വിശാഖപട്ടണം: മൂന്നാം നമ്പറില്‍ റണ്‍സ് കണ്ടെത്താനാവാതെ വിഷമിച്ച ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം സമീപകാലത്തായി ശക്തമായിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വിമര്‍ശനം ശക്തമായി. എന്നാല്‍ ഇപ്പോള്‍ എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ച് തകര്‍പ്പന്‍ സെഞ്ച്വറിയോടെ കരുത്തുകാട്ടിയിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. 132 പന്ത് നേരിട്ട് 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ഗില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇന്ത്യയുടെ ടോപ് ഓഡറില്‍ രോഹിത് ശര്‍മയും (13) യശ്വസി ജയ്‌സ്വാളും (17) മികവ് കാട്ടാതെ മടങ്ങിയപ്പോഴും തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യക്ക് അടിത്തറ പാകാന്‍ ഗില്ലിനായി. 147 പന്ത് നേരിട്ട് 104 റണ്‍സുമായി ഗില്‍ പുറത്താവുമ്പോള്‍
ഇന്ത്യയുടെ ലീഡ് 354ല്‍ എത്തിയിരുന്നു. എല്ലാ വിമര്‍ശകര്‍ക്കുമുള്ള മറുപടി നല്‍കുന്ന പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. ഇതോടെ വമ്പനൊരു റെക്കോഡും ഗില്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
24 വയസിനുള്ളില്‍ 10 അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളിലേക്ക് ഗില്ലും പേരുചേര്‍ത്തിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും മാത്രം ഉള്‍പ്പെടുന്ന പട്ടികയിലേക്കാണ് ഗില്‍ പേരുചേര്‍ത്തിരിക്കുന്നത്. 24 വയസിനുള്ളില്‍ 30 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 21 സെഞ്ച്വറികളോടെ വിരാട് കോലി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 10ാം സെഞ്ച്വറിയോടെ ശുബ്മാന്‍ ഗില്ലും ഈ എലൈറ്റ് ക്ലബ്ബില്‍ പേരുചേര്‍ത്തിരിക്കുകയാണ്.
വീരേന്ദര്‍ സെവാഗിന്റെയും യുവരാജ് സിങ്ങിന്റെയും രവി ശാസ്ത്രിയുടേയും 9 സെഞ്ച്വറി റെക്കോഡിനെ മറികടക്കാനും ഗില്ലിന് സാധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും ഗില്ലിനായി. 7 സെഞ്ച്വറിയോടെ രോഹിത് ശര്‍മ തലപ്പത്ത് നില്‍ക്കുമ്പോള്‍ മായങ്ക് അഗര്‍വാളും വിരാട് കോലിയും നാല് സെഞ്ച്വറികള്‍ വീതം നേടി ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ്.

കെ എല്‍ രാഹുലിനും റിഷഭ് പന്തിനും അജിന്‍ക്യ രഹാനെക്കുമൊപ്പമാണ് ഗില്‍ എത്തിയിരിക്കുന്നത്. ഇവരെല്ലാം മൂന്ന് സെഞ്ച്വറികളാണ് നേടിയത്. കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തിലാണ് ഗില്ലിന്റെ ഈ സെഞ്ച്വറി പ്രകടനം പിറക്കുന്നത്. അവസാനമായി കളിച്ച 10 ടെസ്റ്റ് ഇന്നിങ്‌സുകളിലും കാര്യമായൊന്നും ചെയ്യാനാവാതെ ഇന്ത്യന്‍ ടീമിലെ സീറ്റ് തെറിക്കുമെന്ന അവസ്ഥയിലായിരുന്നു ഗില്‍. എന്നാല്‍ അനിവാര്യമായ സമയത്ത് സെഞ്ച്വറിയോടെ തിരിച്ചുവരാന്‍ ഗില്ലിന് സാധിച്ചു.
പക്ഷെ സെഞ്ച്വറിയെ ഇരട്ട സെഞ്ച്വറിയിലേക്കെത്തിക്കാന്‍ ശ്രമിക്കാതെ മോശം ഷോട്ടിന് ശ്രമിച്ചാണ് ഗില്‍ പുറത്തായത്. ഷൊയ്ബ് ബഷീറിനെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചപ്പോള്‍ ഗില്ലിന് പിഴച്ചു. ഗ്ലൗസില്‍ ഉരസി ഉയര്‍ന്ന പന്തിനെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് കൈയിലാക്കി. റിവ്യൂവിലൂടെയാണ് ഇംഗ്ലണ്ട് ഈ വിക്കറ്റ് നേടിയെടുത്തത്. നിലയുറപ്പിച്ച താരമെന്ന നിലയില്‍ അല്‍പ്പനേരം കൂടി പിടിച്ചുനില്‍ക്കാന്‍ ശുബ്മാന്‍ ഗില്‍ ശ്രമിക്കേണ്ടതായുണ്ടായിരുന്നു.
എന്തായാലും ഇന്ത്യക്കും ശുബ്മാന്‍ ഗില്ലിനും അനിവാര്യമായ സമയത്താണ് ഈ പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. മൂന്നാം നമ്പറിലും തനിക്ക് തിളങ്ങാനാവുമെന്നും പ്രതിഭ നഷ്ടപ്പെട്ട് പോകുന്നതല്ലെന്നും പ്രകടനംകൊണ്ട് തെളിയിക്കാന്‍ ഗില്ലിന് സാധിച്ചു. എന്നാല്‍ നിലവിലെ താരത്തിന്റെ പ്രകടനം താല്‍ക്കാലികമായി വിമര്‍ശകരുടെ വായടപ്പിക്കാനെ സഹായിക്കൂ. ഇനിയും സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ കാഴ്ചവെക്കാനായില്ലെങ്കില്‍ താരത്തിന്റെ സ്ഥാനം വീണ്ടും ചോദ്യം ഉയര്‍ത്തും.
നിരവധി യുവ പ്രതിഭകള്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. മൂന്നാം നമ്പര്‍ ടെസ്റ്റിലെ നിര്‍ണ്ണായക ബാറ്റിങ് പൊസിഷനാണ്. അതുകൊണ്ടുതന്നെ തുടര്‍ന്നും വലിയ പ്രകടനങ്ങളോടെ ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ ഗില്ലിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.