IND vs ENG T20: കോലി ഓപ്പണ്‍ ചെയ്യുന്നത് ടീമിന് ഗുണം ചെയ്യുമോ? രോഹിത് ശര്‍മ പറയുന്നു
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയിരിക്കുകയാണ്. ആവേശ മത്സരത്തില്‍ സന്ദര്‍ശകരെ 36 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. പരമ്പര വിജയിയെ തീരുമാനിക്കുന്ന അഞ്ചാം മത്സരത്തില്‍ ഇന്ത്യ നടത്തിയ പരീക്ഷണങ്ങളെല്ലാം വിജയിക്കുകയായിരുന്നു. കെ എല്‍ രാഹുലിനെ ഒഴിവാക്കി വിരാട് കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത് ഏവരേയും അത്ഭുതപ്പെടുത്തിയെങ്കിലും വളരെ ഫലപ്രദമായ തീരുമാനമായിരുന്നു അത്.
ഇപ്പോഴിതാ വിരാട് കോലി ഓപ്പണറായി എത്തുന്നത് ടീമിന് ഗുണം ചെയ്യുമോയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. തനിക്കൊപ്പം കോലി ഓപ്പണ്‍ ചെയ്യുന്നതാണ് ടീം ബാലന്‍സിന് നല്ലതെന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്. ഇരുവരും ചേര്‍ന്ന് അഞ്ചാം ടി20യില്‍ 94 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
'ഇത്തരമൊരു ബാറ്റിങ് ഓഡര്‍ ടീമിന് വിജയം സമ്മാനിക്കാന്‍ വളരെ നിര്‍ണ്ണായകമാണ്. കോലി എനിക്കൊപ്പം ഓപ്പണ്‍ ചെയ്യുന്നത് ടീമിന്റെ സംതുലിതാവസ്ഥക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. എല്ലാവരുമായി ആലോചിച്ച് കാര്യങ്ങള്‍ അനുകൂലമായാല്‍ ഇതേ രീതിയില്‍ മുന്നോട്ട് പോകും. എന്നാല്‍ ക്യാപ്റ്റന്‍ എന്ത് ചിന്തിക്കുന്നു എന്നത് വളരെ നിര്‍ണ്ണായകമാണ്'-രോഹിത് പറഞ്ഞു.

ടീമിന് പുറത്ത് എന്ത് നടക്കുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. അവര്‍ പുറത്തിരുന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ആളുകളെ ആരെ കളിപ്പിക്കണം കളിപ്പിക്കരുത് എന്ന് പറയുന്നത് ടീമിനെ ബാധിക്കുന്ന കാര്യമേ അല്ല. ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ മികച്ച ഫോമിലുള്ളവര്‍ക്ക് അവസരം കൊടുക്കേണ്ടതായിട്ടുണ്ട്. ഏകദിന പരമ്പരയില്‍ വിരാട് കോലി ഓപ്പണറാവുമെന്ന് കരുതുന്നില്ല.
ടി20 ലോകകപ്പിന് മുമ്പ് കാര്യങ്ങള്‍ ഇനിയും മാറി മറിയും. നിര്‍ണ്ണായകമായ അഞ്ചാം മത്സരത്തില്‍ ഒരു അധിക ബൗളറെ ടീമിന് ആവിശ്യമായിരുന്നു. അതിനാല്‍ ഒരാളെ പുറത്താക്കണമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അപ്പോഴത്തെ ഫോമില്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. എന്നാല്‍ ഇത് ടി20 ലോകകപ്പില്‍ രാഹുല്‍ ഉണ്ടാകില്ല എന്നല്ല സൂചിപ്പിക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
ഇത്തവണ ടി20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നതെന്നത് ടീമിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നിവര്‍ മികച്ച ഫോമില്‍ കളിച്ചതോടെ ടീം തിരഞ്ഞെടുപ്പ് വളരെ ദുഷ്‌കരമായിരിക്കുകയാണ്. ഓപ്പണറായി രാഹുലിന് ഫോം വീണ്ടെടുക്കാനായില്ലെങ്കില്‍ രോഹിത്-കോലി അല്ലെങ്കില്‍ രോഹിത് -ഇഷാന്‍ ഓപ്പണിങ് കൂട്ടുകെട്ട് പരിഗണിക്കപ്പെട്ടേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications