IND vs ENG: രഹാനെക്ക് പകരക്കാരനെ വേണം? ആരെ പരിഗണിക്കും? ഈ മൂന്ന് പേരും യോഗ്യര്‍
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ തോല്‍വി ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. ലോര്‍ഡ്‌സിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് ഇന്നിങ്‌സ് തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. പരമ്പരയില്‍ നിലവില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. നാലാം മത്സരം ഓവലിലാണ് നടക്കുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കുമെന്ന് നായകന്‍ വിരാട് കോലി തന്നെ സൂചിപ്പിച്ച് കഴിഞ്ഞു.
ആരെ മാറ്റിനിര്‍ത്തുമെന്നതാണ് പ്രധാന പ്രശ്‌നം. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരിലൊരാള്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാവാനാണ് കൂടുതല്‍ സാധ്യത. ഇരുവര്‍ക്കും സ്ഥിരതയില്ല. വിരാട് കോലിയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതാണെങ്കിലും നായകനെന്ന നിലയില്‍ അദ്ദേഹത്തിന് ടീമില്‍ തുടരാതിരിക്കാനാവില്ല.

ചേതേശ്വര്‍ പുജാരയേക്കാള്‍ മികച്ച പ്രകടനം രഹാനെ നടത്തുന്നുണ്ട്. എന്നാല്‍ മധ്യനിരയിലാണ് ഇന്ത്യ മാറ്റം ആവിശ്യപ്പെടുന്നത്. അതിനാല്‍ത്തന്നെ രഹാനെക്ക് വിശ്രമം നല്‍കാനാണ് സാധ്യത കൂടുതല്‍. അങ്ങനെയാണെങ്കില്‍ രഹാനെക്ക് പകരം ആരെന്നതും വലിയ ചോദ്യമാണ്. രഹാനെക്ക് പകരക്കാരനായി ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹനുമ വിഹാരി
ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന താരം ഹനുമ വിഹാരി തന്നെയാണ്. ഇതിനോടകം ഇന്ത്യക്കായി മധ്യനിരയില്‍ തിളങ്ങാന്‍ വിഹാരിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ഇംഗ്ലണ്ടിലെ സാഹചര്യം ഏറ്റവും സുപരിചിതനായ താരവും വിഹാരിയാണ്. ആദ്യ മൂന്ന് മത്സരത്തിലും വിഹാരിക്ക് ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. ഇന്ത്യ ലീഡ്‌സില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയതിനാല്‍ത്തന്നെ നാലാം ടെസ്റ്റില്‍ ടീമില്‍ മാറ്റം വരുത്തുമെന്നുറപ്പാണ്.
രഹാനെയുടെ ശൈലിയോട് ചേര്‍ത്ത് പറയാന്‍ സാധിക്കുന്ന ശൈലിയാണ് വിഹാരിയുടേതും. അമിത പ്രതിരോധത്തോടൊപ്പം മോശം പന്തുകളില്‍ അതിവേഗം റണ്‍സുയര്‍ത്താനും വിഹാരിക്ക് മികവുണ്ട്. ഓസ്‌ട്രേലിയയില്‍ വിഹാരിയുടെ ബാറ്റിങ് കരുത്ത് എല്ലാവരും കണ്ടതാണ്. കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. 12 ടെസ്റ്റില്‍ നിന്ന് 32.84 എന്ന ഭേദപ്പെട്ട ശരാശരിയില്‍ 624 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അഞ്ച് വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. സ്പിന്നറെന്ന നിലയിലും കോലിക്ക് പ്രയോഗിക്കാന്‍ സാധിക്കുന്ന താരമാണ് വിഹാരി.

സൂര്യകുമാര്‍ യാദവ്
പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരനായി ടീമിലേക്കെത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള പ്രകടനത്തോടെ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്കെത്തിയ സൂര്യകുമാര്‍ ദേശീയ ടീമിനൊപ്പവും തിളങ്ങി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോഡ് സൂര്യകുമാറിന്റെ പേരിലുണ്ട്. 77 മത്സരത്തില്‍ നിന്ന് 44.01 ശരാശരിയില്‍ 5326 റണ്‍സ് സൂര്യകുമാറിന്റെ പേരിലുണ്ട്. ഇതില്‍ 14 സെഞ്ച്വറിയും ഉള്‍പ്പെടും.
അമിത പ്രതിരോധത്തിലൂന്നി കളിക്കുന്ന താരമല്ല സൂര്യകുമാര്‍. അതിവേഗം റണ്‍സുയര്‍ത്താന്‍ താരത്തിന് മികവുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കളിച്ച് പരിചയമില്ലാത്ത സൂര്യകുമാറിനെ രഹാനെക്ക് പകരക്കാരനാക്കുമോയെന്ന് കണ്ടറിയണം. മധ്യനിരയില്‍ തിളങ്ങാന്‍ മികവുള്ള താരമാണ് സൂര്യകുമാര്‍.

മായങ്ക് അഗര്‍വാള്‍
ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്മാനാണ് മായങ്ക് അഗര്‍വാള്‍. ആദ്യ മത്സരത്തിന് മുമ്പ് പരിക്കേറ്റതോടെ ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയ താരമാണ് മായങ്ക്. ഓസ്‌ട്രേലിയയില്‍ മധ്യനിരയില്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് തിളങ്ങാനായിരുന്നില്ല. അതിവേഗം റണ്‍സുയര്‍ത്തുന്ന ശൈലിയാണ് മായങ്കിന്റേത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയപ്പോള്‍ 38 റണ്‍സും ആറാം നമ്പറില്‍ ഇറങ്ങിയപ്പോള്‍ 9 റണ്‍സുമാണ് മായങ്ക് നേടിയത്. അതിനാല്‍ത്തന്നെ മധ്യനിരയിലേക്ക് മായങ്കിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications