IND vs ENG T20: ഇന്ത്യക്ക് വിജയം സമ്മാനിക്കാന്‍ കരുത്തായത് രോഹിതിന്റെ ഉപദേശം- ശര്‍ദുല്‍
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 യില്‍ ആവേശ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലര്‍ മത്സരത്തില്‍ ശര്‍ദുല്‍ ഠാക്കൂറിന്റെ ബൗളിങ്ങാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. 17ാം ഓവറില്‍ ബെന്‍ സ്‌റ്റോക്‌സിനെയും ഓയിന്‍ മോര്‍ഗനെയും തുടര്‍ച്ചയായ പന്തുകളില്‍ ശര്‍ദുല്‍ പുറത്താക്കിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. അവസാന ഓവറില്‍ ക്രിസ് ജോര്‍ദാന്റെ വിക്കറ്റടക്കം നേടി ഇംഗ്ലണ്ടിനെ വിജയത്തില്‍ നിന്ന് തടുത്തത് ശര്‍ദുലായിരുന്നു.
ഇപ്പോഴിതാ തന്റെ മാച്ച് വിന്നിങ് പ്രകടനത്തിന് ആത്മവിശ്വാസം നല്‍കിയത് രോഹിത് ശര്‍മയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശര്‍ദുല്‍ ഠാക്കൂര്‍. 16ാം ഓവറില്‍ വിരാട് കോലി കളം വിട്ടതിന് പിന്നാലെ രോഹിത് ശര്‍മയാണ് ടീമിനെ നയിച്ചത്. പിന്നീടാണ് കളി ഇന്ത്യക്ക് അനുകൂലമായി മാറിയതും. 'നിന്റെ ശക്തി തിരിച്ചറിയാനും ആലോചിച്ച് പന്തെറിയാനും രോഹിത് പറഞ്ഞു. ഗ്രൗണ്ടിന്റെ ഒരു സൈഡ് വലുതാണെന്നും അതിനനുസരിച്ച് പദ്ധതി നടപ്പിലാക്കാനും രോഹിത് പറഞ്ഞു'-മത്സരശേഷം ശര്‍ദുല്‍ ഠാക്കൂര്‍ പറഞ്ഞു.

നാല് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തെങ്കിലും മൂന്ന് സുപ്രധാന വിക്കറ്റ് വീഴ്ത്താന്‍ ശര്‍ദുല്‍ ഠാക്കൂറിനായി.നാല് ഫോറും 2 സിക്‌സും താരം വഴങ്ങി. അവസാന ഓവറില്‍ ഓഫ് സൈഡ് പന്തെറിയാന്‍ ശ്രമിച്ച് തുടര്‍ച്ചയായി രണ്ട് വൈഡും എറിഞ്ഞു. ഭുവനേശ്വര്‍ കുമാറിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും ബൗളിങ് പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമായി.
ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ ഇരുവര്‍ക്കുമായി. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. യുസ് വേന്ദ്ര ചഹാലിന് പകരം അരങ്ങേറ്റത്തിന് അവസരം ലഭിച്ച രാഹുല്‍ ചഹാര്‍ 4 ഓവറില്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 52 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.
അവസാന ഓവറുകളിലെ ഫീല്‍ഡിങ് പ്ലേയ്‌സ്‌മെന്റും ഹര്‍ദിക് പാണ്ഡ്യയുടെ ഓവറും മത്സരത്തില്‍ നിര്‍ണ്ണായകമായി. ഇംഗ്ലണ്ടിനെ അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ രോഹിതിന്റെ തീരുമാനങ്ങളിലൂടെ സാധിച്ചു. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രചോദനം നല്‍കുന്ന ജയമാണിത്. ആദ്യ മൂന്ന് മത്സരവും ടോസ് നേടിയ ടീം ജയിച്ചപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അഞ്ച് മത്സര പരമ്പര 2-2 എന്ന നിലയിലായതോടെ അവസാന മത്സരം പരമ്പര വിജയിയെ തീരുമാനിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications