വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇന്ത്യയെ സംബന്ധിച്ച് അഭിമാന മത്സരമാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയുടെ ഭാഗ്യ മൈതാനമായ ഹൈദരാബാദില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. പരിക്കും മോശം ഫോമുമാണ് ഇന്ത്യക്ക് തിരിച്ചടി നല്‍കുന്ന കാര്യം. ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാണ് നിരാശപ്പെടുത്തുന്ന കാര്യം.
അടുത്ത വിരാട് കോലിയെന്ന വിശേഷണം നേടിയ താരമാണ് ശുബ്മാന്‍ ഗില്‍. എന്നാല്‍ ഓപ്പണര്‍ സ്ഥാനം വിട്ട് മൂന്നാം സ്ഥാനത്തേക്കിറങ്ങിയതോടെ ശുബ്മാന്റെ ഫോമും നഷ്ടമായി. 6, 10, 29*, 2, 26, 36, 10, 23, 0 എന്നിങ്ങനെയാണ് മൂന്നാം നമ്പറിലെ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനങ്ങള്‍. രണ്ടാം ടെസ്റ്റിലും ഗില്ലിനേയും ശ്രേയസിനേയും ഇന്ത്യ നിലനിര്‍ത്തിയേക്കും. എന്നാല്‍ ഫോം ചോദ്യം ഉയര്‍ത്തുന്നു. ഇപ്പോഴിതാ ശുബ്മാനെ ഫോമിലേക്കെത്തിക്കാന്‍ നിര്‍ണ്ണായകമായ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് വസിം ജാഫര്‍.
രോഹിത് ശര്‍മ മൂന്നാം നമ്പറിലേക്കിറങ്ങി ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ഓപ്പണര്‍മാരാകണമെന്നാണ് ജാഫര്‍ നിര്‍ദേശിക്കുന്നത്. ഇതൊരു മികച്ച നീക്കമായിരിക്കുമെന്ന് തന്നെ വിലയിരുത്താം. കാരണം അത്ര വേഗം ഇന്ത്യക്ക് തഴയാന്‍ സാധിക്കുന്ന പ്രതിഭയല്ല ശുബ്മാന്‍ ഗില്‍. മൂന്നാം നമ്പറില്‍ തിളങ്ങുകയെന്നത് ഗില്ലിന് വലിയ വെല്ലുവിളിയാണ്. കാരണം ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ മൂന്നാം നമ്പര്‍ വളരെ പ്രധാനപ്പെട്ടതാണ്.
രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പുജാരയും കളിച്ച ബാറ്റിങ് പൊസിഷന്‍ ഗില്ലിന് ചേരുന്നതല്ല. ക്ഷമയോടെ പിടിച്ചുനിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ട റോളാണ് മൂന്നാം നമ്പര്‍ താരത്തിനുള്ളത്. എന്നാല്‍ ഗില്‍ അല്‍പ്പം ആക്രമണോത്സകതയുള്ള താരമാണ്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ കളിക്കുകയെന്നത് ഗില്ലിന് ചേരാത്ത ബാറ്റിങ് പൊസിഷനാണ്. അണ്ടര്‍ 19 ക്രിക്കറ്റിലടക്കം മൂന്നാം നമ്പറില്‍ കളിച്ച് തിളങ്ങാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് ഇന്ത്യന്‍ ടീമിനൊപ്പം ആവര്‍ത്തിക്കുക എളുപ്പമല്ല. ഇത് പരിഗണിക്കുമ്പോള്‍ ഗില്ലിനെ ജയ്‌സ്വാളിനൊപ്പം ഓപ്പണറാക്കുന്നതാണ് നല്ലത്. ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം ഗില്ല് നടത്തിയിട്ടുണ്ട്. എന്നാല്‍ ടേണിങ് പിച്ചിലേക്ക് വരുമ്പോള്‍ ഗില്ലിന് കാര്യങ്ങള്‍ എളുപ്പമല്ല. ഫ്‌ളാറ്റ് പിച്ചുകളിലാണ് താരത്തിന് കൂടുതല്‍ ശോഭിക്കാനാവുന്നത്. നിലവിലെ സാഹചര്യത്തില്‍ ഗില്‍ കൂടുതല്‍ ക്ഷമകാട്ടാത്ത പക്ഷം ടീമിലെ സീറ്റ് തെറിക്കാന്‍ സാധ്യത കൂടുതലാണ്.
രോഹിത് ശര്‍മയെ മൂന്നാം നമ്പറിലേക്ക് ഇറക്കുന്നത് മികച്ച നീക്കമായിരിക്കില്ല. കാരണം ഗില്ലിനെപ്പോലെ തന്നെ ക്ഷമയോടെ കളിക്കാന്‍ രോഹിത്തിനുമാവില്ല. മോശം പന്തുകളെ കടന്നാക്രമിക്കുന്ന താരമാണ് രോഹിത്. ആദ്യ ടെസ്റ്റില്‍ സിക്‌സറിന് ശ്രമിച്ചാണ് ആദ്യ ഇന്നിങ്‌സില്‍ രോഹിത് പുറത്തായത്. വിരാട് കോലിയുടേയും കെ എല്‍ രാഹുലിന്റേയും അഭാവത്തില്‍ ഇന്ത്യ നാലാം നമ്പറിലേക്ക് രോഹിത്തിനെ പരിഗണിക്കാവുന്നതാണ്.
മൂന്നാം നമ്പറില്‍ ഇന്ത്യക്ക് രജത് പാട്ടീധാറിനെ പരിഗണിക്കാവുന്നതാണ്. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെ തുടര്‍ന്നേക്കും. ഇന്ത്യ ഇത്തരമൊരു മാറ്റത്തിന് തയ്യാറാകാന്‍ സാധ്യത കുറവാണ്. ഇന്ത്യ തന്ത്രം മാറ്റിയാലും ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്തിന് ധൈര്യം കാട്ടിയേക്കില്ല. ഇന്ത്യ അമിത പ്രതിരോധത്തിന് ശ്രമിച്ചതാണ് ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ കാരണങ്ങളിലൊന്ന്. ഭയമില്ലാതെ കളിക്കുന്ന താരങ്ങളുടെ അഭാവം ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ട്.
റിഷഭ് പന്തിനെപ്പോലൊരു താരത്തെ ഇന്ത്യ മിസ് ചെയ്യുന്നു. അമിത പ്രതിരോധത്തിലേക്ക് ടീം പോകുമ്പോള്‍ ബാറ്റിങ് നിരക്ക് മികവ് കാട്ടാന്‍ സാധിക്കാതെ പോകുന്നു. ഇതിന് മാറ്റം വരേണ്ടതായുണ്ട്. അതിന് പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന താരങ്ങളെയാണ് ആവശ്യം.