അഹമ്മദാബാദ്: സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ ക്രിക്കറ്റ് നിരീക്ഷണങ്ങളും അഭിപ്രായങ്ങളും സ്ഥിരമായി പങ്കുവെക്കുന്ന വ്യക്തികളിലൊരാളാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ട് താരങ്ങളെയടക്കം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്താറുണ്ട്. നാലാം ടി20യില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് പിന്നാലെ ഇന്ത്യയോടല്ല മുംബൈ ഇന്ത്യന്‍സിനോടാണ് ഇംഗ്ലണ്ട് തോറ്റതെന്ന തരത്തിലുള്ള പോസ്റ്റുമായി മൈക്കല്‍ വോണ്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മൈക്കല്‍ വോണിന്റെ ട്വീറ്ററിന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.
'നിങ്ങള്‍ പറയുന്നത് നിങ്ങളുടെ ടീം തോറ്റത് ഒരു ദേശീയ ടീമിനോടല്ല ഫ്രാഞ്ചൈസി ടീമിനോടാണ് എന്നതാണ്. നിങ്ങള്‍ നിങ്ങളുടെ എതിരാളികളെയല്ല പരിഹസിക്കുന്നത്, നിങ്ങളുടെ ടീമിനെത്തന്നെയാണ്'-എന്നായിരുന്നു ജാഫറിന്റെ മൈക്കല്‍ വോണിനുള്ള മറുപടി. നാലാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലുള്ള താരങ്ങളെല്ലാം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.

അവസാന നാല് ഓവറില്‍ ടീമിനെ നയിച്ചത് മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയാണ്. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററായ അരങ്ങേറ്റ താരം സൂര്യകുമാര്‍ യാദവ് (57) മുംബൈ ഇന്ത്യന്‍സിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയും നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചഹറും മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ്.

ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരങ്ങള്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കുന്നതിനാലാണ് ഇന്ത്യന്‍ ടീമിനെ പരിഹസിക്കുന്ന രീതിയില്‍ മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തത്. എന്തായാലും മൈക്കല്‍ വോണിന്റെ വായടപ്പിക്കുന്ന മറുപടി നല്‍കാന്‍ വസിം ജാഫറിന് സാധിച്ചു. ഇരുവരുടെയും ട്വീറ്റ് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. നാലാം ടി20യില്‍ 16ാം ഓവറിന് ശേഷം വിരാട് കോലി കളം വിട്ടതോടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രോഹിതാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവാണ് ഇംഗ്ലണ്ടിന്റെ കൈയില്‍ നിന്ന് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. ശര്‍ദുല്‍ ഠാക്കൂറിന് 17ാം ഓവറില്‍ പന്ത് നല്‍കിയത് നിര്‍ണ്ണായകമായി. തുടര്‍ച്ചയായ പന്തുകളില്‍ ബെന്‍ സ്റ്റോക്‌സിനെയും ഓയിന്‍ മോര്‍ഗനെയും മടക്കി ശര്‍ദുലാണ് മത്സരത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്.