സീനിയര്‍ താരങ്ങളില്ലാതെയെത്തി ഇംഗ്ലണ്ടില്‍ സര്‍പ്രൈസ് പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ടീമിനെ വനോളം പ്രശംസിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. മുന്‍ ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെക്കൂടാതെ ആര്‍ അശ്വിനുമില്ലാതെയാണ് ഇത്തവണ ഇംഗ്ലണ്ടില്‍ ഇന്ത്യ റെഡ് ബോള്‍ പരമ്പര കളിച്ചത്. എന്നാല്‍ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനമാണ് ടീം കാഴ്ചവച്ചത്.
അഞ്ചു മല്‍സരങ്ങളുടെ പരമ്പര 2-2നു അവസാനിപ്പിച്ചാണ് നാട്ടിലേക്കു ഇന്ത്യയുടെ മടക്കം. ഓവലിലെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയതോടയാണ് പരമ്പര 2-2നു ഇന്ത്യ അവസാനിപ്പിച്ചത്. മൂന്നു ടെസ്റ്റുകള്‍ക്കു ശേഷം ഇംഗ്ലണ്ട് 2-1ന് മുന്നിലായിരുന്നു. നാലാമങ്കം സമനിലയില്‍ അവസാനിപ്പിച്ച ശേഷാണ് അവസാനത്തേതില്‍ ഗില്ലും സംഘവും വെന്നിക്കൊടി പാറിച്ചത്.

ഗില്ലിനെ പ്രശംസിച്ചു
ഇന്ത്യന്‍ ടീമിനെ കരിയറിലെ ആദ്യത്തെ ടെസ്റ്റ് പരമ്പരയില്‍ തന്നെ ഗംഭീരമായ നയിച്ച ശുഭ്മന്‍ ഗില്ലിനെ ഡാനിഷ് കനേരിയ അഭിനന്ദിച്ചു. 754 റണ്‍സുമായി പരമ്പരയിലെ റണ്‍വേട്ടക്കാരനായി മാറിയ ഗില്‍ ടീമിനെ വളരെ മികച്ച രീതിയില്‍ നയിക്കുകയും ചെയ്തിരുന്നു.
ഈ പരമ്പരയ്ക്കു മുമ്പ് സെനാ രാജ്യങ്ങൡ ഒരു ടെസ്റ്റ് സെഞ്ച്വറി പോലും അദ്ദേഹത്തിന്റെ പേരില്‍ ഇല്ലായിരുന്നു. എന്നാല്‍ ഒരു ഡബിള്‍ സെഞ്ച്വറിയടക്കം നാലു സെഞ്ച്വറികളാണ് പരമ്പരയില്‍ ഗില്‍ വാരിക്കൂട്ടിയത്. പ്ലെയര്‍ ഓഫ് ദി സീരീസായി ഇംഗ്ലണ്ട് കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലം തിരഞ്ഞെടുത്തതും അദ്ദേഹത്തെയാണ്.
അതിശയിപ്പിക്കുന്ന പോരാട്ടമായിരുന്നു അത് (ഓവല്‍ ടെസ്റ്റ്). ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ബെസ്റ്റ് മല്‍സരങ്ങളിലൊന്ന്. ടെസ്റ്റ ക്രിക്കറ്റിന്റെ ഡിമാന്റുകളുമായി മറ്റൊന്നിനെയും താരതമ്യം ചെയ്യാന്‍ കഴിയില്ല. അഞ്ചു ദിവസം കൊണ്ട് ഒരു താരത്തിന്റെ ശാരീരികവും മാനസികവുമായ കാഠിന്യത്തെയെല്ലാം അതും ശരിക്കും ടെസ്റ്റ് ചെയ്യും.
ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ രോഹിത് ശര്‍മയും വിരാട് കോലിയുമില്ലാത്ത ഈ യുവ ഇന്ത്യന്‍ ടീം അവിശ്വസനീയമായിട്ടാണ് ഈ പരമ്പരയില്‍ പെര്‍ഫോം ചെയ്തത്. 700ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഗില്‍ ടീമിനെ മുന്നില്‍ന നിന്നു നയിച്ചു. അദ്ഭുതപ്പെടുത്തുന് കാര്യമാണിതെന്നും ടൈംസ് ഓഫ് ഇന്ത്യയോടു കനേരിയ പറഞ്ഞു.
സിറാജ് ഹീറോ
ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി അഞ്ചു ടെസ്റ്റുകളിലും കളിക്കുകയും കൈയ്‌മെയ് മറന്ന് പോരാടുകയും ചെയ്ത ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെയും ഡാനിഷ് കനേരിയ പ്രശംസ കൊണ്ടു മൂടി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഒരു ടെസ്റ്റില്‍ ബ്രേക്കെടുക്കുകയും അവസാനത്തേതില്‍ ഫിറ്റ്‌നസ് പ്രശ്‌നം കാരണം പിന്‍മാറുകയും ചെയ്തപ്പോള്‍ സിറാജിന്റെ പോരാട്ടവീര്യമാണ് ടീമിനു തുണയായത്. 23 വിക്കറ്റുകളുമായി പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമാണ്.

സിംഹൃദയമുള്ള താരമെന്നായിരുന്നു സിറാജിനെ കനേരിയ പ്രശംസിച്ചത്. മുഹമ്മദ് സിറാജ് ശരിക്കും സിംഹഹൃദയമുള്ളവനാണ്. ടീമിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത സമാനതകളില്ലാത്തതാണ്. അഞ്ചു ടെസ്റ്റുകളിലും കളിച്ചതും എല്ലാത്തിലും ഒരേ തീവ്രതയോടെ പന്തെറിഞ്ഞതും അദ്ദേഹത്തിന്റെ പാഷനു മികച്ച ഫിറ്റ്‌നസുമെല്ലാമാണ് കാണിക്കുന്നത്. ടീമിന്റെ പേസാക്രമണത്തെ സിറാജ് ശരിക്കും തോളിലേന്തുകയാണ് ചെയ്തതെന്നും കനേരിയ പ്രശംസിക്കുന്നു.
ഓവല്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നൈറ്റ് വാച്ചമാനായെത്തി 66 റണ്‍സ് നേടിയ ഇന്ത്യന്‍ പേസര്‍ ആകാശ്ദീപിന്റെ പ്രകടനത്തെയും അദ്ദേഹം പുകഴ്ത്തി. തന്റെ അഭിപ്രായത്തില്‍ കളിയിലെ ടേണിങ് പോയിന്റും അതു തന്നെയാണെന്നും കനേരിയ ചൂണ്ടിക്കാട്ടി.