ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു വെളളിയാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യയുടെ ബെസ്റ്റ് പ്ലെയിങ് ഇലവന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ കോച്ചും ലോകകപ്പ് വിന്നറുമായ രവി ശാസ്ത്രി. ഹെഡിങ്‌ലേ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് മല്‍സരമാരംഭിക്കുക. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ വിജയത്തോടെ പോസിറ്റീവായി തന്നെ തുടങ്ങുകയാവും ഇരുടീമുകളുടെയും ലക്ഷ്യം.
സീനിയര്‍ താരങ്ങളും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ നയിക്കുക യുവതാരം ശുഭ്മന്‍ ഗില്ലാണ്. ടെസ്റ്റ് ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റവും ഈ മല്‍സരത്തിലൂടെ കാണാം. രോക്കോയുടെ അഭാവം മറികടക്കാനായെങ്കില്‍ മാത്രമേ ഈ പരമ്പരയില്‍ ഇന്ത്യക്കു നേരിയ സാധ്യത പോലും നിലനില്‍ക്കുന്നുളളൂ.

ബൗളിങ് കോമ്പിനേഷന്‍
ഐസിസി റിവ്യുവില്‍ സംസാരിക്കവെയാണ് ലീഡ്‌സിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആരൊക്കെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നു രവി ശാസ്ത്രി നിര്‍ദേശിച്ചത്. മൂന്നു ഫാസ്റ്റ് ബൗളര്‍മാര്‍ക്കൊപ്പം ശര്‍ദ്ദുല്‍ ടാക്കൂറിനെയും ഞാന്‍ ടീമിലേക്കു കൊണ്ടുവരും.
ശര്‍ദ്ദുല്‍, നിതീഷ് റെഡ്ഡി എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയെന്നത് കടുപ്പമായിരിക്കുമെന്നു എനിക്കറിയാം. പക്ഷെ ആര്, എത്ര ഓവറുകള്‍ ബൗള്‍ ചെയുമെന്നു നിങ്ങള്‍ കാണേണ്ടതുണ്ട്. റെഡിക്കു 12, 14 ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ ബാറ്റിങ് കൂടി പരിഗണിച്ച് അവനു തന്നെ മുന്‍തൂക്കം നല്‍കണം.
മൂന്നു ഫാസ്റ്റ് ബൗളര്‍ാരായി ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വരേണ്ടത് പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരായിരിക്കണം. എന്നാല്‍ ലീഡ്‌സിലേത് മൂടിക്കെട്ടിയ, മേഘാവൃതമായ കാലാവസ്ഥയാണെങ്കില്‍ ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിങിനെ കളിപ്പിക്കാനുള്ള പ്രലോഭനം നിങ്ങള്‍ക്കുണ്ടാവും.
അങ്ങനെയെങ്കില്‍ പ്രസിദ്ധ്, അര്‍ഷ്ദീപ് എന്നിവരിലൊരാളെ കളിപ്പിക്കാം. മറ്റു രണ്ടു പേസര്‍മാര്‍ സിറാജും ബുംറയും തന്നെയായിരിക്കുമെന്നും ശാസ്ത്രി വിശദമാക്കി. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തന്റെ ഇലവനില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയില്ല. പകരം വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീമിന്റെ ഭാഗമാക്കുകയും ചെയ്തു.
ബാറ്റിങ് ലൈനപ്പ്
ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ ഓപ്പണിങ് ജോടികളായി കെഎല്‍ രാഹുലിനെയും യശസ്വി ജയ്‌സ്വാളിനെയുമാണ് രവി ശാസ്ത്രി തിരഞ്ഞെടുത്തത്. എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് പൊസിഷന്‍ മൂന്നില്‍ നിന്നും നാലിലേക്കു മാറ്റിയ അദ്ദേഹം പുതുമുഖ താരം സായ് സുദര്‍ശനെയും ഇലവനിലേക്കു കൊണ്ടുവന്നു.
യശസ്വി ജയ്‌സ്വാശും കെഎല്‍ രാഹുലും തന്നെയാവണം ഓപ്പണ്‍ ചെയ്യേണ്ടത്. കാരണം അവനെ സംബന്ധിച്ച് ഇതൊരു വലിയ പര്യടനമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. രാഹുലാണ് ടീമില്‍ ഏറ്റവുധികം അനുഭവസമ്പത്തുള്ള ബാറ്ററന്നെും ശാസ്തി പറഞ്ഞു.

അവസാനമായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ ഓപ്പണ്‍ ചെയ്തത് രാഹുലായിരുന്നു. ഒരു സെഞ്ച്വറി നേടുകയും ചെയ്തു. അവനു അതു മികച്ച ടൂറായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണയും രാഹുല്‍ ഓപ്പണ്‍ ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
മൂന്നാം നമ്പറിലേക്കു ഞാന്‍ പരിഗണിക്കുക യുവതാരം സായ് സുദര്‍ശനെയാണ്. ഞാന്‍ ഇതുവരെ കണ്ടതു വച്ചു നോക്കുമ്പോള്‍ അവന്‍ വളരെ മിടുക്കന്‍ തന്നെയാണ്. ഈ പര്യടനം സായിയെ സംബന്ധിട്ട് നല്ലൊരു അവസരമായിരിക്കുമെന്നു ശാസ്ത്രി ചൂണ്ടിക്കാട്ടി.
നിലവിലെ ഫോമെല്ലാം പരിഗണിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ കരുണ്‍ നായരായിരിക്കും. ഇന്ത്യക്കു വേണ്ടി അവന്‍ കളിച്ചിട്ട് ഒരുപാട് കാലമായിരിക്കുകയാണ്. കരുണ്‍ വലിയ കഠിനാധ്വാനം തന്നെയാണ് നടത്തിയത്.
ടീമിലേക്കു തിരിച്ചുവരാന്‍ അവന്‍ നല്ല പരിശ്രമം നടത്തിയിട്ടുണ്ട്. ഐപിഎല്ലിനിടെ ഞാന്‍ കരുണിനെ കണ്ടു സംസാരിച്ചിരുന്നു. ടീമിന്റെ വാതിലില്‍ മുട്ടുകയല്ല, അതു തകര്‍ത്ത് അകത്തു കയറൂയെന്നാണ് ഞാന്‍ അവനോടു പറഞ്ഞത്. കരുണ്‍ കഴിഞ്ഞാല്‍ ടീമിലെ ആറാമന്‍ റിഷഭ് പന്തായിരിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ആദ്യ ടെസ്റ്റിനുള്ള ശാസ്ത്രിയുടെ ഇന്ത്യന്‍ 11
യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.