ഹൈദരാബാദ്: ചേതേശ്വര്‍ പുജാരക്ക് പകരം ഇന്ത്യ മൂന്നാം നമ്പറില്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മൂന്നാം നമ്പറില്‍ നിരാശപ്പെടുത്തിയ ഗില്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ താരം വീണ്ടും ഫ്‌ളോപ്പായിരിക്കുകയാണ്. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 66 പന്ത് നേരിട്ട് 23 റണ്‍സാണ് ശുബ്മാന്‍ ഗില്‍ നേടിയത്. രണ്ട് ബൗണ്ടറിയാണ് അദ്ദേഹം നേടിയത്.
നിലയുറപ്പിച്ച് വരവെ ടോം ഹാര്‍ട്ട്‌ലിക്കെതിരേ ബൗണ്ടറിക്ക് ശ്രമിച്ച ശുബ്മാന്‍ ഡക്കറ്റിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. മികച്ച തുടക്കം ലഭിക്കുകയും നിലയുറപ്പിക്കുകയും ചെയ്ത ശേഷമാണ് ഗില്‍ നിരാശപ്പെടുത്തി മടങ്ങിയത്. താരത്തിന്റെ അവസാന 10 ടെസ്റ്റ് ഇന്നിങ്‌സ് സ്‌കോര്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം എത്രത്തോളം നിരാശപ്പെടുത്തുന്നുവെന്ന് വ്യക്തമാവും. 13, 18, 6, 10, 29*, 2, 26, 36, 10, 23 എന്നിങ്ങനെയാണ് ശുബ്മാന്‍ ഗില്ലിന്റെ അവസാന 10 ടെസ്റ്റ് ഇന്നിങ്‌സിലെ സ്‌കോര്‍.
മികച്ച യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കവെ ഇനിയും ശുബ്മാനെ മൂന്നാം നമ്പറില്‍ കളിപ്പിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഗില്ലിനെ മൂന്നാം നമ്പറില്‍ നിന്ന് മാറ്റിയാല്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം സര്‍ഫറാസ് ഖാനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ തിളങ്ങുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. മുംബൈക്കൊപ്പം കസറുന്ന സര്‍ഫറാസിന് ഇതുവരെ ഇന്ത്യ ടീമിലേക്ക് വിളി നല്‍കിയിട്ടില്ല.
ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഇന്ത്യ എ ടീമിനായി തകര്‍പ്പന്‍ സെഞ്ച്വറിയും സര്‍ഫറാസ് നേടിക്കഴിഞ്ഞു. അമിത പ്രതിരോധത്തിലൂന്നാതെ റണ്‍സുയര്‍ത്തുന്ന കളിക്കാരനാണ് സര്‍ഫറാസ്. ഇന്ത്യക്ക് മൂന്നാം നമ്പറില്‍ അനുയോജ്യനായിരിക്കും അദ്ദേഹം. എന്നാല്‍ താരത്തെ ടീമിലേക്ക് വിളിക്കാത്തതിന് കാരണം അമിത വണ്ണമാണ്. ശരീരഭാരക്കൂടുതല്‍ കാരണം വേഗത്തില്‍ ഓടാന്‍ സര്‍ഫറാസിന് പ്രയാസമുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഫീല്‍ഡിങ്ങില്‍ കാര്യമായി ഉപയോഗിക്കാനാവില്ല.

ഫിറ്റ്‌നസ് പ്രശ്‌നമാണ് സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്ക് വിളി വൈകാനുള്ള പ്രധാന കാരണമെന്ന് പറയാം. രണ്ടാമത്തെ താരം ദേവ്ദത്ത് പടിക്കലാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ അര്‍ഹിച്ച പരിഗണന നല്‍കാത്ത താരമാണ് ദേവ്ദത്ത്. ഇടം കൈയന്‍ ടോപ് ഓഡര്‍ താരം മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിച്ചവനാണ്. രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടിയ ദേവ്ദത്ത് ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ട് ലയണ്‍സിനെതിരേയും സെഞ്ച്വറി നേടി.
എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ വേണ്ടത്ര പിന്തുണ ദേവ്ദത്തിന് നല്‍കുന്നില്ല. മികച്ച ഫീല്‍ഡറാണ് ദേവ്ദത്ത്. അതുകൊണ്ടുതന്നെ ഇന്ത്യ ദേവ്ദത്തിന് മൂന്നാം നമ്പറില്‍ അവസരം നല്‍കാവുന്നതാണ്. പ്രതിരോധത്തോടൊപ്പം ആക്രമിച്ച് കളിക്കാനും ശേഷിയുള്ള താരമാണ് ദേവ്ദത്ത്. മൂന്നാമത്തെ താരം രജത് പാട്ടീധാറാണ്. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയ താരമാണ് രജത് പാട്ടീധാര്‍. ഇന്ത്യ രണ്ടാം ടെസ്റ്റില്‍ രജത് പാട്ടീധാറിന് അവസരം നല്‍കാവുന്നതാണ്.
മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ പ്രതിഭയുള്ള താരമാണ് രജത്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ വേഗത്തില്‍ റണ്‍സുയര്‍ത്താനും സാധിക്കും. ഇന്ത്യക്ക് ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരെയാണ് ആവശ്യം. ഈ സാഹചര്യത്തില്‍ രജത്തും ടീമിന് പരിഗണിക്കാവുന്ന താരമാണ്.
യശ്വസി ജയ്‌സ്വാളിനായി ഓപ്പണര്‍ സ്ഥാനം വിട്ട് മൂന്നാം നമ്പറിലിറങ്ങിയതാണ് ശുബ്മാന് തിരിച്ചടിയാവുന്നത്. വരുന്ന മത്സരങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് ശുബ്മാന്‍ നടത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷെ ടെസ്റ്റ് സീറ്റ് നഷ്ടമാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.