
അരങ്ങേറ്റത്തില്‍ കസറി സൂര്യകുമാര്‍ യാദവ്
കാത്തിരിപ്പ് അവസാനിപ്പിച്ച് അരങ്ങേറ്റത്തിന് അവസരം ലഭിച്ചപ്പോള്‍ അത് നന്നായി മുതലാക്കാന്‍ സൂര്യകുമാറിനായി. 31 പന്തില്‍ 57 റണ്‍സെടുത്താണ് സൂര്യകുമാര്‍ പുറത്തായത്. ഇതോടെ ഇന്ത്യക്കായി അരങ്ങേറ്റ ടി20 മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമായിരിക്കുകയാണ് അദ്ദേഹം.അജിന്‍ക്യ രഹാനെ,റോബിന്‍ ഉത്തപ്പ,രോഹിത് ശര്‍മ,ഇഷാന്‍ കിഷന്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.
നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്താന്‍ സൂര്യകുമാറിനായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റ ടി20 മത്സരത്തിലെ ആദ്യ പന്ത് സിക്‌സര്‍ നേടുന്ന എട്ടാമത്തെ താരവും ആദ്യത്തെ ഇന്ത്യന്‍ താരവും കൂടിയാണ് സൂര്യകുമാര്‍ യാദവ്.

റെക്കോഡ് ബുക്കില്‍ പുതിയ നേട്ടവുമായി രോഹിതും
ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. ആദ്യമായാണ് ടി20യില്‍ ഒരു ഇന്ത്യന്‍ താരം ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തുന്നത്. 12 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 12 റണ്‍സാണ് രോഹിത് നേടിയത്. നാട്ടില്‍ ടി20യില്‍ 50 സിക്‌സര്‍ പൂര്‍ത്തിയാക്കാനും രോഹിത്തിനായി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്.

ഹര്‍ദിക്കിന്റെ മികച്ച ബൗളിങ്
ഭുവനേശ്വര്‍ കുമാറിനൊപ്പം ന്യൂബോള്‍ എറിഞ്ഞ ഹര്‍ദിക് പാണ്ഡ്യ അവസാന പവര്‍പ്ലേയിലും പന്തുമായി ഇന്ത്യക്ക് കരുത്ത് പകര്‍ന്നു. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഹര്‍ദിക് നേടിയത്. ഇക്കോണമിയുടെ അടിസ്ഥാനത്തില്‍ ഹര്‍ദിക്കിന്റെ ടി20 കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ഹര്‍ദിക് 8 പന്തില്‍ 11 റണ്‍സാണ് നേടിയത്.

വാഷിങ്ടണ്‍ സുന്ദറിന് നാണക്കേട്
ടി20യില്‍ ഇന്ത്യയുടെ വിശ്വസ്തനായ പവര്‍പ്ലേ ബൗളറാണ് വാഷിങ്ടണ്‍ സുന്ദര്‍. എന്നാല്‍ നാലാം മത്സരത്തില്‍ നന്നായി തല്ലുവാങ്ങി. നാല് ഓവറില്‍ 52 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ടി20യിലെ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മോശം രണ്ടാമത്തെ ബൗളിങ് പ്രകടനമാണിത്. ടി20യിലെ താരത്തിന്റെയും ഏറ്റവും മോശം പ്രകടനമാണിത്.

ആദ്യമായി സ്റ്റംപിങ്ങില്‍ പുറത്തായി കോലി
അവസാന രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോലിക്ക് നാലാം മത്സരത്തില്‍ കാലിടറി. 5 പന്തില്‍ 1 റണ്‍സ് മാത്രമെടുത്ത കോലിയെ ആദില്‍ റഷീദിന്റെ പന്തില്‍ ജോസ് ബട്‌ലര്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. ഇത് ആദ്യമായാണ് ടി20 കരിയറില്‍ വിരാട് കോലി സ്റ്റംപിങ്ങിലൂടെ പുറത്താവുന്നത്. സ്പിന്നര്‍ ആദില്‍ റഷീദിന് മുന്നില്‍ ഒരിക്കല്‍ക്കൂടി കോലി കീഴടങ്ങി. സ്പിന്നിനെ നേരിടാന്‍ ഇപ്പോള്‍ കോലി വളരെ പ്രയാസപ്പെടുന്നു.


Click it and Unblock the Notifications