ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനെതിരേ രൂക്ഷവിമര്‍ശനവുനായി മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി ഒട്ടും പോരെന്നും നായകെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമീപനവുമാണ് പരാജയകാരണമെന്നു മഞ്ജരേക്കര്‍ തുറന്നടിക്കുന്നു.
371 റണ്‍സിന്റെ ഏറെ ദുഷ്‌കരമായ വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ വളരെ അനായാസമാണ് അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ അവര്‍ ഈ ടോട്ടല്‍ മറികടന്നത്. ബെന്‍ ഡക്കെറ്റിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ഇംഗ്ലണ്ടിന്റെ ജയത്തിനു അടിത്തറയിടുകയും ചെയ്തു.

ഗില്ലിന്റെ ക്യാപ്റ്റന്‍സി
ലീഡ്‌സിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി വളരെയധികം ഡിഫന്‍സീവായിരുന്നുവെന്നു സഞ്ജയ് മഞ്ജരേക്കര്‍ വിമര്‍ശിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ടീമിന്റെ പുതിയ നായകനെ അദ്ദേഹം കുറപ്പെടുത്തിയത്.
റണ്‍ചേസില്‍ ഇംഗ്ലണ്ടിന്റെ സമീപനത്തെ മുന്‍കൂട്ടി കണ്ടതിനു ശേഷം വളരെയധികം ഡിഫന്‍സീവായിട്ടുള്ള ഫീല്‍ഡാണ് ശുഭ്മന്‍ ഗില്‍ ക്രമീകരിച്ചത്. എനിക്കു ഇക്കാര്യത്തിലേക്കു വിരാട് കോലിയെ കൊണ്ടുവരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
എങ്കിലും അത്തരമൊരു സാഹചര്യത്തില്‍ കോലിയെന്ന ക്യാപ്റ്റനെ കുറിച്ച് സങ്കല്‍പ്പിച്ച് നോക്കൂ. അദ്ദേഹം തീര്‍ച്ചയായും ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ക്കു വേണ്ടി തന്നെയാവും പോവുകയെന്നു മഞ്ജരേക്കര്‍ വിലയിരുത്തി.
ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ ഗില്ലിന്റെ പല ഫീല്‍ഡ് ക്രമീകരണങ്ങളും ഡിഫന്‍സീവായിട്ടുള്ളതായിരുന്നു. ഈ കാരണത്താല്‍ അവരുടെ ബാറ്റര്‍മാര്‍ക്കു കാര്യമായ സമ്മര്‍ദ്ദമില്ലാതെ വളരെ അനായാസം റണ്‍സ് കണ്ടെത്താനും സാധിച്ചു.
ഗില്ലിന്റെ ഡിഫന്‍സീവ് ശൈലി കാരണം ഫാസ്റ്റ് ബൗളര്‍മാര്‍ പലപ്പോഴും നിസ്സഹായരായാണ് കാണപ്പെട്ടത്. ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരെ നിയോഗിച്ച് ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കാനോ, അതു വഴി വിക്കറ്റുകളടുക്കാനോ ഗില്‍ ശ്രമിച്ചില്ല. ഇതു മുതലെടുത്താണ് 370 പ്ലസ് വിജയലക്ഷ്യം ഇംഗ്ലീഷ് താരങ്ങള്‍ കാര്യമായി വിയര്‍ക്കാതെ മറികടന്നത്.

കോലിയെങ്കില്‍ ആക്രമിച്ചേനെ
ഇന്ത്യന്‍ ടീമിന്റെ നായകനായി ശുഭ്മന്‍ ഗില്ലിന്റെ സ്ഥാനത്തു വിരാട് കോലി ആയിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുമായിരുന്നുവെന്നു സഞ്ജയ് മഞ്ജരേക്കര്‍ വിലയിരുത്തി. പുറത്താക്കാന്‍ താന്‍ ശ്രമിക്കുമെന്നു എതിരാളിള്‍ക്കു വിരാട് കോലി കാണിച്ചു കൊടുക്കുമായിരുന്നു.
പക്ഷെ ശുഭ്മന്‍ ഗില്‍ അത്തരമൊരു വ്യക്തിത്വമുള്ളയാളോ, അങ്ങനെയൊരു ക്യാപ്റ്റനോയല്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. എങ്കിലും പരിചയ സമ്പന്നായ കോലിയെ തുടക്കക്കാരന്‍ മാത്രമായ ഗില്ലിനെതിരേ നിര്‍ത്തുന്നത് അന്യായമായിരിക്കുമെന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
ക്യാപ്റ്റന്‍സിയുടെ പേരില്‍ ക്രൂശിക്കപ്പെടുകയാണെങ്കിലും ബാറ്ററുടെ റോളില്‍ നായകനായുള്ള തുടക്കം ഗില്‍ ഗംഭീരമാക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ടീമിനെ വലിയ ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹമാണ്.
ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഗില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. 227 ബോളില്‍ 147 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിട്ടാണ് അദ്ദേഹം ക്രീസ് വിട്ടത്. ഇതോടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറിയടിച്ച അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ഗില്‍ മാറുകയും ചെയ്തു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ഈ പ്രകടനമാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. എട്ടു റണ്‍സ് മാത്രമെടുത്ത് താരം ക്രീസ് വിടുകയായിരുന്നു.