വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി നേരിട്ടിരിക്കുകയാണ് ആതിഥേയരായ ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ 28 റണ്‍സിന്റെ തോല്‍വി നേരിട്ടതെന്നതാണ് എടുത്തു പറയേണ്ടത്. 231 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇംഗ്ലണ്ടിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 202 റണ്‍സാണ് നേടാനാനയത്. ആദ്യ ഇന്നിങ്‌സില്‍ 436 റണ്‍സടിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ പൂര്‍ണ്ണമായും കളി മറക്കുകയായിരുന്നു.
ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ പറയാനാവുമെങ്കിലും പ്രധാന പ്രശ്‌നം മോശം ബാറ്റിങ് പ്രകടനമാണ്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ചില സുപ്രധാന മാറ്റങ്ങള്‍ ഉറപ്പാണ്. വിശാഖ പട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് 11 പരിശോധിക്കാം. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തുടരുമെന്നുറപ്പാണ്. രണ്ട് പേരും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് മികച്ചതായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ 42 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കായിരുന്നു. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കൊപ്പം ജയ്‌സ്വാള്‍ തുടരുന്നതാണ് ഇന്ത്യക്കും ഗുണം ചെയ്യുക. ജയ്‌സ്വാള്‍ ഒരുവശത്ത് റണ്‍സുയര്‍ത്തി കളിക്കുമ്പോള്‍ രോഹിത് ശര്‍മ പിന്തുണ നല്‍കി മുന്നോട്ട് പോകുന്നതാണ് നല്ലത്. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെ ഇനി കളിപ്പിക്കരുത്. ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ കളിക്കുക ഗില്ലിനെ സംബന്ധിച്ച് കടുപ്പമാണ്. പിടിച്ചുനിന്ന് കളിക്കേണ്ട ബാറ്റിങ് പൊസിഷനാണിത്.
എന്നാല്‍ ഗില്ലിനത് സാധിക്കുന്നില്ല. പ്രതിരോധിച്ച് കളിക്കേണ്ട മൂന്നാം നമ്പറില്‍ ഗില്‍ സമ്മര്‍ദ്ദത്തോടെയാണ് ബാറ്റുചെയ്യുന്നത്. അതുകൊണ്ടുതന്നെ ഗില്ലിന് പകരം ഇന്ത്യ രജത് പാട്ടീധാറിനെ പരിഗണിക്കണം. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിച്ച താരമാണ് പാട്ടീധാര്‍. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനൊപ്പവും ശ്രദ്ധേയ പ്രകടനം നടത്താന്‍ രജത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്നാം നമ്പറില്‍ ഈ മാറ്റം കൊണ്ടുവന്നേക്കും.

നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ തുടരണം. വിരാട് കോലി രണ്ടാം ടെസ്റ്റിലും കളിക്കുന്നില്ല. അതുകൊണ്ടുതന്നെ രാഹുല്‍ നാലാം നമ്പറില്‍ തുടരണം. ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റിലും രാഹുലിന് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തുടരണം. ആദ്യ മത്സരത്തില്‍ മോശം പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്.
ശ്രേയസിന്റെ അവസാന 10 ടെസ്റ്റ് ഇന്നിങ്‌സുകള്‍ പരിശോധിക്കുമ്പോള്‍ നിരാശയാണ് ഫലം. ഇന്ത്യന്‍ പിച്ചില്‍ ശ്രേയസിന്റെ റെക്കോഡുകള്‍ മികച്ചതാണെന്ന് പറയാം. അതുകൊണ്ടുതന്നെ ശ്രേയസ് പ്ലേയിങ് 11ല്‍ തുടരുന്നതാണ് നല്ലത്. വിക്കറ്റ് കീപ്പറായി ദ്രുവ് ജുറേലിനെ പരിഗണിക്കണം. കെ എസ് ഭരത് വിക്കറ്റിന് പിന്നില്‍ മോശമായിരുന്നു. ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മാച്ച് വിന്നറായി മാറാന്‍ സാധിച്ചില്ല. ഭരത്തിന്റെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷകളും അവസാനിച്ചത്.
വലിയ ഷോട്ട് കളിക്കാന്‍ കഴിവുള്ള ദ്രുവ് ജുറേലിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. രവീന്ദ്ര ജഡേജക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിനിടെ കാല്‍മസില് കയറി ജഡേജ പ്രയാസപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ജഡേജക്ക് ഇന്ത്യ വിശ്രമം നല്‍കേണ്ടി വരും. പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കണം. എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ തുടരും. ജഡേജ കളിക്കാതിരുന്നാല്‍ അക്ഷറിന് കൂടുതല്‍ മികവ് കാട്ടേണ്ടതായി വരും.
ഒമ്പതാം നമ്പറില്‍ ആര്‍ അശ്വിന്‍ കളിക്കുമ്പോള്‍ പേസ് നിരയില്‍ മാറ്റമുണ്ടാകില്ല. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും തന്നെ കളിക്കണം. രണ്ടാം ടെസ്റ്റിലൂടെ വിജയ വഴിയിലേക്ക് തിരിച്ചുവരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.