IND vs ENG: '2008ല്‍ ഇംഗ്ലണ്ട് ചെയ്തത് ആരും മറക്കില്ല', ബിസിസിഐയെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് സെപ്തംബര്‍ 10ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കേണ്ടിയിരുന്നതാണെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തി അവസാന നിമിഷം മത്സരം റദ്ദാക്കുകയായിരുന്നു. ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് പോസിറ്റീവായതും പരിശീലക സംഘത്തിലെ ചിലര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കാട്ടിയതുമെല്ലാം ആശങ്കയുണ്ടാക്കി. താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും ഐപിഎല്ലും ടി20 ലോകകപ്പും വരാനിരിക്കുന്ന സാഹചര്യം വിലയിരുത്തി അഞ്ചാം ടെസ്റ്റ് കളിക്കുന്നതില്‍ ഇന്ത്യന്‍ സംഘം ആശങ്ക അറിയിച്ചതോടെയാണ് മത്സരം നടക്കാതെ പോയത്.
ഏകദേശം 200 കോടിക്ക് മുകളില്‍ നഷ്ടം ഇതുമൂലം ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനുണ്ടാവും. ഈ മാസം 19 മുതല്‍ ഐപിഎല്ലിന്റെ രണ്ടാം പാദം യുഎഇയില്‍ ആരംഭിക്കുമ്പോള്‍ ഒക്ടോബര്‍ 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ആര്‍സിബി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേയും മുഹമ്മദ് സിറാജിനെയും എത്തിക്കാന്‍ പ്രത്യേക വിമാനം അയക്കുമെന്നാണ് വിവരം.

എന്നാല്‍ അഞ്ചാം മത്സരം റദ്ദാക്കി ഇന്ത്യ മടങ്ങില്ലെന്നും മറ്റൊരു തീയ്യതിയിലേക്ക് മത്സരം മാറ്റിവെക്കാമെന്നുമുള്ള നിലപാടിലേക്ക് ബിസിസിഐ എത്തിയിരുന്നു. ഇപ്പോഴിതാ ബിസിസി ഐയുടെ ഈ തീരുമാനത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. മത്സരം മറ്റൊരു തീയ്യതിയില്‍ നടത്താനുള്ള ബിസിസി ഐയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും 2008ലെ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഇംഗ്ലണ്ട് ചെയ്തത് മറക്കാതിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.
'അഞ്ചാം ടെസ്റ്റിന് പുതിയൊരു തീയ്യതി കണ്ടെത്തുക എന്നതാണ് ഈ സമയത്തെ ശരിയായ തീരുമാനം. 2008ല്‍ മുംബൈ ഭീകരാക്രമണ സമയത്ത് ഇംഗ്ലണ്ട് ടീം ചെയ്തത് എന്താണെന്ന് നോക്കുക. പരമ്പര പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയ അവര്‍ ഇന്ത്യയില്‍ അന്ന് വേണ്ടത്ര സുരക്ഷയില്ലെന്നും മടങ്ങിവരില്ലെന്നുമാണ് പറഞ്ഞത്'- സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു.

അഞ്ചാം ടെസ്റ്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു ആശങ്ക വ്യക്തമാക്കി ഇന്ത്യ പിന്മാറിയത്. ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പര്‍മാറിന് കോവിഡ് പോസിറ്റീവായതോടെയാണ് ഇത്തരത്തില്‍ പെട്ടെന്ന് പിന്മാറാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യയെത്തിയത്. ഇന്ത്യന്‍ താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു പിന്മാറ്റം നടത്തിയത്.
2008ല്‍ ഇംഗ്ലണ്ട് ഇന്ത്യന്‍ പരമ്പര നടത്തുന്നതിനിടെയാണ് മുംബൈ ഭീകരാക്രമണമുണ്ടായത്. ഏഴ് മത്സര ഏകദിന പരമ്പര കളിച്ചുകൊണ്ടിരിക്കവെയാണ് മുംബൈയില്‍ നവംബര്‍ 26ന് ഭീകരാക്രമണമുണ്ടായത്. ഈ സാഹചര്യത്തില്‍ രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഇതാണ് സുനില്‍ ഗവാസ്‌കര്‍ ഈ അവസരത്തില്‍ ചൂണ്ടിക്കാട്ടിയത്.

'കെവിന്‍ പീറ്റേഴ്‌സനായിരുന്നു അന്ന് ഇംഗ്ലണ്ട് ടീമിനെ നയിച്ചത്. അതിനാല്‍ത്തന്നെ അവനായിരുന്നു ഏറ്റവും പ്രധാനപ്പെട്ട താരവും. അന്ന് കെപി ഇല്ല തിരിച്ചുപോകേണ്ട ആവിശ്യമില്ലെന്ന് പറഞ്ഞാല്‍ ഒരു പ്രശ്‌നവും സംഭവിക്കില്ലായിരുന്നു. എന്നാല്‍ കെപിയാണ് തിരിച്ചുപോകാന്‍ തയ്യാറെടുത്തതും മറ്റുള്ളവരെ ഇതിന് സമ്മതിപ്പിച്ചതും. ഇസിബിയില്‍ നിന്നുമുണ്ടായ ആ നടപടി മറന്നുപോകാന്‍ പാടില്ല'- ഗവാസ്‌കര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളിലൊന്നും ഈ മത്സരം നടത്താനാവില്ല. താരങ്ങള്‍ ഐപിഎല്ലിനായും ലോകകപ്പിനായുമുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണ്. അതിനാല്‍ത്തന്നെ അടുത്ത വര്‍ഷം ഈ മത്സരം നടത്താമെന്ന നിര്‍ദേശവും ഗവാസ്‌കര്‍ മുന്നോട്ട് വെച്ചു. 2022 ജൂലൈയില്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് പര്യടനമുണ്ട്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന ഈ പരമ്പരക്കൊപ്പം ഈ മത്സരവും നടത്താമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. എന്നാല്‍ ഇത്രയും നാള്‍ നീണ്ടുപോകാന്‍ ഇസിബി സമ്മതിക്കുമോയെന്ന് കണ്ടറിയണം. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications