മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളുടെ സമീപകാല പ്രകടനങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഇതില്‍ എടുത്തു പറയേണ്ടത് രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ഫോമാണ്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയുടെ അവസാന ഓസ്‌ട്രേലിയന്‍ പരമ്പരയിലെ പ്രകടനം ഏഴ് ശരാശരിയില്‍ ആയിരുന്നു. ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നേടാന്‍ സാധിക്കാതെ പോയെന്ന് മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും എത്താനായില്ല.
ഇതോടെ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്കെതിരേ ബിസിസി ഐയും ടീം മാനേജ്‌മെന്റും ശക്തമായ തീരുമാനം എടുക്കുകയായിരുന്നു. ഇതോടെ സീനിയര്‍ താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കണമെന്നാണ് ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള പല സീനിയര്‍ താരങ്ങളും രഞ്ജി ട്രോഫി കളിച്ചിരുന്നു. രോഹിത് ശര്‍മ മുംബൈക്കായി രഞ്ജി ട്രോഫി കളിച്ചു. വിരാട് കോലി ഡല്‍ഹിക്കായി കളിക്കാന്‍ പോവുകയാണ്.
രോഹിത് ശര്‍മ മുംബൈക്കായി കളിച്ച മത്സരം മുംബൈ തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്. രണ്ട് ഇന്നിങ്‌സിലും രോഹിത്തിന് തിളങ്ങാനുമായില്ല. രോഹിത് ശര്‍മക്കൊപ്പം ശ്രേയസ് അയ്യര്‍ക്കും ഫോം കണ്ടെത്താന്‍ സാധിക്കാതെ പോയി. ഇപ്പോഴിതാ ഇരുവര്‍ക്കുമെതിരേ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍.
എന്തൊരു മോശം ബാറ്റിങ് പ്രകടനമാണ് നടത്തിയത്
രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ജമ്മു കാശ്മീരിനെതിരേ കടന്നാക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. രോഹിത് 3, 28 എന്നിങ്ങനെയാണ് സ്‌കോര്‍ നേടിയത്. രഞ്ജി ട്രോഫി കളിച്ച് ഫോം കണ്ടെത്താനാണ് രോഹിത്തിനെ പറഞ്ഞയച്ചതെങ്കിലും തോന്നിയതുപോലെ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. ഫോമിലേക്കെത്താന്‍ സാധിക്കാതിരുന്നിട്ടും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. രോഹിത്തിന്റേയും ശ്രേയസിന്റേയും രഞ്ജി ട്രോഫിയിലെ സമീപനം തെറ്റായിരുന്നുവെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്.
'ആക്രമിച്ച് കളിക്കാനാണ് രോഹിത്തും ശ്രേയസും ശ്രമിച്ചത്. ഇത്തരമൊരു പിച്ചില്‍ അതൊരിക്കലും നടക്കില്ല. ഫ്‌ളാറ്റ് പിച്ചില്‍ മാത്രമാണ് ഇത്തരമൊരു ആക്രമണ ശ്രമം നടത്താവൂ. പ്രയാസമുള്ള പിച്ചില്‍ മികച്ച സാങ്കേതികതയോടെ കളിക്കേണ്ടതായുണ്ട്. നല്ല പന്തുകള്‍ക്കായി കാത്തിരിക്കണം. വിക്കറ്റ് വലിച്ചെറിയുന്ന രീതിയാണ് ഇവര്‍ ചെയ്തത്. ക്ഷമയും യുക്തിയും ആവശ്യമാണ്. ശാര്‍ദ്ദുല്‍ ഠാക്കൂര്‍ സെഞ്ച്വറി നേടിയത് ഇതേ പിച്ചിലാണ്' സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു.

ബിസിസിഐ കരാറിനായാണ് അവര്‍ കളിച്ചത്
ഇന്ത്യയുടെ സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത പക്ഷം ടീമിലെടുക്കില്ലെന്ന നിലയിലേക്ക് ശക്തമായ തീരുമാനം ബിസിസി ഐ എടുത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രധാന താരങ്ങളടക്കം രഞ്ജി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും കളിക്കാന്‍ തയ്യാറായത്. ബിസിസി ഐ കരാര്‍ നഷ്ടമാകാതിരിക്കാനാണ് പല താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിച്ചതെന്നും ഇവരെല്ലാം കണ്ണില്‍ പൊടിയിടുകയാണ് ചെയ്തിരിക്കുന്നതെന്നുമാണ് ഗവാസ്‌ക്കര്‍ പറയുന്നത്.
രോഹിത്തും ശ്രേയസും രഞ്ജി ട്രോഫി കളിച്ചതോടെ മുംബൈ ടീമില്‍ നിന്ന് മികച്ച ഫോമില്‍ കളിച്ചിരുന്ന യുവതാരത്തിന് വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. രഞ്ജി ട്രോഫിയിലടക്കം കളിച്ച് ഫ്‌ളോപ്പായ താരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അവസരം നല്‍കുന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ഗവാസ്‌ക്കര്‍ പറയുന്നു. വിരാട് കോലി ഡല്‍ഹിക്കായി കളിക്കാന്‍ പോവുകയാണ്. കോലിയുടെ പ്രകടനം എങ്ങനെയാവുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.
ഗവാസ്‌ക്കറിനെതിരേ രോഹിത്
ബിസിസി ഐയുടെ മീറ്റിങ്ങില്‍ സുനില്‍ ഗവാസ്‌ക്കറിന്റെ വിമര്‍ശനത്തിനെതിരേ രോഹിത് പരാതി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഗവാസ്‌ക്കറുടെ വിമര്‍ശനം അതിരുവിടുന്നതാണെന്നും മാനസികമായി സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണെന്നുമെല്ലാം രോഹിത് പരാതിപ്പെട്ടുവെന്നുമാണ് സൂചനകള്‍. എന്തായാലും ഗവാസ്‌ക്കറിന്റെ വിമര്‍ശനങ്ങളില്‍ പല താരങ്ങള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. കമന്റേറ്ററായി ഗവാസ്‌ക്കര്‍ നടത്തുന്ന പല പരാമര്‍ശങ്ങളും അതിരുവിടുന്നതാണെന്ന് തന്നെ പറയാം.