ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാലാമങ്കത്തിലേക്കു കടക്കുകയാണ്. മൂന്നു ടെസ്റ്റുകള്‍ക്കു ശേഷം 2-1ന്റെ ലീഡുമായി ഇപ്പോള്‍ ഇംഗ്ലണ്ടാണ് ഡ്രൈവിങ് സീറ്റില്‍. ലീഡ്‌സിലെ ആദ്യടെസ്റ്റും ലോര്‍ഡ്‌സിലെ മൂന്നാമത്തെ മല്‍സരവും ഇംഗ്ലീഷ് ടീം ജയിച്ചുകയറിയപ്പോള്‍ എജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും ജയിച്ചുകയറി.
മാഞ്ചസ്റ്ററില്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന നാലാം ടെസ്റ്റില്‍ ജയിച്ചേ തീരൂവെന്ന വലിയ ചാലഞ്ചാണ് ഇപ്പോള്‍ ഇന്ത്യക്കു മുന്നിലുളളത്. ഇതുവരെ നടന്നിട്ടുള്ള മൂന്നു ടെസ്റ്റുകളെടുത്താല്‍ ഇന്ത്യക്കായി മിന്നിയവരും നിരാശപ്പെടുത്തിയവരുമുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്രയാവും ലഭിക്കുകയെന്നു നോക്കാം.

രാഹുല്‍ & ജയ്‌സ്വാള്‍
കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളുമാണ് ഇന്ത്യക്കു വേണ്ടി കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ഓപ്പണ്‍ ചെയ്തത്. ഇവരില്‍ ജയ്‌സ്വാളിനേക്കാള്‍ മികച്ചു നിന്നത് രാഹുലാണ്. 10ല്‍ എട്ടാണ് അദ്ദേഹത്തിന്റെ റേറ്റിങെങ്കില്‍ ജയ്‌സ്വളിന്റേത് ആറു മാത്രമാണ്. ആറിന്നിങ്‌സുകളില്‍ നിന്നും 62.50 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളടക്കം 375 റണ്‍സ് രാഹുല്‍ നേടിക്കഴിഞ്ഞു.
ജയ്‌സ്വാളാവട്ടെ ആറിന്നിങ്‌സുകളില്‍ നിന്നും 38.3 ശരാശശരിയില്‍ നേടിയത് 233 റണ്‍സാണ്. ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ 87 റണ്‍സുമായി മികച്ച രീതിയില്‍ രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് പ്രകടനം താഴേക്കു പോവുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തന്നെ ജയ്‌സ്വാള്‍ പുറത്താവുകയും ചെയ്തു.
ഗില്‍ സൂപ്പര്‍, കരുണ്‍?
ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരും ഒരു ടെസ്റ്റ് മാത്രം കളിച്ച സായ് സുദര്‍ശനും ഫ്‌ളോപ്പായപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കസറുക തന്നെ ചെയ്തു. ഏറ്റവും മോശം റേറ്റിങുള്ളത് കരുണിനാണ്. 10ല്‍ വെറും രണ്ടു മാത്രം.
ആറിന്നിങ്‌സില്‍ നിന്നും 21.83 ശരാശരിയില്‍ വെറും 131 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെടുന്നില്ല. ആദ്യ ടെസ്റ്റില്‍ മാത്രം കളിച്ച സായിയുടെ റേറ്റിങ് പത്തില്‍ മൂന്നാണ്. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 30 റണ്‍സിനും പുറത്താവുകയായിരുന്നു.

ക്യാപ്റ്റന്‍ ഗില്ലാണ് ഏറ്റവുമധികം റേറ്റിങുള്ള താരങ്ങളില്‍ ഒരാള്‍. 10ല്‍ ഒമ്പതാണ് അദ്ദേഹത്തിന്റെ റേറ്റിങ്. ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ടു സെഞ്ച്വറിയുമടക്കം 607 റണ്‍സ് ഗില്‍ ഇതിനകം വാരിക്കൂട്ടിക്കഴിഞ്ഞു. രണ്ടാം ടെസ്റ്റില്‍ മാത്രമം അദ്ദേഹം അടിച്ചെടുത്തത് 430 (269 & 161) റണ്‍സാണ്.
റിഷഭും ജഡ്ഡുവും കസറി
ലോവര്‍ ഓര്‍ഡറിലേക്കു വന്നാല്‍ അഞ്ചാം നമ്പറിലുള്ള വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തും കിടിലന്‍ ഫോമിലാണ്. പത്തില്‍ ഒമ്പതാണ് റേറ്റിങ്. 70.83 ശരാശരിയില്‍ 425 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഒന്നാംടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറികള്‍ കുറിക്കാന്‍ റിഷഭിനായിരുന്നു. ഇവ കൂടാതെ രണ്ടു ഫിഫ്റ്റികള്‍ കൂടി അദ്ദേഹം നേടുകയും ചെയ്തു.
രവീന്ദ്ര ജഡേജയും ഈ പരമ്പരയില്‍ മിന്നുന്ന ഫോമിലാണ്. 10ല്‍ എട്ടാണ് അദ്ദേഹത്തിന്റെ റേറ്റിങ്. ആറിന്നിങ്‌സുകളില്‍ നിന്നും 109 ശരാശരിയില്‍ 327 റണ്‍സാണ് ജഡ്ഡുവിന്റെ സമ്പാദ്യം. നിതീഷ് റെഡ്ഡിയുടെ റേറ്റിങ് (45 റണ്‍സ്, 2 വിക്കറ്റ്) 10ല്‍ വെറും നാലാണ്. വാഷിങ്ട്ണ്‍ സുന്ദറിന്റെ റേറ്റിങ് 10ല്‍ അഞ്ച് മാത്രം. 77 റണ്‍സും അഞ്ചു വിക്കറ്റുകളുമണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
ബൗളിങില്‍ ബുംറ കിങ്
ബൗളിങ് ലൈനപ്പില്‍ പതിവുപോലെ ജസ്പ്രീത് ബുംറ തന്നെയാണ് ഇന്ത്യയുടെ കിങ്. രണ്ടു ടെസ്റ്റുകളില്‍ നിന്നും രണ്ടു ഫൈഫറള്‍പ്പെടെ 12 വിക്കറ്റെടുത്ത അദ്ദേഹത്തിന്റെ റേറ്റിങ് ഒമ്പതാണ്. മറ്റൊരു പേസര്‍ മുഹമ്മദ് സിറാജ് മൂന്നു ടെസ്റ്റില്‍ നിന്നും 13 വിക്കറ്റുകള്‍ നേടി. എട്ടാണ് അദ്ദേഹത്തിന്റെ റേറ്റിങ്.
10 വിക്കറ്റോടെ രണ്ടാം ടെസ്റ്റിലെ ഹീറോയായ ആകാശ്ദീപിന്റെ റേറ്റിങ് ഏഴാണ്. ആദ്യ രണ്ടു ടെസ്റ്റിനു ശേഷം ടീമിനു പുറത്തായ പ്രസിദ്ധ് കൃഷ്ണയുടെ റേറ്റിങ് വെറും രണ്ടു മാത്രം. 55.16 എന്ന മോശം ശരാശരിയില്‍ ആറു വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. ആദ്യ ടെസ്റ്റില്‍ മാത്രം അവസരം ലഭിച്ച ശര്‍ദ്ദുല്‍ ടാക്കൂറിന്റെ റേറ്റിങ് മൂന്നാണ്. അഞ്ചു റണ്‍സും രണ്ടു വിക്കറ്റും മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.