അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ലോകം മുഴുവന്‍ ആരാധകരുള്ള താരങ്ങളിലൊരാളാണ്. ക്യാപ്റ്റനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്ന കോലി യുവതാരങ്ങളുടെ വളര്‍ച്ചയ്ക്കായി വലിയ പിന്തുണ നല്‍കാറുമുണ്ട്. മുഹമ്മദ് സിറാജ്,യുസ് വേന്ദ്ര ചഹാല്‍,കുല്‍ദീപ് യാദവ് തുടങ്ങിയ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയതില്‍ കോലിയുടെ പങ്ക് വലുതാണ്.
സ്വാര്‍ത്ഥനല്ലാത്ത ക്യാപ്റ്റനാണ് കോലിയെന്ന് തന്റെ കരിയറുകൊണ്ട് അദ്ദേഹം തെളിയിച്ചതാണ്. തന്റെ മൂന്നാം നമ്പര്‍ ബാറ്റിങ് സ്ഥാനം സഹതാരങ്ങള്‍ക്കായി പലതവണ വിട്ടുകൊടുത്തത് അതിനുള്ള ഏറ്റവും വലിയ തെളിവാണ്. ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ മൂന്നാം നമ്പര്‍ സൂര്യകുമാറിന് വിട്ടുകൊടുത്ത് നാലാം നമ്പറിലാണ് കോലി ബാറ്റിങ്ങിനിറങ്ങിയത്. യുവതാരങ്ങള്‍ക്കായി കോലി തന്റെ മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ വിട്ടുകൊടുത്തതിന്റെ കണക്കുകളിതാ.

സുരേഷ് റെയ്‌നയ്ക്കായാണ് കൂടുതല്‍ തവണ കോലി തന്റെ മൂന്നാം സ്ഥാനം വിട്ടുകൊടുത്തത്. ഏഴ് തവണ കോലി ഈ ത്യാഗം ചെയ്തത്. തനിക്ക് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനായിട്ടും സഹതാരങ്ങളുടെ വളര്‍ച്ചയ്ക്കായാണ് കോലി ഇത്തരമൊരു വിട്ടുവീഴ്ച ചെയ്തത്. ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ തിളങ്ങിയിരുന്നതിനാലാണ് കോലി റെയ്‌നയ്ക്കായി മൂന്നാം സ്ഥാനം വിട്ടുകൊടുത്തത്.
കെ എല്‍ രാഹുലിനായി നാല് തവണയാണ് കോലി മൂന്നാം സ്ഥാനം വിട്ടുകൊടുത്തത്. നിലവില്‍ രാഹുല്‍ ഓപ്പണറാണെങ്കിലും കരിയറിന്റെ തുടക്കത്തില്‍ മധ്യനിര താരമായിരുന്നു. പിന്നീട് ടോപ് ഓഡര്‍ താരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കോലി വഹിച്ച പങ്ക് വലുതാണ്. ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,ശിവം ദുബെ എന്നിവര്‍ക്ക് വേണ്ടി രണ്ട് തവണ വീതവും കോലി മൂന്നാം സ്ഥാനം നല്‍കിയിട്ടുണ്ട്.
മധ്യനിര ബാറ്റ്‌സ്മാന്‍മാരായ ശ്രേയസിനും റിഷഭിനുമെല്ലാം ടോപ് ഓഡറില്‍ അവസരം നല്‍കി പരീക്ഷണം നടത്തിയെങ്കിലും അവര്‍ക്ക് അനുയോജ്യം മധ്യനിര തന്നെയാണെന്ന് പ്രകടനത്തിലൂടെ വ്യക്തമായി. ശ്രേയസ് നാലാം നമ്പറിലും റിഷഭ് അഞ്ചാം നമ്പറിലുമാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. ഇരുവരും നാലാം ടി20യില്‍ ഇന്ത്യക്കായി തിളങ്ങിയിരുന്നു.
സഞ്ജു സാംസണ്‍,ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കായി ഓരോ തവണയും കോലി തന്റെ മൂന്നാം നമ്പര്‍ സ്ഥാനം വിട്ടുനല്‍കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇഷാന് മൂന്നാം നമ്പറില്‍ അവസരം ലഭിച്ചപ്പോള്‍ തിളങ്ങാനായില്ല. എന്നാല്‍ നാലാം ടി20യില്‍ മൂന്നാം നമ്പറില്‍ അവസരം ലഭിച്ച സൂര്യകുമാര്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമായി.