മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ശിഖര്‍ ധവാന് പകരക്കാരനായി ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സുമായി തല്ലിത്തകര്‍ക്കുകയായിരുന്നു. കെ എല്‍ രാഹുലിനെ തുടക്കത്തിലേ നഷ്ടമായിട്ടും തന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലി തുടര്‍ന്ന ഇഷാന്‍ കളിയിലെ താരമാവുകയും ചെയ്തു. ഇപ്പോഴിതാ ഇഷാന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്.
'ഗംഭീര ഷോട്ടുകളോടെയാണ് അവന്‍ ആരംഭിച്ചത്. അവന്റെ ആത്മവിശ്വാസമാണത്. ഏത് ബൗളറാണെന്ന് പോലും നോക്കാതെ തനിക്ക് വലിയ സിക്‌സര്‍ നേടാനാവുമെന്ന ആത്മവിശ്വാസം അവനുണ്ട്. ടോപ് ഓഡറില്‍ ഇഷാനെപ്പോലൊരു താരത്തെ ആവിശ്യമാണ്. എങ്കില്‍ മാത്രമെ ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം നല്‍കാനാവു.ജോഫ്രാ ആര്‍ച്ചറെ വരെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവന് സാധിച്ചുവെന്നാണ് ഞാന്‍ കരുതുന്നുത്. അതൊരു മികച്ച ലക്ഷണമാണ്. ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് കോലി-ഇഷാന്‍ കൂട്ടുകെട്ട് തന്നെയാണ്. ഇഷാനെപ്പോലെയൊരു കൂട്ടുകെട്ട് ലഭിച്ചതിനാലാണ് കോലിക്ക് സ്വതന്ത്രരീതിയില്‍ കളിക്കാനായത് '-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ഇരുവരും ചേര്‍ന്ന് 54 പന്തില്‍ 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇഷാന്‍ മടങ്ങിയെങ്കിലും 49 പന്തില്‍ 73 റണ്‍സുമായി കോലി പുറത്താവാതെ നിന്നു. സിക്‌സറിലൂടെ മത്സരം ഫിനിഷ് ചെയ്യാനും കോലിക്കായി. കുറച്ചു നാളായി കോലിയുടെ ബാറ്റിങ് മോശമായിരുന്നു. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യിലൂടെ ഫോമിലേക്ക് തിരിച്ചെത്താന്‍ കോലിക്ക് സാധിച്ചു.
ഇടം കൈയന്‍ ഓപ്പണറായ ഇഷാന്‍ അവസരം മുതലാക്കിയതോടെ ആരെയൊക്കെ ടീമിലേക്ക് പരിഗണിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. നാലാം മത്സരത്തില്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നതോടെ ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലിനെ പുറത്തിരുത്തേണ്ടി വരും. നിലവിലെ ഏറ്റവും മികച്ച ടി20 ഓപ്പണര്‍മാരില്‍ ഒരാളായ രാഹുലിനെ പുറത്തിരുത്തുക ഏറെ പ്രയാസമുള്ള കാര്യവുമാണ്. ടി20 ലോകകപ്പില്‍ രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യ പരിഗണിക്കാന്‍ കൂടുതല്‍ സാധ്യത.
അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. മൂന്നാം മത്സരം ഇന്ന് നടക്കും. ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും നടക്കാനുണ്ട്. ഗുജറാത്തില്‍ കോവിഡ് 19 വ്യാപനം ശക്തമായതോടെ മൂന്നാം ടി20തൊട്ട് കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടക്കുക.