അഹമ്മാദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര പുരോഗമിക്കുകയാണ്. ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്നത് ഇംഗ്ലണ്ടാണ്. ഇന്ന് നാലാം മത്സരം നടക്കാനിരിക്കെ ആതിഥേയരായ ഇന്ത്യയെക്കാള്‍ മാനസിക ആധിപത്യം ഇംഗ്ലണ്ടിനാണ്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായക ഘടകവുമാണ്. ആതിഥേയരായിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഇന്ത്യയുടെ ഈ ടി20 ടീം പോരെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.
നിലവിലെ ഇന്ത്യയുടെ ടി20 ടീം ഏറ്റവും ശക്തമായതല്ലെന്നും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ടീം അതിശക്തരായി മാറുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ടി20യില്‍ നിലവിലെ ഇന്ത്യന്‍ ടീം അത്ര മികച്ചതല്ല. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും എത്തിയാല്‍ ടീം മികച്ചതായി മാറും. ജഡേജയിലൂടെ ഒരു അധിക ബൗളിങ് ഓപ്‌ഷെയും മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാനെയുമാണ് ടീമിന് ലഭിക്കുന്നത്. ജസ്പ്രീത് ബൂംറ ലോകോത്തര ബൗളറാണ്'-മൈക്കല്‍ പറഞ്ഞു.

ഇന്ത്യയുടെ ടി20 ടീമിലെ പ്രധാന താരങ്ങളാണ് ഇരുവരും. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ വിശ്രമത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ജഡേജ കളിച്ചിരുന്നില്ല. ഏകദിന പരമ്പരയില്‍ ജഡേജ കളിച്ചേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഐപിഎല്‍ വരാനിരിക്കെ ജഡേജ കൂടുതല്‍ വിശ്രമം എടുക്കാനും സാധ്യതകൂടുതലാണ്.
ജസ്പ്രീത് ബുംറ വിവാഹം കഴിക്കുന്നതിനായാണ് ടീമില്‍ നിന്ന് വിശ്രമം എടുത്തത്. ഐപിഎല്ലില്‍ അവതാരികയായ സഞ്ജന ഗണേശനെയാണ് ബുംറ വിവാഹം കഴിച്ചത്. അതിനാല്‍ ടി20 പരമ്പരയില്‍ നിന്ന് ബുംറ വിട്ടുനിന്നത്. ഏകദിന പരമ്പരയിലും ബുംറ കളിക്കില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാവും ബുംറ വീണ്ടും കളത്തിലിറങ്ങുകയെന്നാണ് വിവരം.
ടി20യില്‍ ബാറ്റിങ് ഓഡറില്‍ ഇന്ത്യ മാറ്റം വരുത്തിയതിനെയും മൈക്കല്‍ വോണ്‍ വിമര്‍ശിച്ചു. 'അവസാന മത്സരത്തില്‍ നന്നായി കളിച്ച താരങ്ങളുടെ ബാറ്റിങ് പൊസിഷന്‍ മാറ്റിയതെന്തിനെന്ന് മനസിലാകുന്നില്ല. ഓപ്പണറായി ഇറക്കിയ ഇഷാനെ മൂന്നാം നമ്പറിലേക്കും മൂന്നാം നമ്പറില്‍ മനോഹരമായി കളിച്ച കോലി നാലാം നമ്പറിലേക്കും പോയി. മികച്ച രീതിയില്‍ കളിച്ച താരങ്ങള്‍ക്ക് അതേ സ്ഥാനം നല്‍കി കെ എല്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കുകയാണ് വേണ്ടിയിരുന്നത്'-വോണ്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ ജീവന്‍മരണ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്‌നം. മോശം ഫീല്‍ഡിങ്ങിലും യുസ്‌വേന്ദ്ര ചഹാല്‍ തല്ലുവാങ്ങിക്കൂട്ടുന്നതും ഇന്ത്യയുടെ ആശങ്കകളുയര്‍ത്തുന്നു.