരയില്‍ ആദ്യമായി തിളങ്ങിയ ഓപ്പണര്‍ ബെന്‍ ഡക്കെറ്റിന്റെ (51) ഫിഫ്റ്റിയും ലിയാം ലിവിങ്സ്റ്റണിന്റെ (43) കൗണ്ടര്‍ അറ്റാക്കിങ് ഗെയിമുമാണ് ഇംഗ്ലണ്ടിനെ 170 കടത്തിയത്. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

TILAK VARMA

വെറും 28 ബോളിലാണ് ഏഴു ഫോറും രണ്ടു സിക്‌സറുമടക്കം ഡക്കെറ്റ് ഇംഗ്ലണ്ടിന്റെ അമരക്കാരനായത്. ഫില്‍ സാള്‍ട്ടിനെ (5) തുടക്കത്തില്‍ തന്നെ മടക്കിയെങ്കിലും ഡക്കെറ്റിന്റെ അഗ്രസീവ് ബാറ്റിങ് ഇന്ത്യയെ കുഴപ്പത്തിലാക്കി. രണ്ടാം വിക്കറ്റില്‍ ഡക്കെറ്റ്- ബട്‌ലര്‍ ജോടി ചേര്‍ന്നെടുത്ത 76 റണ്‍സ് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചു.

പിന്നീട് വരുണ്‍ ചകര്‍വര്‍ത്തിയുടെ മാജിക്കല്‍ പ്രകടനമാണ് കണ്ടത്. രണ്ടിന് 83 റണ്‍സില്‍ നിന്നും 16 ഓവറാവുമ്പേഴേക്കും ഇംഗ്ലണ്ട് എട്ടിനു 128 ലേക്കു തകരുകയും ചെയ്തു. എന്നിട്ടും 171 റണ്‍സിലെത്താന്‍ അവരെ സഹായിച്ചത് ലിവിങ്സ്റ്റണാണ്. വെറും 24 ബോളില്‍ അഞ്ചു സിക്‌സറും ഒരു ഫോറുമടക്കമാണ് അദ്ദേഹം 43 റണ്‍സ് വാരിക്കൂട്ടിയത്.

നാലോവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വരുണ്‍ അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. കരിയറില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫൈഫര്‍ കൂടിയാണിത്. ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

ഒരു മാറ്റവുമായി ഇന്ത്യ

രണ്ടാമങ്കത്തില്‍ ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. അര്‍ഷ്ദീപ് സിങിനു വിശ്രമം നല്‍കിയ ഇന്ത്യ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ ടീമിലേക്കു തിരികെ കൊണ്ടുവന്നു. 14 മാസങ്ങള്‍ക്കു ശേഷം ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണിത്. അതേസമയം, കഴിഞ്ഞ കളിയിലെ അതേ ഇലവനെ തന്നെ ഇംഗ്ലണ്ട് ഈ മല്‍സരത്തിലും നിലനിര്‍ത്തുകയായിരുന്നു.

കൊല്‍ക്കത്തയില ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ടി20യില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയവുമായാണ് ഇന്ത്യ തുടങ്ങിയത്. ബൗളര്‍മാരും ഇടിവെട്ട് ഫിഫ്റ്റിയുമായി അഭിഷേക് ശര്‍മയും മിന്നിച്ചപ്പോള്‍ കാര്യമായി വിയര്‍ക്കാതെ തന്നെ ഇന്ത്യ വിജയവും കൈക്കലാക്കി. പക്ഷെ രണ്ടാം ടി20യില്‍ വീറുറ്റ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ രണ്ടു വിക്കറ്റിനു ജയിച്ചുകയറിയത്. തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ധ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട്- ബെന്‍ ഡക്കെറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഒവേര്‍ട്ടന്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Tuesday, January 28, 2025, 13:53 [IST]
Other articles published on Jan 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+