IND vs ENG: 'സച്ചിന്‍ അന്ന് സിഡ്‌നിയില്‍ ചെയ്തതാണ് കോലിയും ചെയ്യേണ്ടത്', ഉപദേശിച്ച് ഗവാസ്‌കര്‍
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചപ്പോള്‍ 78 റണ്‍സെന്ന നാണംകെട്ട സ്‌കോറിന് ടീമിന് കൂടാരം കയറേണ്ടി വന്നു. ടോസിന്റെ ആനുകൂല്യത്തില്‍ ബാറ്റ് ചെയ്യാനുള്ള വിരാട് കോലിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടാന്‍ അധികം സമയം വേണ്ടിവന്നില്ല. അക്കൗണ്ട് തുറക്കും മുമ്പെ കെ എല്‍ രാഹുലും (0) തൊട്ട് പിന്നാലെ ചേതേശ്വര്‍ പുജാരയും (1) മടങ്ങി. പിന്നാലെ ഗാലറിയിലേക്ക് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു.
സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോമില്‍ ആശങ്കപ്പെട്ടിരുന്ന ഇന്ത്യ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവര്‍ ഫോമിലല്ലാത്തതാണ് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇതില്‍ പുജാരയുടെ അവസാന ടെസ്റ്റ് പരമ്പരയായി ഇത് മാറാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നിരാശപ്പെടുത്തുന്നു.

ഏഴ് റണ്‍സാണ് ലീഡ്‌സില്‍ കോലിക്ക് നേടാനായത്. സെഞ്ച്വറിയില്ലാത്ത 50 ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കിയ കോലിക്ക് പഴയ വീര്യമില്ലെന്നത് സത്യം. ഇപ്പോഴിതാ കോലിയുടെ മോശം ഫോമില്‍ ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. ലീഡ്‌സില്‍ പ്രയാസപ്പെട്ടപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രയോഗിച്ച തന്ത്രമുണ്ട്. അത് കോലിയും പിന്തുടരണമെന്നും സച്ചിനോട് കോലി വിളിച്ച് ഉപദേശം തേടണമെന്നുമാണ് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

'എത്രയും വേഗം വിരാട് കോലി സച്ചിന്‍ ടെണ്ടുല്‍ക്കറെ വിളിക്കണം. എന്താണ് ഞാന്‍ ചെയ്യേണ്ടതെന്ന് ചോദിക്കണം? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സിഡ്‌നിയില്‍ ചെയ്തത് എന്താണോ അതാണ് കോലിയും ചെയ്യേണ്ടത്. സ്വന്തം മനസില്‍ കവര്‍ഡ്രൈവ് കളിക്കില്ലെന്ന് ഉറപ്പിക്കുക.അഞ്ച്,ആറ്,ഏഴ് സ്റ്റംപുകളിലേക്ക് വരുന്ന പന്തുകളിലാണ് കോലി പുറത്താവുന്നതെന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്നു. 2014ല്‍ കൂടുതലും അവന്‍ പുറത്തായത് ഓഫ് സ്റ്റംപിനോടുള്ള ചേര്‍ന്ന പന്തുകളിലായിരുന്നു'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നന്നായി കവര്‍ ഡ്രൈവ് കളിക്കുന്ന താരമാണ്. അതേ പോലെ തന്നെയാണ് വിരാട് കോലിയും. അദ്ദേഹത്തിന്റെ ഇഷ്ട ഷോട്ടുകളിലൊന്നാണ് കവര്‍ ഡ്രൈവ്. കോലിയുടെ കവര്‍ഡ്രൈവിന് പ്രത്യേക ആരാധകരുമുണ്ട്. എന്നാല്‍ കവര്‍ഡ്രൈവ് കളിക്കാനുള്ള കോലിയുടെ സമീപകാല ശ്രമങ്ങളെല്ലാം പിഴക്കുകയാണ്. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളില്‍ കോലി കവര്‍ഡ്രൈവിന് ശ്രമിക്കുന്നതും വിക്കറ്റ് നഷ്ടമാകുന്നതുമാണ് ഇപ്പോള്‍ തുടര്‍ച്ചയായി കാണുന്നത്. ഇതിന് മാറ്റം വരണമെന്നാണ് സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്.

ജെയിംസ് ആന്‍ഡേഴ്‌സന് മുന്നില്‍ ഒമ്പതാം തവണയും കോലി കുടുങ്ങി. ഓഫ് സൈഡിലേക്ക് സ്വിങ് ചെയ്യുന്ന പന്തിന്റെ ദിശ മനസിലാക്കാന്‍ കോലി പ്രയാസപ്പെടുകയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണമുള്ള കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള താരമാണ്. എന്നാല്‍ സമീപകാലത്ത് ഈ പ്രതിഭക്കൊത്ത് അദ്ദേഹത്തിന് ഉയരാന്‍ സാധിക്കുന്നില്ല. 2014ല്‍ ഇംഗ്ലണ്ടില്‍ ഇതുപോലെ തന്നെ കോലിക്ക് ബാറ്റിങ്ങില്‍ നിരാശപ്പെടേണ്ടി വന്നിരുന്നു. എന്നാല്‍ 2018ല്‍ ശക്തമായി തിരിച്ചെത്തിയ അദ്ദേഹം രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം 593 റണ്‍സാണ് അടിച്ചെടുത്തത്.

ഇത്തവണയും വലിയ പ്രതീക്ഷയായിരുന്നു കോലിയില്‍ ഉണ്ടായിരുന്നതെങ്കിലും അദ്ദേഹത്തിന് പഴയ പ്രതാപത്തിനൊത്ത് ഉയരാനാവുന്നില്ല. ടി20 ലോകകപ്പ് വരാനിരിക്കെ കോലിയുടെ ഈ മോശം ഫോം ഇന്ത്യയെ ആശങ്കപ്പെടുത്തുമെന്നുറപ്പ്. ആക്രമണോത്സുകതയ്ക്ക് കുറവില്ലെങ്കിലും ബാറ്റിങ്ങിലെ പഴയ താളം നഷ്ടപ്പെട്ടിരിക്കുന്നു എന്നു വേണം പറയാന്‍. കരിയറില്‍ പല തിരിച്ചടികളും അതിജീവിച്ച ആളായതിനാല്‍ത്തന്നെ ശക്തമായ തിരിച്ചുവരവാണ് കോലിയില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications