അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. വൈകീട്ട് ഏഴ് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വരുണ്‍ ചക്രവര്‍ത്തി,സൂര്യകുമാര്‍ യാദവ്,രാഹുല്‍ തെവാത്തിയ എന്നിവരെയാണ് പുതുമുഖങ്ങളായി ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിന് അരങ്ങേറാന്‍ അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അരങ്ങേറുന്ന വിവരം സ്ഥിരീകരിച്ച് സൂര്യകുമാര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ഇട്ടിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ സൂര്യകുമാര്‍ കളിക്കുമെന്നാണ് വിവരം. ഏറെ നാളുകളായി ഐപിഎല്ലില്‍ തിളങ്ങുന്ന സൂര്യകുമാറിന് ആദ്യമായാണ് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. അവസാന സീസണിലെ ഐപിഎല്ലിലും തിളങ്ങിയതോടെ സൂര്യകുമാറിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയിലേക്ക് താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു.

മുംബൈക്കൊപ്പം ടോപ് ഓഡറിലാണ് സൂര്യകുമാര്‍ തിളങ്ങുന്നത്. എന്നാല്‍ നേരത്തെ മധ്യനിരയിലും താന്‍ കേമനാണെന്ന് കെകെആറിനൊപ്പം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ എത്താനാണ് സാധ്യത കൂടുതല്‍. മൈതാനത്ത് ഏത് വശത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ മികവുള്ള സൂര്യകുമാറിന്റെ സമീപകാലത്തെ പ്രകടനം അത്ര മികച്ചതല്ല. ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങിയാല്‍ മാത്രമെ ടി20 ലോകകപ്പ് ടീമില്‍ സൂര്യകുമാറിന് ഇടം പ്രതീക്ഷിക്കാനാവു.
നാലാം നമ്പറില്‍ സൂര്യകുമാറിന് വെല്ലുവിളി ഉയര്‍ത്തുന്നത് ശ്രേയസ് അയ്യരാണ്. ഇന്ത്യയുടെ ഭാവി നായകനായിവരെ പരിഗണിക്കുന്ന ശ്രേയസിനെ ഇന്ത്യ തഴയാനുള്ള സാധ്യത കുറവാണ്. അതിനാല്‍ ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കുക ഇംഗ്ലണ്ട് പരമ്പരയിലും വരാനിരിക്കുന്ന ഐപിഎല്ലിലും തിളങ്ങുന്ന താരമായിരിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷവും ശ്രേയസും സൂര്യകുമാറും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
2018ല്‍ സൂര്യകുമാര്‍ 36.57 ശരാശരിയിലും 133.33 സ്‌ട്രൈക്കറേറ്റിലും 512 റണ്‍സ് നേടിയപ്പോള്‍ 37.36 ശരാശരിയിലും 132.58 സ്‌ട്രൈക്കറേറ്റിലും 411 റണ്‍സാണ് ശ്രേയസ് നേടിയത്. 2019ല്‍ ശ്രേയസ് 463 റണ്‍സും സൂര്യകുമാര്‍ 424 റണ്‍സും 2020ല്‍ ശ്രേയസ് 519 റണ്‍സും സൂര്യകുമാര്‍ 480 റണ്‍സുമാണ് നേടിയത്. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കുക.
ഇന്ത്യ സാധ്യതാ ഇലവന്‍-രോഹിത് ശര്‍മ,കെഎല്‍ രാഹുല്‍,വിരാട് കോലി,ശ്രേയസ് അയ്യര്‍,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ,അക്ഷര്‍ പട്ടേല്‍,ഭുവനേശ്വര്‍ കുമാര്‍,യുസ്‌വേന്ദ്ര ചഹാല്‍,ദീപക് ചഹാര്‍