ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഈയാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രണ്ട പ്രധാനപ്പെട്ട ഉപദേശങ്ങളാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെ ഗവാസ്‌കര്‍ നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച മുതല്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ പോരാട്ടം.
ബാറ്റിങില്‍ രോഹിത് ഇന്ത്യന്‍ ടീമിനെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മുന്നില്‍ നയിക്കണ്ടത് പ്രധാനമാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. 2020-21ലെ പരമ്പരയില്‍ ഇംഗ്ലണ്ടുമായി ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ നേടിയ സെഞ്ച്വറിയെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അത്തരമൊരു ഇന്നിങ്‌സാണ് രോഹിത്തില്‍ നിന്നും ടീമിനു ഇത്തവണയും ആവശ്യമെന്നു ഗവാസ്‌കര്‍ പറയുന്നു.

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേയുള്ള രോഹിത് ശര്‍മയുടെ ബാറ്റിങ് ഗംഭീരമായിരുന്നു. അന്നു അദ്ദേഹം സെഞ്ച്വറി കുറിക്കുകയും ചെയ്തിരുന്നു. വളരെ മികച്ചൊരു സെഞ്ച്വറി കൂടിയായിരുന്നു അത്. സ്പിന്‍ സൗഹൃദ പിച്ചുകളില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു രോഹിത് അന്നു കാണിച്ചു തരികയായിരുന്നു.
അതേ രീതിയില്‍ ഇത്തവണയും ബാറ്റ് ചെയ്യാന്‍ രോഹിത് ശ്രമിക്കണം. അദ്ദേഹത്തിനു അതു സാധിക്കുകയാണെങ്കില്‍ ഇന്ത്യക്കു തീര്‍ച്ചയായും നല്ല തുടക്കം ലഭിക്കും. മാത്രമല്ല മൂന്ന്, നാല് നമ്പറുകളില്‍ ബാറ്റ് ചെയ്യുന്നവര്‍ക്കു അതു കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ക്കുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബൗളര്‍മാരെ ബുദ്ധിപരമായി ഉപയോഗിക്കണമെന്ന ഉപദേശവും രോഹിത്തിനു ഗവാസ്‌കര്‍ നല്‍കുന്നു. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ബൗളര്‍മാരെ രോഹിത് ബുദ്ധിപരമായി തന്നെ ഉപയോഗിക്കേണ്ടതുണ്ട്.
സാധാരണയായി ഹൈദരാബാദിലെ പിച്ചില്‍ വേണ്ടത്ര ടേണ്‍ ലഭിക്കാറില്ല. അതുകൊണ്ടു തന്നെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയും ലഞ്ച് വരെ നല്ലൊരു തുടക്കം ലഭിക്കുകയും ചെയ്താല്‍ രോഹിത് ഏങ്ങനെയാവും ബൗളര്‍മാരെ ഉപയോഗിക്കുകയെന്നു നമുക്കു കാണേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അദ്ദേഹത്തെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂവെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ബാറ്ററെന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. നാട്ടില്‍ കളിച്ച ഒമ്പതു ടെസ്റ്റുകളില്‍ അവര്‍ക്കെതിരേ ഹിറ്റ്മാന്‍ വാരിക്കൂട്ടിയത് 747 റണ്‍സാണ്. 50നടുത്ത് (49.80) ശരാശരിയും അദ്ദേഹത്തിനുണ്ട്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും രോഹിത് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
ഓവറോള്‍ ടെസ്റ്റ് കരിയറെടുത്താല്‍ 54 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 3738 റണ്‍സും സ്‌കോര്‍ ചെയ്തു. അവസാനമായി ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടയില്‍ രോഹിത് രണ്ടാമതുണ്ടായിരുന്നു. 57.50 ശരാശരിയില്‍ 345 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ചെന്നൈ ടെസ്റ്റില്‍ നേടിയ 161 റണ്‍സായിരുന്നു പരമ്പരയില്‍ രോഹിത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ്.
ടെസ്റ്റ് പരമ്പയ്ക്കുള്ള സ്‌ക്വാഡ്
ഇന്ത്യ (ആദ്യ രണ്ട് ടെസ്റ്റ്)- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.
ഇംഗ്ലണ്ട്- ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ഷുഐബ് ബഷീര്‍, സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്ട്‌ലി, ജാക്ക് ലീച്ച്, ഓലി പോപ്പ്, ഓലി റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക്ക് വുഡ്, രെഹാന്‍ അഹമ്മദ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്കിന്‍സണ്‍.