ശുഭ്മന്‍ ഗില്ലിന്റെ കീഴില്‍ പുതിയ ലുക്കിലുള്ള ടീം ഇന്ത്യ ഇംഗ്ലീഷ് ചാലഞ്ചിനു കച്ചമുറുക്കി കഴിഞ്ഞു. ഇരുടീമുകളും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു വെള്ളിയാഴ്ച ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ തുടക്കമാവുകയാണ്. ബാറ്റിങിലെ നെടുംതൂണുകളായിരുന്ന രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിനു ശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യത്തെ റെഡ് ബോള്‍ പരമ്പര കൂടിയാണിത്.
ഇംഗ്ലണ്ടിലെ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ ബാറ്റര്‍മാരില്‍ നിന്നും മികച്ച സംഭാവനകള്‍ ലഭിച്ചാല്‍ മാത്രമേ ഈ പരമ്പരയില്‍ ഇന്ത്യക്കു വിജയപ്രതീക്ഷയുള്ളൂ. നിലവിലെ ഫോം കണക്കിലെടുത്ത് ഇന്ത്യന്‍ സംഘത്തിലെ ബാറ്റര്‍മാര്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും 10ല്‍ എത്ര വീതമാവും ലഭിക്കുകയെന്നു നോക്കാം.

ഗില്‍ & റിഷഭ്
ഇന്ത്യന്‍ ടീമിന്റെ നിലവിലെ ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിന്റെ റേറ്റിങ് 10ല്‍ 8.5 ആണെങ്കില്‍ വൈസ് ക്യാപ്റ്റനായി സ്ഥാനമേറ്റെടുത്ത വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ആറ് മാത്രമേ റേറ്റിങുള്ളൂ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി വലിയ റണ്‍വേട്ട നടത്തിയാണ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ ഇംഗ്ലണ്ടിലെത്തിയത്. 155.88 സ്‌ട്രൈക്ക് റേറ്റില്‍ 650 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
ഇംഗ്ലണ്ടിലെത്തിയതിനു ശേഷം ഇന്ത്യന്‍ എ ടീമുമായുള്ള ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിലും ഗില്‍ കളിച്ചു. ഈ കളിയില്‍ ഫിഫ്റ്റിയും കുറിക്കാന്‍ താരത്തിനായിരുന്നു. അതിനാല്‍ വലിയ ആത്മവിശ്വാസത്തിലായിരിക്കും ടെസ്റ്റ് പരമ്പരയില്‍ ഗില്ലിറങ്ങുക.
റിഷഭിന്റെ കാര്യമെടുത്താല്‍ ഐപിഎല്ലില്‍ അദ്ദേഹം തീര്‍ത്തും നിറംമങ്ങിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ താരം 24.45 ശരാശരിയില്‍ വെറും 269 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തുള്ളൂ. എങ്കിലും അവസാന മല്‍സരത്തില്‍ സെഞ്ച്വറി കുറിക്കാനായത് റിഷഭിനു സന്തോഷിക്കാന്‍ വക നല്‍കുന്നു.
ജയ്‌സ്വാള്‍ & രാഹുല്‍
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ കെഎല്‍ രാഹുലിന് 10ല്‍ 9 എന്ന മികച്ച റേറ്റിങ്ങുണ്ടെങ്കില്‍ യശസ്വി ജയ്‌സ്വാളിന്റേത് 7.5 ആണ്. വളരെ മികച്ച ഫോമിലാണ് രാഹുല്‍ ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 53.90 ശരാശരിയില്‍ 539 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിലും രാഹുല്‍ കളിച്ചു. ഫിഫ്റ്റി പ്ലസ് സ്‌കോറും അദ്ദേഹം നേടി. കൂടാതെ ഇംഗ്ലണ്ട് ലയണ്‍സുമായുള്ള അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി കിടിലന്‍ സെഞ്ച്വറിയും താരം കണ്ടെത്തി.

എന്നാല്‍ ജയ്‌സ്വാള്‍ ഇന്ത്യന്‍ എ ടീമിനൊപ്പവും ഇന്‍ട്രാ സ്‌ക്വാഡ് മാച്ചിലുമൊന്നും കാര്യമായി തിളങ്ങിയില്ല. 110 റണ്‍സാണ് ഇവയിലെല്ലാമായി താരം സ്‌കോര്‍ ചെയ്തത്. അതിനു മുമ്പ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 559 റണ്‍സ് ജയ്‌സ്വാള്‍ അടിച്ചെടുത്തിരുന്നു.
സായ്, അഭിമന്യു, കരുണ്‍. ജുറേല്‍
ഇനിയും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ലാത്ത സായ് സുദര്‍ശന്റെ റേറ്റിങ് 9 ആണെങ്കില്‍ അഭിമന്യു ഈശ്വരന്റേത് 7 ആണ്. മധ്യനിര താരങ്ങളായ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കു 8.5ഉം ധ്രുവ് ജുറേലിനു 8ഉം റേറ്റിങ് ലഭിച്ചു.
കിടിലന്‍ ഫോമിലാണ് ഇപ്പോള്‍ സായിയുള്ളത്. ഐപിഎല്ലില്‍ ഗുജറാത്ത്
ടൈറ്റന്‍സിനായി 759 റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പും താരം സ്വന്തമാക്കിയിരുന്നു. അഭിമന്യുവാകട്ടെ ഇംഗ്ലണ്ട് ലയണ്‍സുമായുള്ള രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ 167 റണ്‍സാണ് നേടിയത്.
എട്ടു വര്‍ഷത്തിനു ശേഷം വീണ്ടും കരുണിനെ ദേശീയ ടീമിലെത്തിച്ചത് ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ 863ഉം വിജയ് ഹസാരെ ട്രോഫിയില്‍ 779ഉം റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അവസാനമായി ഇംഗ്ലണ്ട് ലയണ്‍സുമായുള്ള ടെസ്റ്റില്‍ ഇന്ത്യന്‍ എയ്ക്കു വേണ്ടി ഡബിള്‍ സെഞ്ച്വറിയും കരുണ്‍ കുറിച്ചു.
എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 333 റണ്‍സേ ജുറേല്‍ നേടിയുള്ളൂ. പക്ഷെ ഇംഗ്ലണ്ടിലെത്തിയ ശേഷം താരം മിന്നിച്ചു. ഇന്ത്യന്‍ എ ടീമിനു വേണ്ടി തുടര്‍ച്ചയായി മൂന്നു സിക്‌സറുകളാണ് ജുറേല്‍ അടിച്ചെുത്തത്.