ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ഇന്ത്യ വിജയം ഉറപ്പിച്ചിരിക്കുകയാണ്. മത്സരത്തിന്റെ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ത്തന്നെ ഇന്ത്യന്‍ താരങ്ങളുടെ സര്‍വാധിപത്യമാണ് കാണുന്നത്. ഇംഗ്ലണ്ടിന്റെ ശക്തമായ താരനിരയെ യുവനിരയുമായാണ് ഇന്ത്യ പൂട്ടിക്കെട്ടിയെന്നതാണ് ഈ പരമ്പരയെ ശ്രദ്ധേയമാക്കുന്നത്. ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ് നിരയുടെ ബാസ്‌ബോള്‍ ശൈലി ഇന്ത്യയില്‍ വിലപ്പോയില്ലെന്നതാണ് എടുത്തു പറയേണ്ടത്.
അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ട് സീനിയര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയും ഇന്ത്യയുടെ യുവതാരങ്ങളായ ശുബ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനും തമ്മിലുള്ള വാക് പോരാട്ടം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച സര്‍ഫറാസ് വയറുനിറച്ച് വാങ്ങിയാണ് മടങ്ങിയതെന്ന് പറയാം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

ജിമ്മിയുടെ (ജെയിംസ് ആന്‍ഡേഴ്‌സന്‍) വിരമിക്കലുമായി ബന്ധപ്പെട്ട് നീ എന്താണ് പറഞ്ഞത് എന്ന് ബെയര്‍സ്റ്റോ ശുബ്മാന്‍ ഗില്ലിനോട് ചോദിച്ചു. വിരമിക്കൂ എന്നാണ് പറഞ്ഞതെന്ന് ഗില്‍ പറഞ്ഞു. അവന്‍ നിന്നെ പുറത്താക്കിയില്ലേ എന്നായി ബെയര്‍സ്റ്റോയുടെ മറുപടി. അതുകൊണ്ട്? സെഞ്ച്വറിക്ക് ശേഷമല്ലേ അവന് എന്റെ വിക്കറ്റ് നേടാനായത്. നീ എത്ര സെഞ്ച്വറി നേടി? എന്നാണ് ബെയര്‍സ്റ്റോയോട് ഗില്‍ ചോദിച്ചത്. നീ എത്ര നേടി? എന്ന് ബെയര്‍സ്‌റ്റോ തിരിച്ചു ചോദിച്ചു.
ഇതിനിടെയാണ് സര്‍ഫറാസ് ഖാന്‍ ഈ സംഭാഷണത്തിലേക്കെത്തുന്നത്. 'അവനോട് മിണ്ടാതിരിക്കാന്‍ പറ. അവനിപ്പോഴാണ് കുറച്ച് റണ്‍സ് നേടുന്നത്' എന്നാണ് സര്‍ഫറാസ് ബെയര്‍സ്റ്റോയെ പരിഹസിച്ചത്. ഇന്ത്യയുടെ യുവ താരങ്ങളെ അനാവശ്യമായി പ്രകോപിച്ച് ബെയര്‍സ്‌റ്റോയെ യുവതാരങ്ങള്‍ പഞ്ഞിക്കിട്ടെന്ന് തന്നെ പറയാം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ബെയര്‍സ്‌റ്റോ ഇന്ത്യയില്‍ വലിയ അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ഇതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ബെയര്‍സ്റ്റോക്ക് സാധിച്ചിട്ടില്ല.
അഞ്ചാം ടെസ്റ്റിലും താരം നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ 18 പന്ത് നേരിട്ട് 2 വീതം ഫോറും സിക്‌സും പറത്തിയ ബെയര്‍സ്റ്റോ 29 റണ്‍സ് നേടിയാണ് പുറത്തായത്. കുല്‍ദീപ് യാദവ് ബെയര്‍സ്റ്റോയെ ദ്രുവ് ജുറേലിന്റെ കൈയിലെത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലും അതിവേഗം റണ്‍സുയര്‍ത്താനാണ് ബെയര്‍സ്റ്റോ ശ്രമിച്ചത്. 31 പന്ത് നേപിട്ട് 39 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ മൂന്ന് വീതം സിക്‌സും ഫോറും പറത്തിയ താരത്തെ കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ബെയര്‍സ്റ്റോയുടെ ശ്രമം വലിയ രീതിയില്‍ ഫലം കണ്ടില്ലെന്ന് തന്നെ പറയാം. ഇംഗ്ലണ്ട് ടീമിലെ മിക്കവരും ആക്രമണ ശൈലിയില്‍ കളിക്കാന്‍ ശ്രമിച്ചതാണ് ഫ്‌ളോപ്പാവാന്‍ കാരണം. ഇന്ത്യന്‍ പിച്ച് സ്പിന്നിന് അനുകൂലമാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കറങ്ങിത്തിരിയുന്ന പിച്ചില്‍ കരുതലോടെ ബാറ്റു ചെയ്യാതെ ആക്രമണത്തില്‍ മാത്രം ഊന്നിയതാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചക്ക് കാരണം.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ മോശം ഫോമും ടീമിനെ പിന്നോട്ടടിച്ചു. ഇന്ത്യയില്‍ മികച്ച റെക്കോഡ് സ്‌റ്റോക്‌സിനും അവകാശപ്പെടാനാവും. എന്നാല്‍ അവസരത്തിനൊത്തുയരാന്‍ സ്റ്റോക്‌സിന് സാധിക്കാതെ പോയി. ജോ റൂട്ടില്‍ നിന്ന് പ്രതീക്ഷിച്ചപോലെ സ്ഥിരതയാര്‍ന്ന പ്രകടനം ഉണ്ടായില്ല. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് നിര അനുഭവസമ്പത്ത് കുറവുള്ളവരാണ്. ഇതും ഇംഗ്ലണ്ടിനെ ഇത്തവണ പിന്നോട്ടടിച്ച കാര്യമാണെന്ന് പറയാം.
ഇന്ത്യയുടെ യുവതാരങ്ങളെല്ലാം മികവ് കാട്ടി. ദ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, ദേവ്ദത്ത് പടിക്കല്‍, ആകാശ് ദീപ് എന്നിവരെല്ലാം പരമ്പരയില്‍ അരങ്ങേറി കസറുന്നവരാണ്. എന്നാല്‍ ഇതേ മികവ് ഇംഗ്ലണ്ടിന്റെ യുവതാരങ്ങള്‍ക്ക് കാണിക്കാന്‍ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചതെന്ന് പറയാം.