ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ്. 317 റണ്‍സിനാണ് ആതിഥേയരായ ഇന്ത്യ ഇംഗ്ലണ്ടിനെ നാണംകെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ജയത്തോടെ തിരിച്ചെത്തി നാല് മത്സര പരമ്പര 1-1 എന്ന നിലയിലേക്കെത്തിച്ചിരിക്കുകയാണ്.
നിരവധി റെക്കോഡുകളും ഇന്ത്യ ഈ ജയത്തോടെ സ്വന്തമാക്കിയിട്ടുണ്ട്. 2013ന് ശേഷം ടോസ് നേടിയ ടെസ്റ്റ് മത്സരത്തിലൊന്നും ഇന്ത്യയെ കീഴടക്കാന്‍ എതിരാളികള്‍ക്കായിട്ടില്ല. 18 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 16 തവണയും ജയം സ്വന്തമാക്കാന്‍ ഇന്ത്യക്കായി. രണ്ട് മത്സരം മാത്രം സമനിലയായി. ഇന്ത്യയുടെ സ്പിന്‍ കരുത്ത് തന്നെയാണ് ഈ നേട്ടത്തിന് കാരണം. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ മൈതാനങ്ങളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനം സന്ദര്‍ശകര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്.

ചെന്നൈ ഇന്ത്യയുടെ ഭാഗ്യ മൈതാനമാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കാന്‍ ഇന്ത്യക്കായി. ഇന്ത്യ കൂടുതല്‍ ടെസ്റ്റ് ജയം സ്വന്തമാക്കുന്ന മൈതാനമായി ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയം മാറിയിരിക്കുകയാണ്. ഈ ജയം ചെന്നൈയിലെ ഇന്ത്യയുടെ 15ാമത്തെ ടെസ്റ്റ് ജയമാണ്. 13 ജയം നേടിയ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റിലി സ്‌റ്റേഡിയവും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനുമാണ് ഈ കണക്കില്‍ രണ്ടാം സ്ഥാനത്ത്.
ജയത്തോടെ വിരാട് കോലിക്കും നേട്ടമുണ്ടാക്കാനായി. നാട്ടില്‍ കൂടുതല്‍ ടെസ്റ്റ് ജയം നേടുന്ന ഇന്ത്യന്‍ നായകന്മാരുടെ പട്ടികയില്‍ എം എസ് ധോണിക്കൊപ്പമെത്താന്‍ കോലിക്കായി. ഇരുവരും 21 മത്സരത്തിലാണ് നാട്ടില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ വിരാട് കോലിക്ക് ഇനിയും കാത്തിരിക്കണം.
നിലവില്‍ 41 സെഞ്ച്വറിയുമായി റിക്കി പോണ്ടിങ്ങിനൊപ്പമാണ് കോലി. അവസാന 34 ഇന്നിങ്‌സിലും സെഞ്ച്വറി നേടാന്‍ സാധിക്കാത്ത കോലിക്ക് പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നക്കം കാണാനാവുമോയെന്ന് കാത്തിരുന്ന് കാണാം. 2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോലിയുടെ അവസാന സെഞ്ച്വറി പിറന്നത്.
തമിഴ്‌നാട് കാരനായ ആര്‍ അശ്വിനാണ് ചെന്നൈയില്‍ താരമായത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ അശ്വിന്‍ കളിയിലെ താരമായും തിരഞ്ഞെടുത്തു. രണ്ട് വിക്കറ്റ് കൂടി നേടിയിരുന്നെങ്കില്‍ ഒരു മത്സരത്തില്‍ 10 വിക്കറ്റും സെഞ്ച്വറിയും നേടുന്ന നാലാമത്തെ താരമായി മാറാന്‍ അശ്വിന് സാധിക്കുമായിരുന്നു.