Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗില്ലിനെ ഇന്ത്യ പുറത്താക്കണോ? എവിടെയാണ് പിഴവ്? ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 246ല്‍ ഇന്ത്യ ഒതുക്കി. മറുപടിക്കിറങ്ങി മികച്ച ലീഡിലേക്കുമെത്താന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യയുടെ ചില താരങ്ങളുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം കാട്ടിയിട്ടില്ല. ശുബ്മാന്‍ ഗില്ലാണ് അതിലൊരാള്‍. ചേതേശ്വര്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന ശുബ്മാന്‍ ഗില്ലിന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.

66 പന്ത് നേരിട്ടെങ്കിലും 23 റണ്‍സാണ് താരത്തിന് നേടാനായത്. 2 ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. ടോം ഹാര്‍ട്ട്‌ലിയെ ബൗണ്ടറി കടത്താനുള്ള ഗില്ലിന്റെ ശ്രമം ഡക്കറ്റിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറിയ ശേഷം മികച്ച പ്രകടനം നടത്താന്‍ ഗില്ലിന് സാധിക്കുന്നില്ല. അവസാന 10 ഇന്നിങ്‌സില്‍ ഒരു തവണ മാത്രമാണ് ഗില്‍ 30ലധികം റണ്‍സ് നേടിയത്. ഇപ്പോഴിതാ ശുബ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

എന്ത് തരം ഷോട്ടിനാണ് അവന്‍ ശ്രമിച്ചതെന്നാണ് ഗവാസ്‌കര്‍ ചോദിക്കുന്നത്. 'എന്ത് തരം ഷോട്ടാണ് അവന്‍ കളിക്കാന്‍ ശ്രമിച്ചത്. അവന്‍ ഉയര്‍ത്തി അടിച്ചാണ് പുറത്തായതെങ്കില്‍ അത് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മോശമായി കളിച്ച ഓണ്‍ഡ്രൈവാണത്. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് നിലയുറപ്പിച്ച ശേഷമാണ് ഇത്തരമൊരു മോശം ഷോട്ട് കളിച്ചത്'- ഗവാസ്‌കര്‍ പറഞ്ഞു. നിര്‍ണ്ണായകമായ ബാറ്റിങ് പൊസിഷനാണ് മൂന്നാം നമ്പര്‍.

ക്ഷമയോടെ പിടിച്ചുനിന്ന് റണ്‍സുയര്‍ത്തേണ്ടതായുണ്ട്. അതിനായുള്ള ശ്രമമാണ് ഗില്‍ നടത്തിയതും. പൊതുവേ അല്‍പ്പം ആക്രമണോത്സകത കാട്ടുന്ന താരമാണ് ഗില്‍. എന്നാല്‍ നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച താരം ഏറെക്കുറെ നിലയുറപ്പിക്കുകയും ചെയ്തു. എന്നാല്‍ തീര്‍ത്തും അനാവശ്യമായൊരു ഷോട്ട് കളിച്ചാണ് ഗില്‍ പുറത്തായിരിക്കുന്നത്. ഒരുവശത്ത് പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം താരം വിക്കറ്റ് തുലയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

shubman gill

ശുബ്മാന്‍ ഗില്ലിന്റെ ടെസ്റ്റിലെ സമീപകാല കണക്കുകള്‍ മോശമാണ്. പല താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ അവസരം കാത്തുനില്‍ക്കവെ ഗില്ലിന് കാര്യങ്ങള്‍ എളുപ്പമല്ല. ഭേദപ്പെട്ട നിലയില്‍ തുടങ്ങാന്‍ താരത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ ഗില്‍ പരാജയപ്പെടുകയാണ്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരേ 128 റണ്‍സ് നേടിയ ശേഷം താരത്തിന്റെ കരിയര്‍ താഴോട്ടാണ്. 199 റണ്‍സാണ് അതിന് ശേഷം ആകെ ഗില്‍ ടെസ്റ്റില്‍ നേടിയത്.

18ല്‍ താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി. ഈ കളികൊണ്ട് ഗില്ലിന് ടെസ്റ്റില്‍ മുന്നോട്ട് പോകാനാവില്ലെന്ന് ദിനേഷ് കാര്‍ത്തികും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 'ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങില്‍ സമ്മര്‍ദ്ദം കാണാന്‍ നിങ്ങള്‍ക്കാവും. ഇനിയും മോശം പ്രകടനങ്ങളുണ്ടായാല്‍ തന്റെ കരിയറിനെയത് പ്രതികൂലമായി ബാധിക്കുമെന്ന് അവനറിയാം. ഇത് അവന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്'- കാര്‍ത്തിക് പറഞ്ഞു. ഓപ്പണിങ് വിട്ടതോടെ ഗില്ലിന് തൊട്ടതെല്ലാം പിഴക്കുകയാണ്.

ഇനിയും തിരിച്ചുവരവ് നടത്താനാവാത്ത പക്ഷം ഗില്ലിന് വഴിമാറിക്കൊടുക്കേണ്ടി വരുമെന്നുറപ്പാണ്. ശ്രേയസ് അയ്യര്‍ക്കും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. മികച്ച രീതിയില്‍ തുടങ്ങി ശ്രേയസ് 35 റണ്‍സെടുത്താണ് പുറത്തായത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ശ്രേയസിന്റെ ശ്രമം ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ ലീഡിലേക്കെത്തിക്കാനുള്ള ചുമതല ശ്രേയസിനുണ്ടായിരുന്നെങ്കിലും താരം വിക്കറ്റ് തുലച്ചു.

കെ എല്‍ രാഹുല്‍ 86 റണ്‍സോടെ തിളങ്ങി. സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും സിക്‌സറിന് ശ്രമിച്ചാണ് രാഹുലും പുറത്തായത്. യശ്വസി ജയ്‌സ്വാള്‍ 80 റണ്‍സും നേടി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചാണ് ഇന്ത്യയുടെ എല്ലാ താരങ്ങളും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. വാലറ്റം അവസരത്തിനൊത്തുയര്‍ന്ന് മികച്ച ലീഡിലേക്കെത്താനും വലിയ ജയം നേടാനും ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, January 26, 2024, 14:52 [IST]
Other articles published on Jan 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+