മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പതറവെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ മധ്യനിര ബാറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. ഈ മല്‍സരത്തില്‍ ഗില്‍ കളിക്കളത്തില്‍ എടുത്തിട്ടുള്ള ഒരു തീരുമാനത്തോടെ കോച്ച് ഗൗതം ഗംഭീറുള്‍പ്പെടെ ടീമിലെ മറ്റു സീനിയര്‍ കളിക്കാരും യോജിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
തന്റെ ബൗളര്‍മാരെ ഈ മല്‍സരത്തില്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതില്‍ ഗില്‍ തികഞ്ഞ പരാജയമായി മാറിയിരുന്നു. ഈ കാരണത്താല്‍ തന്നെ ഇന്ത്യ പൂര്‍ണമായും ഇപ്പോള്‍ ബാക്ക്ഫൂട്ടിലുമായിരിക്കുകയാണ്. മൂന്നു വിക്കറ്റുകള്‍ കൈയിലിരിക്കെ 200നടുത്ത് റണ്‍സിന്റെ മികച്ച ലീഡ് ഇംഗ്ലണ്ട് ഇപ്പോള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവ് ഇന്ത്യക്കു അസാധ്യം തന്നെയായിരിക്കും.

ഗില്‍ വരുത്തിയ പിഴവ്
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങിസില്‍ ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദറിനെ ദീര്‍ഘനേരം ബൗളിങില്‍ നിന്നും മാറ്റിനിര്‍ത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ തീരുമാനത്തെയാണ് സഞ്ജയ് മഞ്ജരേക്കര്‍ വിമര്‍ശിച്ചത്. മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പ് 69ാം ഓവറിലാണ് വാഷിങ്ടണിന് ആദ്യമായി ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്.
തന്റെ അഞ്ചാം ഓവറില്‍ തന്നെ വിക്കറ്റെടുത്ത അദ്ദേഹം ഇത്രയും സമയം തനിക്കു അവസരം നല്‍കാതിരുന്ന ഗില്ലിന്റെ തീരുമാനം തെറ്റാണന്നും തെളിയിക്കുകയായിരുന്നു. രണ്ടു വിക്കറ്റുകളാണ് മുന്നാംദിനം വാഷിങ്ടണ്‍ സ്വന്തമാക്കിയത്. വാഷിങ്ടണിനു നേരത്തേ ബൗളിങ് നിഷേധിച്ച ഗില്ലിന്റെ തീരുമാനത്തോടു ആരും തന്നെ അനുകൂലിക്കില്ലെന്നു മഞ്ജരേക്കര്‍ കുറ്റപ്പെടുത്തി.
ഈ തീരുമാനം (വാഷിങ്ടണിനെ മാറ്റി നിര്‍ത്തിയത്) ശുഭ്മന്‍ ഗില്‍ തനിച്ചു തന്നെ എടുത്തതാണെന്നു നമുക്കു അനുമാനിക്കാന്‍ കഴിയുമോ? കരിയറിന്റെ ഈയൊരു ഘട്ടത്തില്‍ അദ്ദേഹത്തിനു ചില നിര്‍ദേശങ്ങള്‍ ലഭിക്കുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കുമോ? അതോ ബാറ്ററെന്ന നിലയില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തത് പരിഗണിക്കുമ്പോള്‍ അദ്ദേഹം അതിനു പ്രാപ്തനായെന്നു കരുതി എല്ലാവരും പിന്‍മാറിയിട്ടുണ്ടാവുമോയെന്നും മഞ്ജരേക്കര്‍ സംശയം പ്രകടിപ്പിക്കുന്നു.
കാരണം എല്ലാവരും ഇങ്ങനെയൊരു നീക്കത്തോടു അനുകൂലിക്കുന്നതായി എനിക്കു തോന്നുന്നില്ല. വാഷി (വാഷിങ്ടണ് സുന്ദര്‍) ബൗള്‍ ചെയ്യരുതെന്നു ജസ്പ്രീത് ബുംറയോ, കെഎല്‍ രാഹുലോ, ഗൗതം ഗംഭീറോ ചിന്തിക്കുന്നുണ്ടാവില്ലെന്നും ഗില്ലിന്റെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് മഞ്ജരേക്കര്‍ പറഞ്ഞു.

വാഷിങ്ടണിനു ദീര്‍ഘ നേരത്തേക്കു ബൗളിങ് നല്‍കാതിരുന്നതു കാരണം അദ്ദേഹത്തെ ടീമിലെടുത്തതിന്റെ ആവശ്യം പോലും പലരും ചോദ്യം ചെയ്തിരുന്നു. പല മുന്‍ താരങ്ങളും ഗില്ലിന്റെ നീക്കത്തെ അതിരൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. ലോര്‍ഡ്‌സില്‍ ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയ മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ പിഴുത ബൗളറാണ് വാഷിങ്ടണ്‍.
ഈ പ്രകടനം തീര്‍ച്ചയായും അദ്ദേഹത്തിന്റെ ആത്മവിശ്വാസവും വാനോളമുയര്‍ത്തിയിട്ടുണ്ടാവും. പക്ഷെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ ഗില്‍ തന്റെ ബൗളിങില്‍ വിശ്വാസമില്ലാതെ മാറ്റി നിര്‍ത്തിയത് വാഷിങ്ടണിനെ തീര്‍ച്ചയായും നിരാശപ്പെടുത്തിയിട്ടുണ്ടാവുമെന്നതും ഉറപ്പാണ്.
അതേസമയം, മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഓരോ സെഷന്‍ കഴിയുന്തോറും മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോയി കൊണ്ടിരിക്കുകയാണ്. 186 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ഇംഗ്ലണ്ട് ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു. മൂന്നു വിക്കറ്റുകള്‍ അവരുടെ പക്കല്‍ ഇനിയും ശേഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ വിജയം നേടിയെടുക്കുന്നതിനേക്കാള്‍ പരാജയം ഒഴിവക്കുകയെന്നതായിരിക്കും ഇനി ഇന്ത്യക്കു മുന്നിലുള്ള വഴി.