IND vs ENG: കോലിയല്ല, ഇംഗ്ലണ്ട് കരുതിയിരിക്കേണ്ട മൂന്ന് ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്ത് പനേസര്‍
മൊഹാലി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കുകയാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ പരമ്പരക്കിറങ്ങുന്നത്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യയെത്തുമ്പോള്‍ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ട് നിരയുടെ വരവ്. ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇരു കൂട്ടര്‍ക്കും പരമ്പര നേട്ടം അനിവാര്യമാണ്. അതിനാല്‍ത്തന്നെ മികച്ച പ്രകടനം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ പരമ്പരയില്‍ ഇംഗ്ലണ്ട് കരുതിയിരിക്കേണ്ട മൂന്ന് ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. വിരാട് കോലിയെ ഒഴിവാക്കിയാണ് പനേസര്‍ മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തതെന്നതാണ് ശ്രദ്ധേയം.

പനേസര്‍ തിരഞ്ഞെടുത്ത ആദ്യ ഇന്ത്യന്‍ താരം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ്. ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള രഹാനെ ഓസ്‌ട്രേലിയയിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യയെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയോടെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ചത് രഹാനെയായിരുന്നു. ഇന്ത്യയില്‍ മികച്ച ശരാശരിയുള്ള രഹാനെയുടെ മധ്യനിരയിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

രണ്ടാമത്തെ താരം ഇന്ത്യയുടെ ടെസ്റ്റിലെ ബാറ്റിങ് നട്ടെല്ല് ചേതേശ്വര്‍ പുജാരയാണ്. ഓസ്‌ട്രേലിയയില്‍ പ്രതിരോധ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച പുജാരയുടെ പ്രകടനം ഇംഗ്ലണ്ടിനെതിരെയും ഇന്ത്യക്ക് നിര്‍ണ്ണായകമാവും. വിക്കറ്റുകള്‍ നഷ്ടപ്പെടാതെ പിടിച്ചുനില്‍ക്കാനും എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും പുജാരെയെപ്പോലെ മിടുക്കുള്ള മറ്റൊരു താരവുമില്ലെന്നതാണ് വസ്തുത.

മൂന്നാമത്തെ താരം ആര്‍ അശ്വിനാണ്. ഓസ്‌ട്രേലിയക്കെതിരേ സ്റ്റീവ് സ്മിത്തിനെ വെള്ളംകുടിപ്പിച്ച അശ്വിന്‍ സ്പിന്നുകൊണ്ട് ജോ റൂട്ടിനെയും പൂട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പരിക്കേറ്റ് ഗാബയില്‍ കളിക്കാതിരുന്ന അശ്വിന്‍ കായിക ക്ഷമത വീണ്ടെടുത്തത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്. ഇന്ത്യന്‍ മൈതാനങ്ങള്‍ സ്പിന്നിന് അനുകൂലമായതിനാല്‍ ഇംഗ്ലണ്ട് ഏറ്റവും കൂടുതല്‍ ഭയക്കുന്നതും അശ്വിന്റെ ബൗളിങ് മികവിനെയാവും.

ഇംഗ്ലണ്ട് നിരയില്‍ നിര്‍ണ്ണായകമാവാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളെയും പനേസര്‍ തിരഞ്ഞെടുത്തു. നായകന്‍ ജോ റൂട്ട്,പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരെയാണ് പനേസര്‍ നിര്‍ണ്ണായക താരങ്ങളായി വിശേഷിപ്പിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും ഉള്‍പ്പെടെ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ജോ റൂട്ട് എത്തുന്നത്. ആന്‍ഡേഴ്‌സന്‍ 38ാം വയസിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തി തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരങ്ങളാണ് സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനും. ഇരുവരുടെയും പേസ് ബൗളിങ്ങാവും ഇംഗ്ലണ്ടിന്റെ തുറപ്പുചൂട്ട്. ജോഫ്രാ ആര്‍ച്ചര്‍ ആദ്യമായാണ് ഇന്ത്യക്കെതിരേ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. അതിനാല്‍ത്തന്നെ സ്റ്റാര്‍ പേസറുടെ പ്രകടനം കണ്ടറിയണം. സ്പിന്‍ കരുത്ത് പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയെക്കാള്‍ ദുര്‍ബലരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications