റെഡ് ബോള്‍ പരമ്പരകള്‍ക്കായി രണ്ടു ഇന്ത്യന്‍ ടീമുകളെയാണ് അടുത്ത മാസം ഇംഗ്ലണ്ടിലേക്കു ബിസിസിഐ അയക്കാനൊരുങ്ങുന്നത്. സീനിയര്‍ ടീം അവിടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കുമ്പോള്‍ എ ടീം മൂന്നു അനൗദ്യോഗിക ടെസ്റ്റുകളും കളിക്കും. ഇംഗ്ലണ്ട് ലയണ്‍സുമായാണ് ഇന്ത്യന്‍ ടീ ം കൊമ്പുകോര്‍ക്കുന്നത്. ഇവയ്ക്കുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ മാസം 26 മുതല്‍ ജൂണ്‍ 19 വരെയാണ് ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള പരമ്പര നടക്കാനിരിക്കുന്നത്. സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരായിരിക്കും ഈ ടീമിനെ നയിച്ചേക്കുകയെന്നാണ് സൂചനകള്‍. രണ്ടു മലയാളി താരങ്ങള്‍ ടീമിന്റെ ഭാഗമാവുമെങ്കിലും സഞ്ജു സാംസണിനു അവസരം ലഭിക്കാനിടയില്ല. എങ്ങനെയാവും ഇന്ത്യന്‍ എ ടീമെന്നു നമുക്കു പരിശോധിക്കാം.

ഓപ്പണര്‍മാര്‍
മൂന്നു മല്‍സരങ്ങളുടെ റെഡ് ബോള്‍ പരമ്പരകള്‍ക്കായി നാലു ഓപ്പണിങ് ബാറ്റര്‍മാരെയാവും ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തുക. റുതുരാജ് ഗെയ്ക്വാദ്, തകര്‍പ്പന്‍ ഫോമിലുള്ള ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, മറുനാടന്‍ മലയാളിയും ഇടംകൈയന്‍ ബാറ്ററുമായ ദേവ്ദത്ത് പടിക്കലുമായിരിക്കും ടീമിന്റെ ഓപ്പണര്‍മാര്‍.
ഐപിഎല്ലിനിടെ പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ഗെയ്ക്വാദ് വിശ്രമത്തിലാണെങ്കിലും അടുത്ത ആഴ്ചയോടെ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഇംഗണ്ട് പര്യടത്തിലേക്കു തീര്‍ച്ചയായും റുതുരാജിനെ പ്രതീക്ഷിക്കാം.
സായിയും അഭിമന്യുവും ഇന്ത്യന്‍ എ ടീമില്‍ ഉണ്ടാവുമെന്നതില്‍ ഒരു സംശയവും വേണ്ട. ഐപിഎല്ലിനിടെ പരിക്കേറ്റ ദേവ്ദത്ത് വിശ്രമിത്തിലാണെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്കു പറക്കും.
മധ്യനിര, ഓള്‍റൗണ്ടര്‍മാര്‍
ഇന്ത്യന്‍ എ ടീമിനെ നയിക്കുക ശ്രേയസ് അയ്യരായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല അദ്ദേഹം. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തെ മികച്ച പ്രകടനങ്ങളോടെ ടെസ്റ്റ് ടീമിലേക്കു ശ്രേയസിന്റെ മടങ്ങിവരവ് ഉറപ്പായിരിക്കുകയാണ്. നേരത്തേ ഇന്ത്യന്‍ എ ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ കൂടിയായിരുന്നു ശ്രേയസ്.
ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിലൂടെ ഈ റോളിലേക്കു അദ്ദേഹത്തിന്റെ മടങ്ങിവരവും കാണാം, ശ്രേയസിനെ കൂടാതെ മറുനാടന്‍ മലയാളി താരം കരുണ്‍ നായരാവും ഇന്ത്യന്‍ മധ്യനിരയിലെ മറ്റൊരു ശക്തമായ സാന്നിധ്യം. ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന തകര്‍പ്പന്‍ പ്രകടനങ്ങളാണ് കരുണിനു കരുത്താവുന്നത്. സര്‍ഫറാസ് ഖാനെയും ഇന്ത്യന്‍ മധ്യനിരയില്‍ പ്രതീക്ഷിക്കാം.

ഓള്‍റൗണ്ടര്‍മാരായി ഇന്ത്യന്‍ ടീമിലുണ്ടാവുക മൂന്നു പേരായിരിക്കും. ഒരാള്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണെങ്കില്‍ വാഷിങ്ടണ്‍ സുന്ദറും തനുഷ് കോട്ടിയാനുമാവും മറ്റു രണ്ടു പേര്‍. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ടെസ്റ്റില്‍ അരങ്ങേറിയ നിതീഷ് ശ്രദ്ധേയമായ പ്രകടനവും നടത്തിയിരുന്നു.
വിക്കറ്റ് കീപ്പര്‍മാര്‍, ബൗളര്‍മാര്‍
ഇന്ത്യന്‍ എ ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍ ഇഷാന്‍ കിഷനും ധ്രുവ് ജുറേലുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറും കൂടിയാണ് ജുറേല്‍. എന്നാല്‍ നിലവില്‍ ഒരു ഫോര്‍മാറ്റിലും സീനിയര്‍ ടീമിന്റെ ഭാഗമല്ലാത്ത ഇഷാന് ശക്തയമായ തിരിച്ചുവരവിനുള്ള അവസരമായിരിക്കും ഇംഗ്ലണ്ട് പര്യടനം. ഇതില്‍ തിളങ്ങാനായാല്‍ അതു സീനിയര്‍ ടീമിലേക്കു ഇഷാന്റെ മടങ്ങിവരവിന് വഴിയൊരുക്കിയേക്കും.
ബൗളിങ് നിരയില്‍ മികച്ച താരങ്ങളെയാവും ഇംഗ്ലണ്ടില്‍ ഇന്ത്യ അണിനിരത്തുക. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയൊഴികെ മറ്റു പ്രധാന ബൗളര്‍മാരെല്ലാം ടീമിലുണ്ടാവും. മുഹമ്മദ് ഷമി, ആകാശ്ദീപ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവരെയെല്ലാം പേസര്‍മാരായി ടീമില്‍ കാണാം. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും ടീമിലുണ്ടാവാന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ എയുടെ സാധ്യതാ ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, തനുഷ് കോട്ടിയാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആകാശ് ദീപ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടല്‍.