ബംഗളൂരു: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര 12ന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് കടുത്ത തിരിച്ചടി. ടീമിന്റെ യുവ പേസറും ഏക ഇടം കൈയന്‍ പേസറുമായ ടി നടരാജന്‍ ആദ്യ മത്സരം കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പരിക്കിനെത്തുടര്‍ന്ന് നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ് നടരാജനുള്ളത്.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 12വരെ എന്‍സിഎയില്‍ നടരാജന്‍ നിരീക്ഷണത്തില്‍ തുടരുമെന്നാണ് വിവരം. ഇതിന് ശേഷം നടക്കുന്ന പരിശോധനയില്‍ മാത്രമെ നടരാജന് എന്ന് തിരിച്ചുവരാന്‍ സാധിക്കുമെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരികയുള്ളു. എന്നാല്‍ ഇത് സംബന്ധിച്ച് ബിസിസി ഐ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ഐപിഎല്‍ 13ാം സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ നടരാജനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും പരിഗണിച്ചു. നെറ്റ്‌സ് ബൗളറായി പോയ നട്ടു മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. യോര്‍ക്കറുകള്‍കൊണ്ട് വിസ്മയിപ്പിക്കുന്ന നടരാജന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന സീസണിലെ ഐപിഎല്ലില്‍ കൂടുതല്‍ യോര്‍ക്കര്‍ എറിഞ്ഞ ബൗളര്‍ നടരാജനായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാതിരുന്ന നടരാജന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാട് ടീമില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബിസിസി ഐയുടെ ആവിശ്യപ്രകാരം തമിഴ്‌നാട് ടീമില്‍ നിന്ന് നടരാജനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നിലവില്‍ അദ്ദേഹം പരിക്കിന്റെ പിടിയിലാണെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ച 19 അംഗ ടീമിലെ ഏക ഇടം കൈയന്‍ പേസറാണ് നടരാജന്‍.
ടി20 ലോകകപ്പ് വരാനിരിക്കെ നടരാജന് മികച്ച ടീമുകള്‍ക്കെതിരേ കളിച്ച് അനുഭവസമ്പത്ത് ഉണ്ടാകേണ്ടതുണ്ട്. ഇത്തവണത്തെ ഐപിഎല്‍ നടരാജനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ നടരാജന്‍ ഇടം കൈയന്‍ പേസറാണെന്നതാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത. നിലവില്‍ അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റൊരു ഇടം കൈയന്‍ പേസറും ഇന്ത്യന്‍ നിരയിലില്ല.
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. മാര്‍ച്ച് 28നാണ് പരമ്പര അവസാനിക്കുന്നത്. ഏപ്രില്‍ 9ന് ഐപിഎല്ലിന്റെ നാലാം സീസണ്‍ ആരംഭിക്കും.