IND vs ENG T20: രണ്ട് മാസം പുറത്തിരുന്നു, താളം നഷ്ടപ്പെട്ട് കെ എല്‍ രാഹുല്‍, വമ്പന്‍ നാണക്കേട്
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സുമായി വിജയലക്ഷ്യം മറികടന്നു. ഇന്ത്യക്കായി അരങ്ങേറ്റ താരം ഇഷാന്‍ കിഷന്‍ (56), വിരാട് കോലി (73*), റിഷഭ് പന്ത് (26), ശ്രേയസ് അയ്യര്‍ (8*) എന്നിവരെല്ലാം തിളങ്ങിയപ്പോള്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തി.
ആദ്യ ഓവറിലെ അവസാന പന്തില്‍ പൂജ്യത്തിനാണ് രാഹുല്‍ മടങ്ങിയത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ നിരയില്‍ ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ് രാഹുല്‍. ത്രീ ലയണ്‍സിനെതിരേ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള രാഹുല്‍ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ പതിയെ തുടങ്ങി വമ്പന്‍ ഷോട്ടിലേക്ക് ഗിയര്‍ മാറ്റാനുള്ള രാഹുലിന്റെ പദ്ധതി പാളുകയായിരുന്നു. സാം കറാന്റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ ബാറ്റുവെച്ച രാഹുല്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കുകയായിരുന്നു.
ഇത് മൂന്നാം തവണയാണ് രാഹുല്‍ പൂജ്യത്തിന് പുറത്താവുന്നത്. 2016ല്‍ സിംബാബ്‌വെയ്‌ക്കെതിരെയാണ് ആദ്യമായി പൂജ്യത്തിന് പുറത്തായത്. 2020ല്‍ ഓസ്‌ട്രേലിയക്കെതിരെയും അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങിയ രാഹുല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെയും പൂജ്യത്തിന് പുറത്തായി. അവസാന മൂന്ന് ടി20 ഇന്നിങ്‌സിലും രണ്ടക്കം കാണാന്‍ രാഹുലിന് സാധിച്ചിട്ടില്ല. താരത്തിന്റെ 43 ഇന്നിങ്‌സില്‍ ഇത് ആദ്യമായാണ് തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സില്‍ രണ്ടക്കം കാണാനാവാതെ രാഹുല്‍ മടങ്ങുന്നത്.

അവസാന സീസണിലെ ഐപിഎല്ലിലെ ഓറഞ്ച് ക്യാപിന് ഉടമയുമായ കെ എല്‍ രാഹുല്‍ ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പരമ്പരയ്ക്ക് ശേഷം ഇപ്പോഴാണ് കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും രാഹുലിന് അവസരം ഉണ്ടായിരുന്നില്ല. ഏറെ നാള്‍ പുറത്തിരുന്നതിന് ശേഷം കളിക്കാനിറങ്ങിയതാണ് രാഹുലിന് തിരിച്ചടിയായത്. വരുന്ന മത്സരത്തില്‍ രാഹുല്‍ ഫോം വീണ്ടെടുക്കുമെന്നാണ് ആരാധക പ്രതീക്ഷ.
ഓപ്പണറായി അരങ്ങേറ്റിയ ഇഷാന്‍ കിഷന്‍ അടുത്ത മത്സരത്തിലും തിളങ്ങിയാല്‍ രോഹിത് ശര്‍മ വരുമ്പോള്‍ രാഹുലിന് ബെഞ്ചിലിരിക്കേണ്ടി വരും. അതിനാല്‍ രാഹുലിന് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രാഹുലിനെയും രോഹിതിനെയുമാണ് ഇന്ത്യ മുഖ്യ ഓപ്പണര്‍മാരായി കാണുന്നത്. എന്നാല്‍ അവസരം കാത്ത് നിരവധി പ്രതിഭാശാലികള്‍ പുറത്തുള്ളതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് തിളങ്ങേണ്ടത് അത്യാവശ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications