ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരം തോറ്റ ശേഷം പിന്നീടുള്ള മൂന്ന് മത്സരവും ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയെടുത്തത്. അഞ്ചാം മത്സരവും ജയിച്ച് ഇംഗ്ലണ്ടിനെ നാണംകെടുത്തി മടക്കാനാവും ഇന്ത്യ ആഗ്രഹിക്കുക. ഇത്തവണത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യയെ സംബന്ധിച്ച് സവിശേഷമാണ്. സീനിയര്‍ താരങ്ങളായ പല പ്രമുഖരും ഇല്ലാതിരുന്നിട്ടും ഇന്ത്യക്ക് പരമ്പര നേടിയെടുക്കാന്‍ സാധിച്ചു.
വിരാട് കോലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരൊന്നും ടീമിലില്ലായിരുന്നു. എന്നിട്ടും പരമ്പര നേടിയെടുക്കാന്‍ രോഹിത് ശര്‍മക്കും സംഘത്തിനുമായി. യശ്വസി ജയ്‌സ്വാള്‍, ദ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, ശുബ്മാന്‍ ഗില്‍ എന്നിവരുടെയെല്ലാം അവസരത്തിനൊത്ത് ഉയര്‍ന്നതാണ് ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിച്ചത്. ഇപ്പോഴിതാ ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ യുവതാരങ്ങളുടെ മികവിനെ പ്രശംസിച്ച സുനില്‍ ഗവാസ്‌കര്‍ വിരാട് കോലിയെ പരോക്ഷമായി ട്രോളുകയും ചെയ്തിരിക്കുകയാണ്.
സൂപ്പര്‍ താരങ്ങളില്ലെങ്കിലും ഇന്ത്യ ജയിക്കുമെന്നും ആരും തങ്ങളില്ലെങ്കില്‍ ഇന്ത്യ ജയിക്കില്ലെന്ന് കരുതേണ്ടന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്. ഇത് വിരാട് കോലിയെ പരോക്ഷമായി പരിഹസിക്കുന്നതായാണ് ആരാധകരുടെ വിലയിരുത്തല്‍. 'ഇന്ത്യ നിരവധി വലിയ പേരുകളില്ലാതെയാണ് ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയത്. ഗാബയിലും മെല്‍ബണിലും ഇന്ത്യ ജയിച്ചു. 36 റണ്‍സിന് ഓള്‍ഔട്ടായിടത്തുനിന്ന് ടീം തിരിച്ചുവരവ് നടത്തി. റിഷഭ് പന്താണ് ഇന്ത്യയുടെ ഹീറോയായത്.
റിഷഭ് അര മണിക്കൂര്‍ ക്രീസില്‍ തുടര്‍ന്നാല്‍ ഇന്ത്യ മത്സരം ജയിക്കുമെന്ന് തന്നെ പറയാം. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ യുവതാരങ്ങള്‍ കസറിയതാണ് ടീമിനെ പരമ്പര നേട്ടത്തിലേക്കെത്തിച്ചത്. ഇപ്പോള്‍ ഇംഗ്ലണ്ടിലും ഇത് ആവര്‍ത്തിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ശുബ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, നവദീപ് സൈനി, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നീ അഞ്ച് യുവതാരങ്ങള്‍ക്കാണ് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്.

ഇപ്പോള്‍ രജത് പാട്ടീധാര്‍, സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍, ആകാശ് ദീപ് എന്നിവര്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം നടത്തി. ഇന്ത്യക്ക് ജയിക്കാന്‍ വലിയ പേരുകള്‍ വേണ്ടെന്ന് ഞാന്‍ എപ്പോഴും പറയുന്നത് ഇതുകൊണ്ടാണ്. ഏതെങ്കിലും വലിയ താരങ്ങള്‍ തങ്ങളില്ലാതെ ഇന്ത്യക്ക് ജയിക്കാനാവില്ലെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ള ഉത്തരമാണ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പരമ്പര' ഗവാസ്‌കര്‍ പറഞ്ഞു.
ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യയുടെ പ്രധാന താരങ്ങള്‍ വിരാട് കോലിയും കെ എല്‍ രാഹുലും മുഹമ്മദ് ഷമിയുമാണ്. വിരാട് കോലി രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഇടവേളയെടുത്തിരിക്കുന്നത്. മുഹമ്മദ് ഷമിയും കെ എല്‍ രാഹുലും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ഗവാസ്‌ക്കറിന്റെ വാക്കുകള്‍ കോലിയെ ഉന്നം വെച്ചുള്ളതായാണ് ആരാധകരുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കോലി ആരാധകരെല്ലാം ഗവാസ്‌ക്കറിനെതിരേ തിരിയുകയാണ്.
യശ്വസി ജയ്‌സ്വാളിന്റെ പ്രകടനമാണ് ഇംഗ്ലണ്ട് പരമ്പര ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. രണ്ട് ഇരട്ട സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ ജയ്‌സ്വാളിന്റെ സര്‍വാധിപത്യമാണ് പരമ്പരയില്‍ കണ്ടത്. ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ മെച്ചപ്പെട്ടു. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഗില്ലിനായി. ആകാശ് ദീപ് അരങ്ങേറ്റ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി.
സര്‍ഫറാസ് ഖാന്‍ മൂന്നാം ടെസ്റ്റില്‍ അരങ്ങേറിയപ്പോള്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി. രജത് പാട്ടീധാര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പം പിന്നോട്ട് പോയത്. മൂന്ന് മത്സരം കളിച്ചെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ രജത്തിനായില്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് അഭിമാനിക്കാവുന്ന പരമ്പര നേട്ടമാണിത്. യുവതാരങ്ങളെ കൃത്യമായി ഉപയോഗിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. ഇംഗ്ലണ്ടിന്റെ ശക്തമായ താരനിരയെത്തന്നെയാണ് ഇന്ത്യ തോല്‍പ്പിച്ചിരിക്കുന്നത്.