IND vs ENG T20: അവസാന 5മത്സരത്തിലെ ടോപ് സ്‌കോറര്‍, ആദ്യ രണ്ട് സ്ഥാനത്തും ഇംഗ്ലണ്ട് താരങ്ങള്‍
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മറ്റൊരു ടി20 പോരാട്ടത്തിന് ഇന്ന് തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യയും ഇംഗ്ലണ്ടും തുല്യ ശക്തികളാണ്. 17 തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണ വീതം ഇരു ടീമും ജയിച്ചു. ടെസ്റ്റ് പരമ്പര തോറ്റ് നില്‍ക്കുന്ന ഇംഗ്ലണ്ടിനെ സംബന്ധിച്ച് ടി20 പരമ്പര അഭിമാന പ്രശ്‌നമാണ്. ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന അഞ്ച് മത്സരത്തിലെ ടോപ് സ്‌കോറര്‍മാരെ പരിചയപ്പെടാം.

ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് ടോപ് സ്‌കോറര്‍. 59 ശരാശരിയില്‍ 236 റണ്‍സാണ് അവസാന അഞ്ച് ടി20യില്‍ നിന്ന് ഇന്ത്യക്കെതിരേ മലാന്‍ നേടിയത്. 150 എന്ന വെടിക്കെട്ട് സ്‌ട്രൈക്കറേറ്റും മലാന്റെ പേരിലുണ്ട്. ഇത്തവണയും ഡേവിഡ് മലാന്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ് മലാന്‍.

പട്ടികയിലെ രണ്ടാംസ്ഥാനത്ത് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറാണ്. 72 ശരാശരിയില്‍ 217 റണ്‍സാണ് ബട്‌ലര്‍ നേടിയിട്ടുള്ളത്. 148 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റും മലാന്റെ പേരിലുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരമാണ് ബട്‌ലര്‍. അതിനാല്‍ത്തന്നെ ഇന്ത്യക്ക് കടുത്ത ഭീഷണി ഉയര്‍ത്താന്‍ ബട്‌ലര്‍ക്ക് സാധിക്കും.

മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാണ്. ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡുള്ള രോഹിത് അവസാന അഞ്ച് ടി20യില്‍ നിന്ന് 53 ശരാശരിയില്‍ നേടിയത് 211 റണ്‍സാണ്. 166 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇന്ന് രോഹിതും കെ എല്‍ രാഹുലും ചേര്‍ന്നാവും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

നാലാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. 37 ശരാശരിയില്‍ 183 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 141 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. സമീപകാലത്തായി മോശം ഫോമിലുള്ള കോലിക്ക് ടി20 പരമ്പരയില്‍ തിളങ്ങി വിമര്‍ശകരുടെ വായടപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഇംഗ്ലണ്ട് പരമ്പര കോലിക്ക് വളരെ പ്രധാനപ്പെട്ടതാണ്.

അഞ്ചാം സ്ഥാനത്ത് കെ എല്‍ രാഹുലാണ്. ധവാനെ തഴഞ്ഞ് ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങുന്ന രാഹുല്‍ 33 ശരാശരിയില്‍ 165 റണ്‍സാണ് നേടിയത്. 134 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ശിഖര്‍ ധവാനും 33 ശരാശരിയില്‍ 165 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ 129 മാത്രമാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications