ധരംശാല: പല കാരണങ്ങളാല്‍ ലോകം മുഴുവന്‍ ഉറ്റുനോക്കിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ പരമ്പര. ബാസ് ബോള്‍ ശൈലിയിലേക്കു മാറിയ ശേഷം ഒരു ടെസ്റ്റ് പരമ്പര പോലും തോല്‍ക്കാതെയാണ് ഇംഗ്ലണ്ട് വന്നത്. ഇന്ത്യയാവട്ടെ 10 വര്‍ഷത്തിനിടെ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും തോറ്റിട്ടുമില്ല. ഒടുവില്‍ ഇംഗ്ലണ്ടിന്റെ വിജയ റെക്കോര്‍ഡ് തകര്‍ത്താണ് വീണ്ടുമൊരു പരമ്പര വിജയം ഇന്ത്യ കൊയ്തത്. ഇപ്പോഴിതാ ഈ പരമ്പര ഒരു ലോക റെക്കാര്‍ഡും കുറിച്ചിരിക്കുകയാണ്.
100 സിക്‌സറുകള്‍ പിറന്ന ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് പരമ്പരയെന്ന അപൂര്‍വ്വനേട്ടമാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. 147 വര്‍ഷത്തെ ചരിത്രമെടുക്കുകയാണെങ്കില്‍ മുമ്പൊരിക്കലും ഒരു പരമ്പരയിലും സിക്‌സറുകള്‍ സെഞ്ച്വറിയിലെത്തിയിട്ടില്ല. പക്ഷെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പര പുതു ചരിത്രമാണ് കുറിച്ചിരിക്കുന്നത്.

ബാസ് ബോള്‍ ശൈലിയുമായി അറ്റാക്കിങ് ക്രിക്കറ്റ് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചത് ഇംഗ്ലണ്ടാണെങ്കിലും യഥാര്‍ഥത്തില്‍ ഈ ശൈലി പിന്തുടര്‍ന്നത് ഇന്ത്യയാണെന്നു സിക്‌സറുകളുടെ എണ്ണം ശരിവയ്ക്കുന്നു. പരമ്പരയിലെ 100 സിക്‌സറുകളില്‍ 72ഉം ഇന്ത്യന്‍ താരങ്ങളുടെ ബാറ്റില്‍ നിന്നാണ് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ഇംഗ്ലണ്ടിനു നേടാനായത് 28 സിക്‌സറുകള്‍ മാത്രമാണ്. ഇന്ത്യയുടെ 72 സിക്‌സറുകളില്‍ 26ഉം യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വകയാണ്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നാണിത്. ടെസ്റ്റില്‍ ഒരു ടീമിനെതിരേ ഒരു ഇന്ത്യന്‍ താരം ഇത്രയും സിക്‌സറുകള്‍ അടിച്ചെടുക്കുന്നതും ഇതാദ്യമായിട്ടാണ്.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും 15 സിക്സറുകള്‍ പോലും പരമ്പരയില്‍ നേടാനായിട്ടില്ല. ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ കൂടുതല്‍ സിക്‌സറുകളുള്ളത് മൂന്നാമനായി ബാറ്റ് വീശിയ ശുഭ്മന്‍ ഗില്ലിനാണ്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 11 സിക്‌സറുകള്‍ താരം കണ്ടെത്തി. പരമ്പരയുടെ തുടക്കത്തില്‍ ഗില്‍ പതറിയെങ്കിലും പിന്നീട് മികച്ച പ്രകടനത്തോടെ ടീമിന്റെ പ്രധാന റണ്‍ വേട്ടക്കാരില്‍ ഒരാളാവുകയായിരുന്നു.
ഈ പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലായി മാറിയ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഏഴു വീതം സിക്‌സറുകളടിച്ചപ്പോള്‍ രവീന്ദ്ര ജഡേജ ആറു സിക്‌സറുകള്‍ നേടി. ഈ പരമ്പരയിലൂടെ അരങ്ങേറ്റിയ സര്‍ഫറാസ് ഖാന്‍ പായിച്ചത് അഞ്ചു സിക്‌സറുകളാണ്.

കെഎല്‍ രാഹുലിന്റെ സമ്പാദ്യം രണ്ടു സിക്‌സറുകളാണ്. ദേവ്ദത്ത് പടിക്കല്‍, അക്ഷര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത്, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ് എന്നിവര്‍ ഓരോ സിക്‌സറുകള്‍ വീതവും നേടി. മുഹമ്മദ് സിറാജ്, രജത് പാട്ടിധാര്‍, മുകേഷ് കുമാര്‍ എന്നിവര്‍ക്കു മാത്രമാണ് പരമ്പരയില്‍ ഇന്ത്യക്കായി ഒരു സിക്‌സര്‍ പോലും നേടാന്‍ സാധിക്കാതെ പോയത്.
ഇംഗ്ലണ്ടിന്റെ ബാറ്റിങ് ലൈനപ്പെടുത്താല്‍ ആര്‍ക്കും സിക്‌സറില്‍ രണ്ടക്കം തികയ്ക്കാനായിട്ടില്ല. ആറു സിക്‌സറുകള്‍ വീതം നേടിയ സാക്ക് ക്രോളി, ജോണി ബെയര്‍സ്‌റ്റോ, ടോം ഹാര്‍ട്ട്‌ലി എന്നിവരാണ് ഇംഗ്ലണ്ടിന്റെ സിക്‌സര്‍ വീരന്‍മാര്‍. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നാലു സിക്‌സറുകള്‍ക്ക് അവകാശിയായി. ബെന്‍ ഫോക്‌സും ബെന്‍ ഡക്കെറ്റും ഇംഗ്ലണ്ടിനായി രണ്ടു സിക്‌സറുകള്‍ വീതം നേടുകയും ചെയ്തു.