അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് 19 കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമില്ല. അടച്ചിട്ട സ്‌റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടക്കുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ടി20 പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഗാലറിയില്‍ പകുതി കാണികളുണ്ടായിരുന്നു. എന്നാല്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കാണികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ തീരുമാനിച്ചതെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയത്.
ഗാലറിയില്‍ യാതൊരുവിധ സാമൂഹ്യ അകലമോ മാസ്‌ക് പോലുള്ള മുന്‍കരുലതോ ഒന്നും ആരാധകര്‍ സ്വീകരിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ കോവിഡ് കേസുകള്‍ ഉയരാനുള്ള സാഹചര്യം കൂടുതലാണ്. ടൂര്‍ണമെന്റിന്റെ ടിക്കറ്റ് നേരിത്തെ തന്നെ വിറ്റുപോയതാണ്. ഇനിയുള്ള മൂന്ന് മത്സരത്തിനുള്ള ടിക്കറ്റെടുത്തവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ഇന്നാണ് മൂന്നാം ടി20 നടക്കുന്നത്. 18,20 തീയ്യതികളിലായാണ് അവസാന രണ്ട് ടി20 മത്സരങ്ങള്‍ നടക്കുന്നത്.

ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കുന്നുണ്ട്. അതിന് പൂനെയാണ് വേദി. കോവിഡ് 19 വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ പൂനെയില്‍ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയ്ക്കും ആശങ്ക സൃഷ്ടിക്കുന്നതാണ്. അതിനാലാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്.
ഏപ്രില്‍ 9 ന് ആരംഭിക്കുന്ന ഐപിഎല്ലും അടച്ചിട്ട സ്‌റ്റേഡിയത്തിലാവും നടത്തുക. ഇന്ത്യയിലെ ആറ് വേദികളിലായാണ് ടൂര്‍ണമെന്റ് നടത്തുക. നേരത്തെ കാണികളെ പ്രവേശിപ്പാക്കമെന്ന തരത്തില്‍ ആലോചനകളുണ്ടായിരുന്നെങ്കിലും താരങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഐപിഎല്ലിലും കാണികളെ പ്രവേശിപ്പിക്കില്ല. ഐപിഎല്ലിന് ശേഷം ഒക്ടബോറിലും നവംബറിലുമായി ഇന്ത്യയില്‍ ടി20 ലോകകപ്പും നടക്കാനുണ്ട്. അതിനാല്‍ കോവിഡ് വ്യാപനത്തെ നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ ലോകകപ്പിനെ അത് ബാധിക്കും.
നിലവില്‍ ഇന്ത്യയും ഇംഗ്ലണ്ടും രണ്ട് ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരമ്പര 1-1 എന്ന നിലയിലാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയില്‍ പരമ്പര നേടാനായാല്‍ ഇംഗ്ലണ്ടിനത് വലിയ ആത്മവിശ്വാസം നല്‍കും. നേരത്തെ നാല് മത്സര ടെസ്റ്റ് പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.