ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ആര്‍ അശ്വിന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിക്കുന്ന അശ്വിന് നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അവസരം. പരിമിത ഓവര്‍ ടീമില്‍ നിന്ന് ഏറെനാളായി പുറത്താണ് അദ്ദേഹം. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിച്ച അശ്വിന്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന സ്പിന്നറാണ്. പരിമിത ഓവറിലും മികവ് കാട്ടാന്‍ സാധിക്കുമെന്ന് ഐപിഎല്ലിലൂടെ അദ്ദേഹം തെളിയിക്കുകയാണ്.
എന്നാല്‍ അശ്വിന്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. 'ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് അശ്വിന്‍ മടങ്ങിവരുമെന്ന് കരുതുന്നില്ല. ഏഴാം നമ്പറില്‍ ഇന്ത്യക്കിപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുണ്ട്. കൂടാതെ രവീന്ദ്ര ജഡേജയും. മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നറേയുമാണ് സാധാരണ ഇന്ത്യ പരിഗണിക്കാറ്. നിലവിലെ ടീമിന് അശ്വിന്‍ അനുയോജ്യനാണെന്ന് തോന്നുന്നില്ല. അടുത്ത ആറ് വര്‍ഷമെങ്കിലും ടെസ്റ്റ് താരമായി അശ്വിന്‍ ഉണ്ടാകും'-ഗവാസ്‌കര്‍ പറഞ്ഞു.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ അശ്വിനേക്കാള്‍ മിടുക്കുള്ള ഓള്‍റൗണ്ടര്‍മാര്‍ നിലവില്‍ ഇന്ത്യക്കുണ്ട്. പവര്‍പ്ലേയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഷിങ്ടണ്‍ സുന്ദറും ഓള്‍റൗണ്ടറാണ്. കുല്‍ദീപ് യാദവ്,യുസ് വേന്ദ്ര ചഹാല്‍ എന്നിവരെയെല്ലാം മറികടന്ന് അശ്വിനെ പരിമിത ഓവര്‍ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ടി20 ടീമിലേക്ക് പരിഗണിച്ചില്ലെങ്കിലും ചിലപ്പോള്‍ ഏകദിന ടീമില്‍ വിരമിക്കാനുള്ള അവസരം നല്‍കിയേക്കും.
അശ്വിന്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മാര്‍ക്ക് ബുച്ചര്‍ കഴിഞ്ഞിടെ അഭിപ്രായപ്പെട്ടിരുന്നു. 'നിരവധി പരിമിത ഓവര്‍ മത്സരങ്ങള്‍ അവന് നഷ്ടമായെന്ന് അറിയാം. എന്നാല്‍ അവന്‍ ഫിറ്റ്‌നസ് അല്‍പ്പം കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഫീല്‍ഡില്‍ കൂടുതല്‍ വഴക്കം കൈവരിക്കണം. ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ അശ്വിന്റെ കാര്യത്തില്‍ ആലോചിച്ചാവും സെലക്ടര്‍മാര്‍ തീരുമാനം എടുക്കുക'-ബുച്ചര്‍ പറഞ്ഞു.
ഇന്ത്യക്കുവേണ്ടി 111 ഏകദിനം കളിച്ച അശ്വിന്‍ 150 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 46 ടി20യില്‍ നിന്ന് 52 വിക്കറ്റും 154 ഐപിഎല്ലില്‍ നിന്ന് 138 വിക്കറ്റും 34കാരനായ അശ്വിന്റെ പേരിലുണ്ട്. എന്നാല്‍ മികച്ച യുവതാരങ്ങളാല്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരുടെ നിര സമ്പന്നമായതിനാല്‍ അശ്വിന് ഇനിയൊരു മടങ്ങിവരവ് പ്രയാസം തന്നെയാണ്.