IND vs ENG T20: റണ്‍വേട്ടക്കാരില്‍ ആര് ഒന്നാമതെത്തും? കോലിയെ കടത്തിവെട്ടാന്‍ ജേസന്‍ റോയ്
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 2-2 എന്ന നിലയിലാണ്. ഇരു ടീമും പ്രതിഭാശാലികളായ താരങ്ങളാല്‍ സമ്പന്നമായതിനാല്‍ ഭാഗ്യം തുണയ്ക്കുന്ന ടീമിനൊപ്പം പരമ്പരയും നിന്നേക്കും. റണ്‍വേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും തലപ്പത്തെത്താന്‍ ആവേശ പോരാട്ടം തന്നെ നടക്കുന്നുണ്ട്.

അഞ്ചാം മത്സരം ആരംഭിക്കാനിരിക്കെ നിലവില്‍ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിട്ട് നില്‍ക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. റണ്‍വേട്ടക്കാരില്‍ തലപ്പത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ഡക്കില്‍ പുറത്തായി തുടങ്ങിയ കോലി രണ്ടും മൂന്നും മത്സരത്തില്‍ നേടിയ അര്‍ധ സെഞ്ച്വറി ഉള്‍പ്പടെ 151 റണ്‍സാണ് നേടിയിട്ടുള്ളത്. അവസാന മത്സരത്തില്‍ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവും.

രണ്ടാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസന്‍ റോയിയാണ്. 144 റണ്‍സാണ് ജേസന്‍ റോയി നേടിയത്. ഒരു തവണ പോലും അര്‍ധ സെഞ്ച്വറി നേടാനായില്ലെങ്കിലും മൂന്ന് മത്സരത്തില്‍ 40ന് മുകളില്‍ സ്‌കോര്‍ നേടാന്‍ ജേസന്‍ റോയിക്കായി. ഇന്ന് കോലിയെ കടത്തിവെട്ടുന്ന പ്രകടനം കാഴ്ചവെക്കാന്‍ ജേസന്‍ റോയിക്കാവുമോയെന്ന് കണ്ടറിയാം. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരാണ്. 121 റണ്‍സാണ് ശ്രേയസ് നേടിയത്.

വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചറാണ്. ഏഴ് വിക്കറ്റാണ് ആര്‍ച്ചര്‍ നേടിയത്. നാലാം മത്സരത്തില്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയതാണ് ആര്‍ച്ചറിന് കരുത്തായത്. അഞ്ചാം മത്സരത്തിലും ആര്‍ച്ചറുടെ ബൗളിങ്ങാണ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത്. അസാധ്യ വേഗവും ലെങ്തും ആര്‍ച്ചറിന്റെ ബൗളിങ്ങിലുണ്ട്.

രണ്ടാം സ്ഥാനത്ത് രണ്ട് താരങ്ങളുണ്ട്. ഇംഗ്ലണ്ടിന്റെ പേസര്‍ മാര്‍ക്ക് വുഡും ഇന്ത്യയുടെ ശര്‍ദുല്‍ ഠാക്കൂറും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്. മാര്‍ക്ക് വുഡ് തുടര്‍ച്ചയായി 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന താരമാണ്. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് ന്യൂബോളില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ് മാര്‍ക്ക് വുഡ്. നാലാം ടി20യില്‍ ഇന്ത്യ വിജയിച്ചത് ശര്‍ദുല്‍ ഠാക്കൂറിന്റെ ബൗളിങ് മികവിലാണ്.

നാലാം മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. തുടര്‍ച്ചയായ പന്തുകളില്‍ ബെന്‍ സ്‌റ്റോക്‌സിനെയും ഓയിന്‍ മോര്‍ഗനെയും പുറത്താക്കിയ ശര്‍ദുല്‍ അവസാന ഓവറില്‍ ക്രിസ് ജോര്‍ദാനെയും മടക്കി. അഞ്ചാം മത്സരത്തില്‍ മികച്ച പ്രകടനം നടത്തുന്ന ബൗളര്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തും. ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഇംഗ്ലണ്ടിന് ഇപ്പോള്‍ പരമ്പര നേടാനായാല്‍ അത് വലിയ നേട്ടമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications