ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേ പുറത്തു വന്നിട്ടുള്ള സൂചനകള്‍ പോലെ തന്നെ യുവതാരം ശുഭ്മന്‍ ഗില്ലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്തിനു വൈസ് ക്യാപ്റ്റനായും നറുക്കുവീണു. ജൂണ്‍ 20നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ചില താരങ്ങളെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ ടീമില്‍ ഇടം നേടുമെന്നു കരുതപ്പെ്ട്ട ചില താരങ്ങള്‍ തഴയപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയിട്ടുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ശ്രേയസ് അയ്യര്‍
മധ്യനിരയിലെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും തഴയപ്പെട്ടവരില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍. വൈറ്റ് ബോള്‍ ക്രിക്കറ്റിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച ഫോമില്‍ കളിച്ചിട്ടും അജിത് അഗാര്‍ക്കറിനു കീഴിലള്ള സെലക്ഷന്‍ കമ്മിറ്റി ശ്രേയസിനെ ടെസ്റ്റ് ടീമിലേക്കു പരിഗണിച്ചില്ല.
കരിയറില്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെ അദ്ദേഹം തഴയപ്പെട്ടതിനെതിരേ പല കോണുകളില്‍ നിന്നും ചോദ്യങ്ങളുയരുകയാണ്. ശ്രേയസിനു ഉറപ്പായും ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീമിലേക്കു ടിക്കറ്റ് ലഭിക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്.
കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി ഏഴിന്നിങ്‌സുകളിലാണ് ശ്രേയസ് കളിച്ചത്. 68.57 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 480 റണ്‍സും സ്‌കോര്‍ ചെയ്തു. പിന്നാലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ടൂര്‍ണമെന്റി്ല്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും ശ്രേയസായിരുന്നു.
ഇപ്പോഴിതാ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പവും മിന്നിക്കുകയാണ് അദ്ദേഹം. ബാറ്റിങില്‍ മാത്രമല്ല, ക്യാപ്റ്റന്‍സിയിലും ശ്രേയസ് കൈയടി നേടിക്കഴിഞ്ഞു. 11 വര്‍ഷങ്ങള്‍ക്കു ശേഷ ടീമിനെ പ്ലഓഫിലെത്തിച്ച ആദ്യത്തെ ക്യാപ്റ്റനായി അദ്ദേഹം മാറിയിരിക്കുകയാണ്. അതേസമയം, ടെസ്റ്റ് കരിയറിലേക്കു വന്നാല്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ചറിയുമായി വരവറിയിക്കാന്‍ ശ്രേയസിനായിരുന്നു. 14 ടെസ്റ്റുകളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. 36.86 ശരാശരിയില്‍ 811 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
സര്‍ഫറാസ് ഖാന്‍
ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനെന്നു വിളിക്കപ്പെടുന്ന യുവ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയിട്ടുള്ള രണ്ടാമത്തെയാള്‍. ഇന്ത്യയുടെ അവസാനത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നു. പക്ഷെ അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒന്നില്‍പ്പോലും സര്‍ഫറാസിനെ കളിപ്പിച്ചില്ല.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു അദ്ദേഹം. 50 ശരാശരിയില്‍ 200 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിനോടു നാട്ടില്‍ ഇന്ത്യ തൂത്തുവാരപ്പെട്ട പരമ്പരയില്‍ സര്‍ഫറാസ് നിരാശപ്പെടുത്തി.
പിന്നാലെ ടെസ്റ്റ് ടീമില്‍ താരത്തിനു സ്ഥാനവും നഷ്ടമാവുകയായിരുന്നു. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ട പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ സര്‍ഫറാസിനെ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാമായിരുന്നു.

മുഹമ്മദ് ഷമി
പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ മൂന്നാമത്തെ താരം. റെഡ് ബോള്‍ ക്രിക്കറ്റില്‍ നാട്ടിലും പുറത്തും ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ബൗളറായിരുന്നു അദ്ദേഹം. ജസ്പ്രീത് ബുംറയും ഷമിയുമുള്‍പ്പെടുന്ന ബൗളിങ് കോമ്പിനേഷന്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യക്കായി 64 ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹം 229 വിക്കറ്റുകളും പോക്കറ്റിലാക്കി. എന്നാല്‍ 2023ലെ ലോകകപ്പിനിടെയേറ്റ പരിക്കു കാരണം ഒരു വര്‍ഷത്തോളം പുറത്തിരുന്ന ഷമി ഈ വര്‍ഷമാദ്യമാണ് കളിക്കളത്തിലേക്കു തിരിച്ചെത്തിയത്.
പക്ഷെ മടങ്ങിയെത്തിയ ശേഷം അദ്ദേഹത്തിനു പഴയ ഫോമില്‍ പന്തെറിയാന്‍ സാധിക്കുന്നില്ല. മാത്രമല്ല, ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കവെ ഷമിക്കും വീണ്ടും പരിക്കേറ്റിരുന്നു. ഇതാണ് അദ്ദേഹത്തെ തഴയാന്‍ കാരണമെന്നാണ് സൂചനകള്‍.