സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ടി20യില്‍ ഗംഭീര പ്രകടനം തുടരുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലും ഉജ്ജ്വല തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ടു ടി20കളിലും വിജയം കൊയ്ത ഇന്ത്യ ഇപ്പോള്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0 നു മുന്നിലുമാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ തുടര്‍ച്ചയായി തോല്‍വികളേറ്റു വാങ്ങി പ്രതിസന്ധിയില്‍ നില്‍ക്കവെയാണ് ടി20യില്‍ ഇന്ത്യയുടെ പടയോട്ടം. ഇതോയെ ടീം ഇന്ത്യയുടെ മുഖ്യ കോച്ച് ഗൗതം ഗംഭീറിനെതിരേ വാളോങ്ങിയവരെല്ലാം ഇപ്പോള്‍ തല പുകയ്ക്കുകയാണ്.
ഗംഭീറിന്റെ ശിക്ഷണത്തില്‍ സൂര്യ നയിക്കുന്ന ഇന്ത്യന്‍ യുവനിരയ്ക്കു നാട്ടിലും പുറത്തുമെല്ലാം ഇത്രയും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ടെില്‍ ഒരുപാട് അനുഭവസമ്പത്തുള്ള രോഹിത്തിന് വളരെ ശക്തമായ താരനിരയുണ്ടായിട്ടും എന്തുകൊണ്ടു ഇതിനു കഴിയുന്നില്ലെന്നതാണ് ചോദ്യം. അപ്പോള്‍ പ്രശ്‌നം ഗംഭീറിന്റെയല്ല, മറിച്ച് രോഹിത്തിന്റേതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിലയിരുത്തല്‍.

ഹിറ്റായി സൂര്യ- ഗംഭീര്‍ കോംബോ
സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ചേര്‍ന്നുള്ള കോംബോ ടി20യില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ തീര്‍ച്ചയായും കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ തന്നെ ഇന്ത്യയുണ്ടാവും. ടി20യില്‍ മുമ്പുണ്ടായിരുന്ന ഒരു ക്യാപ്റ്റനു കീഴിലും നടത്തിയിട്ടില്ലാത്ത തരത്തിലുള്ള അവിശ്വസനീയ പ്രകടമനമാണ് ടീം ഇന്ത്യ ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തിനു ശേഷമാണ് ഗംഭീര്‍ മുഖ്യ കോച്ചായി വരുന്നത്. അതിനു ശേഷം അദ്ദേഹത്തിനു കീഴില്‍ മൂന്നു ടി20 പരമ്പരകളിലാണ് ഇന്ത്യ കളിച്ചത്. ഇവയിലെല്ലാം വിജയവും കൊയ്തു. 12 ടി20കളിലാണ് സൂര്യക്കു കീഴില്‍ ഇന്ത്യ കളിച്ചത്. ഇതില്‍ 11ലും വിജയം സ്വന്തമാക്കി. തോറ്റത് ഒന്നില്‍ മാത്രം.
ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പര തൂത്തുവാരിയാണ് ഗംഭീറിനു കീഴില്‍ സൂര്യയുടെ തുടക്കം. അതിനു ശേഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയും ഇന്ത്യ 3-0നു തൂത്തുവാരി.
തുടര്‍ന്നാണ് നാലു ടി20കളുടെ പരമ്പരയ്ക്കായി സൗത്താഫ്രിക്കയിലേക്കു ഇന്ത്യ പറന്നത്. ഒരു കളി തോറ്റെങ്കിലും ശേഷിച്ച മൂന്നു മല്‍സരങ്ങളും ജയിച്ച് 3-1ന് ഇന്ത്യ പരമ്പരയും നേടി. അതിനു ശേഷമാണ് ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലും ഇന്ത്യ 2-0ന് മുന്നിലെത്തിയിരിക്കുന്നത്.
ക്ലച്ച് പിടിക്കാതെ രോഹിത്-ഗംഭീര്‍ ജോടി
സൂര്യകുമാര്‍ യാദവുമായുണ്ടാക്കിയതു പോലെയൊരു മികച്ച കെമിസ്ട്രി ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി ഉണ്ടാക്കാന്‍ ഗൗതം ഗഭീറിനായിട്ടില്ല. ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ തിരിച്ചടികളും ഇതു ശരിവയ്ക്കുന്നു.
ഗംഭീര്‍ കോച്ചായതിനു ശേഷം ഒരു ഏകദിന പരമ്പരയും മൂന്നു ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യ കളിച്ചത്. ഏകദിന പരമ്പരയും മൂന്നു ടെസ്റ്റ് പരമ്പരകളില്‍ രണ്ടിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഏകദിനത്തില്‍ ശ്രീലങ്കയോടും ടെസ്റ്റില്‍ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരോടുമാണ് ഇന്ത്യ പരാജയം രുചിച്ചത്.

ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പര മാത്രമേ രോഹിത്തിനും ഗംഭീറിനും ഒരുമിച്ച് എടുത്തുകാണിക്കാനുമുള്ളൂ. ഗംഭീറുമായി ഒത്തുപോവാന്‍ രോഹിത്തിനു സാധിക്കുന്നില്ലെന്നാണ് ഇതു കാണുന്നത്. ഗംഭീറിനെ മാറ്റിയതു കൊണ്ടു ഈ പ്രശ്‌നം ശരിയാവില്ലെന്നും പകരം രോഹിത്തിനെയാണ് ഒഴിവാക്കേണ്ടതെണ്ടതെന്നും പറയേണ്ടി വരും.
ഒത്തിണക്കമില്ലായ്മ
രോഹിത് ശര്‍മയും ഗൗതം ഗംഭീറും തമ്മില്‍ അത്ര ഒത്തിണക്കമില്ലെന്നും ചില കാര്യങ്ങളില്‍ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടെന്നുമാണ് വ്യക്തമാവുന്നത്. കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തിനു ശേഷം ഇക്കാര്യം മറ നീക്കി പുറത്തു വരികയും ചെയ്തു. ടീം സെലക്ഷന്റെ കാര്യത്തില്‍ രോഹിത്തിനും ഗംഭീറിനും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക് പാണ്ഡ്യയെയാണ് ഗംഭീറിനു താല്‍പ്പര്യമുണ്ടായിരുന്നതെങ്കിലും ശുഭ്മന്‍ ഗില്‍ മതിയെന്നായിരുന്നു രോഹിത്തിന്റെ അഭിപ്രായം. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ തീര്‍ച്ചയായും ടീമില്‍ വേണമെന്നു ഗംഭീര്‍ ആവശ്യപ്പെട്ടപ്പോള്‍ രോഹിത്തിനു വേണ്ടത് റിഷഭ് പന്തിനെയായിരുന്നു. രോഹിത്തിന്റെ രണ്ടു ആവശ്യങ്ങളും സെലക്ഷന്‍ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. തന്റെ ഇഷ്ടക്കാരെ എല്ലായ്‌പ്പോഴും ടീമിലെത്തിക്കാറുള്ള നായകനാണ് രോഹിത്. പക്ഷെ ഗംഭീര്‍ പ്രകടനത്തിനാണ് മുഖ്യ പരിഗണന നല്‍കാറുള്ളത്.