അഹമ്മദാബാദ്: അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഇന്ത്യക്കായി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിലൂടെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയും നിരവധി തവണ തന്റെ മികവ് തെളിയിച്ച സൂര്യകുമാറിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ വൈകിയെങ്കിലും ലഭിച്ച ആദ്യ അവസരം തന്നെ മുതലാക്കാന്‍ താരത്തിനായി. എന്നാല്‍ താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം പിടിക്കുക പ്രയാസമാണ്.
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സൂര്യകുമാറും പരിഗണനയിലുണ്ടെങ്കിലും ഇടം പിടിക്കുമോ ഇല്ലെയോ എന്ന് കണ്ടറിയണം. ഇപ്പോഴിതാ തന്റെ ലോകകപ്പിനുള്ള ടീമില്‍ തീര്‍ച്ചയായും സൂര്യകുമാര്‍ യാദവ് ഉണ്ടായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.

ട്വിറ്ററിലൂടെയാണ് യുവരാജ് സൂര്യകുമാറിനെ പ്രശംസിച്ചത്. 'ഒരു ഐപിഎല്‍ മത്സരം കളിക്കുന്നപോലെ സൂര്യകുമാര്‍ കളിക്കുന്ന കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.എന്റെ ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും നീ ഉണ്ടാവും'-എന്നാണ് യുവരാജ് കുറിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ സൂര്യകുമാര്‍ പ്ലേയിങ് 11 ഇടം പിടിച്ചെങ്കിലും കളിക്കാനുള്ള ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.
മൂന്നാം മത്സരത്തില്‍ തഴയപ്പെട്ട താരം നാലാം മത്സരത്തില്‍ മൂന്നാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്. വിരാട് കോലി വിട്ടുനല്‍കിയ മൂന്നാം നമ്പറിലിറങ്ങിയ സൂര്യകുമാര്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി. 31 പന്തില്‍ 57 റണ്‍സെടുത്താണ് താരം പുറത്തായത്. ഐപിഎല്ലില്‍ അന്താരാഷ്ട്ര താരങ്ങളെ നേരിട്ട് മുന്‍പരിചയമുള്ളതിനാല്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് താരം ബാറ്റ് ചെയ്തത്. അംപയറുടെ തെറ്റായ തീരുമാനപ്രകാരം പുറത്തായെങ്കിലും തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിനായി.
നിലവില്‍ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ട് 2-2 തുല്യത പുലര്‍ത്തുകയാണ്. അഞ്ചാം മത്സരത്തിലെ വിജയിയാവും പരമ്പര സ്വന്തമാക്കുക. നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ സ്ഥാനം നിലനിര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ എന്നതാണ് പ്രധാന പ്രശ്‌നം. സൂര്യകുമാറിന് മൂന്നാം സ്ഥാനം വിട്ടുനല്‍കിയാല്‍ കോലി നാലാം നമ്പറിലേക്ക് ഇറങ്ങേണ്ടി വരുന്നു. അത് താരത്തിന്റെ പ്രകടനത്തെയും ടീമിന്റെ റണ്ണൊഴുക്കിനെയും ബാധിക്കുമെന്ന് ആശങ്കയുമുണ്ട്.
ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായാവും നടക്കുക. ഇത്തവണത്തെ ഐപിഎല്‍ ഇഷാന്‍ കിഷും സൂര്യകുമാര്‍ യാദവിനും വളരെ നിര്‍ണ്ണായകമാണ്. അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനായാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇരുവര്‍ക്കും സ്ഥാനം ഉറപ്പിക്കാനായേക്കും.