എഡ്ബാസ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു ടെസ്റ്റ് ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡിന് അരികിലാണ് ശുഭ്മന്‍ ഗില്‍. എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ വിജയം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ നായകനാവാന്‍ ഒരുങ്ങുകയാണ് ഈ 25കാരന്‍. ഇതിനായി ഇനി ഗില്ലിനു വേണ്ടതാവട്ടെ വെറും ഏഴു വിക്കറ്റുകള്‍ മാത്രം.
ടെസ്റ്റില്‍ ഇന്ത്യന്‍ നായകനായ ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ മല്‍സരം മാത്രമാണിത്. ആദ്യ ടെസ്റ്റിലും ഇപ്പോഴത്തെ എഡ്ബാസ്റ്റണ്‍ ടെസ്റ്റിലുമെല്ലാം ഗില്ലിന്റെ ചില ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. എന്നു കരുതി അദ്ദേഹം വളരെ മോശം ക്യാപ്റ്റനാണെന്നു ആരും കരുതേണ്ട. ഗില്ലിന്റെ ചില ഗെയിം പ്ലാനുകള്‍ക്കു ആരും കൈയടിക്കുക തന്നെ ചെയ്യും.

എഡ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിവസം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ് തെളിയിക്കുന്ന ഒരു സംഭവവും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിന്റെ ഉപദേശം കേള്‍ക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന ഗില്ലിനു പിന്നാലെ അതിന്റെ ഫലവും ലഭിച്ചു. ഈ വീഡിയയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സിറാജ് പറഞ്ഞത് തള്ളി ഗില്‍
എഡ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിനം അവസാനത്തെ സെഷനില്‍ ഇംഗ്ലണ്ട് ടീം 608 റണ്‍സ് ചേസ് ചെയ്യാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ആദ്യ ഓവര്‍ ആകാശ്ദീപ് എറിഞ്ഞപ്പോള്‍ രണ്ടാമത്തെ ഓവര്‍ മുഹമ്മദ് സിറാജിനായിരുന്നു. ആദ്യത്തെ രണ്ടു ബോളും ഇടംകൈയന്‍ ഓപ്പണര്‍ ബെന്‍ ഡക്കെറ്റ് ഫോറിലേക്കു പായിച്ചു. അടുത്ത ബോളില്‍ മൂന്നു റണ്‍സും താരം നേടി.
അതിനു ശേഷമാണ് മറ്റൊരു ഓപ്പണറായ സാക്ക് ക്രോളിക്കു വേണ്ടി ഫീല്‍ഡിങ് ക്രമീകരണം നടത്തവെ നായകന്‍ ശുഭ്മന്‍ ഗില്ലിനെ മുഹമ്മദ് സിറാജ് ഉപദേശിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെക്കുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുകയാണ്.
ശുഭ്മന്‍ ഗില്ലിനെ ഉപദേശിക്കുന്ന മുഹമ്മദ് സിറാജ്. വീഡിയോ കാണാം
ക്രോളിക്കായി ഗില്ലൊരുക്കിയ ഫീല്‍ഡിങ് സെറ്റപ്പില്‍ തൃപ്തനല്ലാതെ സിറാജ് ചില മാറ്റങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ആ പൊസിഷനെ പറ്റിയാണ് ഞാന്‍ പറയുന്നത്. അവിടെയും ഒരു ഫീല്‍ഡര്‍ വേണമെന്നാണ് ഗില്ലിനോടു സിറാജ് പറഞ്ഞത്. എന്നാല്‍ തന്നേക്കാള്‍ സീനിയറായ അദ്ദേഹത്തിന്റെ നിര്‍ദേശം ശാന്തനായി കേട്ടുനിന്ന ഗില്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
അവിടേക്കു ക്യാച്ച് പോവും. അവസാനത്തെ ഇന്നിങ്‌സിലും അവന്‍ (സാക്ക് ക്രോളി) അവിടെയാണ് ക്യാച്ച് നല്‍കിയത്. ഈ വീക്കറ്റ് അതുപോലെയുളളതല്ല (ആദ്യത്തെ ടെസ്റ്റ്). ലീഡ്‌സിലേതു പോലെയുള്ള വിക്കറ്റല്ല ഇത്. സാധാരണത്തേതു പോലെ തന്നെ എറിഞ്ഞോളൂയെന്നായിരുന്നു വളരെ കൂളായി സിറാജിനോടു ഗില്‍ പറഞ്ഞത്.

ക്യാപ്റ്റന്റെ വാക്കുകള്‍ വിശ്വസിച്ച സിറാജ് പിന്നീടൊന്നും തിരിച്ചു പറഞ്ഞില്ല. അടുത്ത ബോള്‍ ഓഫ്സ്റ്റംപിന് പുറത്താണ് അദ്ദേഹമെറിഞ്ഞത്. ക്രോളിയൂടെ ഷോട്ട് നേരെ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ സായ് സുദര്‍ശന്റെ കൈകളില്‍ അവസാനിക്കുകയും ചെയ്തു.
വിക്കറ്റ് വീണതിനു പിന്നാലെ താന്‍ പറഞ്ഞത് ശരിയല്ലേയെന്ന തരത്തില്‍ ചിരിയോടെ സിറാജിനു നേരേ നോക്കിയാണ് ഗില്‍ ആഹ്ലാദ പ്രകടനം നടത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ എതിര്‍ താരത്തെയും പിച്ചിനെയും കുറിച്ചുള്ള തന്റെ കണക്കുകൂട്ടലുകള്‍ എത്ര മാത്രം കൃത്യമായിരുന്നു ഗില്ലിന്റെ ഈ തീരുമാനം തെളിയിക്കുകയും ചെയ്യുന്നു.