മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആവേശകരമായ ജയം നേടിയെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി ലഭിച്ച താരം ഇന്ത്യയുടെ ദ്രുവ് ജുറേലാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ചെറുത്തുനില്‍പ്പാണ് മത്സരം ഇന്ത്യയുടെ കൈയിലേക്കെത്തിച്ചതും പരമ്പര നേട്ടത്തിലേക്ക് ടീമിനെ എത്തിച്ചതും. അതുകൊണ്ടുതന്നെ കളിയിലെ താരമായതും ജുറേലാണ്. വലിയ പ്രശംസ ജുറേലിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. പലരും അടുത്ത എംഎസ് ധോണിയാണ് ജുറേലെന്ന് പോലും അഭിപ്രായപ്പെടുന്നുണ്ട്.
നാലാം ടെസ്റ്റിനിടെ സുനില്‍ ഗവാസ്‌കര്‍ ജുറേലിനെ ധോണിയുമായി താരതമ്യപ്പെടുത്തിയിരുന്നു. അടുത്ത ധോണിയാണ് ജുറേലെന്ന തരത്തില്‍ ഗവാസ്‌കര്‍ കമന്ററി പറയുമ്പോള്‍ പ്രതികരിച്ചത് വളരെ വൈറലായിരുന്നു. ജുറേല്‍ ഗവാസ്‌ക്കറിന്റെ അഭിപ്രായത്തിന് നന്ദി പറയുകയും ചെയ്തിരുന്നു. ജുറേലിന്റെ പിതാവ് പോലും ഗവാസ്‌കര്‍ മകനെ ധോണിയുമായി താരതമ്യപ്പെടുത്തിയതിനെതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ധോണിയുമായി ജുറേലിനെ താരതമ്യപ്പെടുത്തിയതിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഒരു ഇന്നിങ്‌സുകൊണ്ട് എങ്ങനെയാണ് ജുറേലിനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രതികരണത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഗവാസ്‌കര്‍. ജുറേല്‍ ധോണിയാകുമെന്നല്ല ഉദ്ദേശിച്ചതെന്നും ധോണിയാകാന്‍ ആര്‍ക്കും സാധിക്കില്ലെന്നുമാണ് ഇപ്പോള്‍ ഗവാസ്‌കര്‍ പറയുന്നത്.
'മത്സരത്തെക്കുറിച്ച് അവന്‍ ചിന്തിക്കുന്നത് മികച്ച രീതിയിലാണ്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ അവന് സാധിക്കുന്നു. അവന്റെ ഈ രീതി കണ്ടപ്പോള്‍ ധോണിയെ ഓര്‍മിച്ചു. സിക്‌സര്‍ നേടിയ ശേഷം സിംഗിളും ഡബിളുമായി സ്‌ട്രൈക്ക് മാറി കളിക്കുകയും ചെയ്യുന്നു. വിക്കറ്റിന് പിന്നിലും അവന്റെ പ്രകടനം മികച്ചതാണ്. ബെന്‍ ഡക്കെറ്റിന്റെ റണ്ണൗട്ടും ജെയിംസ് ആന്‍ഡേഴ്‌സന്റെ റിവേഴ്‌സ് സ്വീപ് ക്യാച്ചാക്കിയതും മികച്ചതായിരുന്നു.

ജുറേലിന്റെ പ്രായത്തില്‍ ധോണി കാട്ടിയ അതേ പക്വതയാണ് ജുറേല്‍ കാട്ടുന്നത്. അതുകൊണ്ടാണ് ധോണിയെപ്പോലെയാണ് ജുറേലെന്ന് ഞാന്‍ പറഞ്ഞത്. എന്നാല്‍ ആര്‍ക്കും ധോണിയാകാന്‍ സാധിക്കില്ല. ധോണി ഒന്നേ ഉള്ളു. എന്നാല്‍ ധോണി ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യാനായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനത് വലിയ നേട്ടമായിരിക്കും' സ്‌പോര്‍ട്‌സ് തക്കിനോട് സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു. എംഎസ് ധോണി ലോക ക്രിക്കറ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ്.
ഇന്ത്യയെ മൂന്ന് തവണ ഐസിസി കിരീടത്തിലേക്കെത്തിച്ച നായകനാണ് ധോണി. 2013ല്‍ ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടുന്നത്. പിന്നീടെത്തിയ ആര്‍ക്കും ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാനായില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് തവണ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ധോണി. വിക്കറ്റിന് പിന്നിലും ഫിനിഷര്‍ റോളിലും ധോണി നേടിയെടുത്ത റെക്കോഡുകളൊന്നും അത്ര പെട്ടെന്നൊന്നും ആര്‍ക്കും മറികടക്കാനാവാത്തതാണ്.
വിക്കറ്റിന് പിന്നിലെ ധോണിയുടെ വേഗതക്ക് പകരം നില്‍ക്കാന്‍ മറ്റാര്‍ക്കും സാധിച്ചേക്കില്ല. ബാറ്റ്‌സ്മാന്റെ ഓരോ ഷോട്ടും മുന്‍കൂട്ടി കണ്ട് കാര്യങ്ങള്‍ നടത്താന്‍ ധോണിക്ക് മികവുണ്ട്. എന്നാല്‍ അത്തരമൊരു കഴിവ് മറ്റാര്‍ക്കും ഇനിയുണ്ടാവുമെന്ന് കരുതാനാവില്ല. നായകനായിട്ടും സമ്മര്‍ദ്ദത്തെ അതിജീവിച്ച് പല തവണ ഇന്ത്യയെ കരകയറ്റാന്‍ ധോണിക്കായിട്ടുണ്ട്. ഇന്ത്യ തോറ്റെന്ന് ഉറപ്പിച്ച മത്സരങ്ങള്‍ ജയത്തിലേക്കെത്തിക്കാന്‍ ധോണിയുടെ മികവിലൂടെ സാധിച്ചിട്ടുണ്ട്.
ദ്രുവ് ജുറേല്‍ മികച്ച ഭാവിയുള്ള യുവതാരമാണ്. സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം നന്നായി കളിക്കാന്‍ താരത്തിന് കഴിവുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലാണ് നാലാം ടെസ്റ്റിലെ ജുറേലിന്റെ പ്രകടനം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജുറേല്‍. ഫിനിഷറെന്ന നിലയില്‍ ജുറേല്‍ തിളങ്ങിയിരുന്നു. ഇത്തവണത്തെ സീസണിലും ജുറേല്‍ രാജസ്ഥാന്റെ നിര്‍ണ്ണായക താരമായി ടീമിലുണ്ട്. ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവാന്‍ ജുറേലിന് മികവുണ്ട്.