ധരംശാല: ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റുചെയ്യുകയാണ്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 2 വിക്കറ്റിന് 100 റണ്‍സെന്ന നിലയിലാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനെ പുറത്താക്കാന്‍ ശുബ്മാന്‍ ഗില്ലെടുത്ത ക്യാച്ചിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കുല്‍ദീപ് യാദവിനെ വമ്പന്‍ സിക്‌സറിന് ശ്രമിച്ച ഡക്കെറ്റിന് പിഴച്ചു.
എഡ്ജായി ഉയര്‍ന്ന പന്തിനെ റണ്ണിങ് ക്യാച്ചിലൂടെ ശുബ്മാന്‍ ഗില്‍ പിടിച്ചെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ശുബ്മാന്‍ ഗില്ലിനെ അഭിനന്ദിക്കുകയാണ് എല്ലാവരും. നിലവിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ഗില്ലാണെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. വളരെ ദുഷ്‌കരമായ ക്യാച്ചായിരുന്നു അത്. എന്നാല്‍ അനായാസം കൈപ്പിടിയിലാക്കാന്‍ ഗില്ലിനായി. ഇന്ത്യയുടെ അടുത്ത ഹീറോ ഗില്ലാണെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്.
ഡക്കെറ്റ് അപകടകാരിയായ ബാറ്റ്‌സ്മാനാണ്. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിവുണ്ട്. അതുകൊണ്ടുതന്നെ ഗില്ലിന്റെ ക്യാച്ച് വളരെ നിര്‍ണ്ണായകമാണെന്നും ആരാധകര്‍ പറയുന്നു. മൂന്നാമന്‍ ഒലി പോപ്പിനേയും കുല്‍ദീപ് യാദവാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറേലിന്റെ മികച്ച നീക്കമാണ് പോപ്പിന്റെ വിക്കറ്റിലേക്ക് നയിച്ചത്. സ്പിന്നര്‍ക്കെതിരേ ക്രീസില്‍ നിന്ന് കയറി കളിക്കാന്‍ പോപ്പ് ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ കുല്‍ദീപ് ഇത് മനസിലാക്കി ലെങ്ത് മാറ്റി.
കുല്‍ദീപിനെ ക്രീസില്‍ നിന്ന് കയറിക്കളിച്ച പോപ്പിന് പന്ത് കണക്ട് ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ അനായാസം ജുറേല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇന്ത്യയുടെ പ്രമുഖ സ്പിന്നര്‍മാരെയെല്ലാം നന്നായി കീപ്പ് ചെയ്യാന്‍ ജുറേലിന് സാധിക്കുന്നുണ്ട്. ടേണുള്ള പിച്ചില്‍ സ്പിന്നര്‍മാര്‍ക്കെതിരേ കീപ്പ് ചെയ്യുകയെന്നത് വളരെ ദുഷ്‌കരമാണ്. എന്നാല്‍ യുവതാരമായ ജുറേല്‍ ഈ ജോലി നന്നായി ചെയ്യുന്നുണ്ട്. റിഷഭ് പന്തിനൊപ്പം ജുറേലിന് ടെസ്റ്റ് വിക്കറ്റ് കീപ്പറായി കൂടുതല്‍ അവസരം നല്‍കണമെന്നും ആരാധകര്‍ പറയുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പിലും ജുറേലിനെ വിക്കറ്റ് കീപ്പറാക്കി പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഞ്ചാം ടെസ്റ്റ് അഭിമാന പ്രശ്‌നമാണ്. ആദ്യ മത്സരത്തില്‍ 28 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ച് തുടങ്ങിയ ഇംഗ്ലണ്ടിന് പിന്നീടങ്ങോട്ട് മൂന്ന് മത്സരത്തിലും തോല്‍ക്കേണ്ടി വന്നു. ഇതോടെ പരമ്പരയും നഷ്ടമായി. അതുകൊണ്ടുതന്നെ അഞ്ചാം ടെസ്റ്റ് ജയിച്ച് അഭിമാനത്തോടെ മടങ്ങാനാവും സന്ദര്‍ശകരായ ഇംഗ്ലണ്ട് ശ്രമിക്കുക.
ആര്‍ അശ്വിന്റെ 100ാം ടെസ്റ്റ് എന്ന നിലയില്‍ വലിയ പരിഗണന മത്സരത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ആദ്യ സെക്ഷനില്‍ ആര്‍ അശ്വിന് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല. ഫ്‌ളാറ്റ് പിച്ചാണ് ധരംശാലയിലേത്. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍തൂക്കവും ലഭിക്കുന്നുണ്ട്. സാക്ക് ക്രോളി അര്‍ധ സെഞ്ച്വറി പിന്നിട്ട് മുന്നേറുന്നതാണ് ഇംഗ്ലണ്ടിന് കരുത്താവുന്നത്. പരമ്പരയിലെ നാലാം ഫിഫ്റ്റി നേടിയ താരം 400 റണ്‍സും പിന്നിട്ടു.
ഇന്ത്യ ഒരു മാറ്റത്തോടെയാണ് അവസാന ടെസ്റ്റില്‍ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ രജത് പാട്ടീധാറിനെ പുറത്തിരുത്തിയപ്പോള്‍ പകരക്കാരനായി കര്‍ണാടകക്കാരനായ ദേവ്ദത്ത് പടിക്കലിന് അവസരം ലഭിച്ചു. ഈ പരമ്പരയില്‍ അരങ്ങേറ്റം നടത്തുന്ന നാലാമത്തെ അഞ്ചാമത്തെ താരമാണ് ദേവ്ദത്ത്. രജത് പാട്ടീധാര്‍, ദ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, ആകാശ് ദീപ് എന്നിവരാണ് ദേവ്ദത്തിന് മുമ്പ് അരങ്ങേറിയത്.
പ്ലേയിങ് 11: ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (c), ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സന്‍, ഷൊയ്ബ് ബഷീര്‍
ഇന്ത്യ- യശ്വസി ജയ്സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ