മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങുന്ന ഇന്ത്യയുടെ ടി20 ടീമില്‍ പ്രധാന താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ തോല്‍വിയുടെ ക്ഷീണം മറക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തൂത്തുവാരേണ്ടതായുണ്ട്. എന്നാല്‍ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തുക ഇന്ത്യക്ക് എളുപ്പമാവില്ല.
യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയപ്പോള്‍ റിയാന്‍ പരാഗിനേയും മായങ്ക് യാദവിനേയും ഇന്ത്യ പരിക്കിനെത്തുടര്‍ന്നാണ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യമുള്ള ടീമിനെയാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലേക്ക് പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ ടീമില്‍ ഇടം നേടാന്‍ അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ട ചില താരങ്ങളുണ്ട്. ഇത് ആരൊക്കെയാണെന്ന് നോക്കാം.
ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ ക്ലാസിക് താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് ടീമിന് പുറത്തായിരിക്കുന്നത്. ശ്രേയസ് ഐപിഎല്ലില്‍ കെകെആറിനെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ്. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച് ഹാട്രിക്ക് അര്‍ധ സെഞ്ച്വറിയടക്കം നേടാന്‍ ശ്രേയസിന് സാധിച്ചിട്ടുണ്ട്. വലിയ പ്രകടനം നടത്താന്‍ ശേഷിയുള്ള ശ്രേയസിന്റെ സമീപകാല പ്രകടനങ്ങളും മികച്ചതാണ്. എന്നാല്‍ ശ്രേയസിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടീമില്‍ ഇടം അര്‍ഹിച്ചിരുന്ന താരമാണ് ശ്രേയസ് അയ്യരെന്ന് പറയാം.
റുതുരാജ് ഗെയ്ക്‌വാദ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ റുതുരാജ് ഗെയ്ക് വാദിന് ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ല. വലിയ പ്രകടനം നടത്താന്‍ കഴിവുള്ളവനാണ് റുതുരാജ്. ഇന്ത്യ ഒരു ഫോര്‍മാറ്റിലേക്കും താരത്തെ പരിഗണിക്കുന്നില്ല.

ഓപ്പണര്‍ റോളില്‍ ശോഭിക്കാന്‍ കഴിവുള്ള റുതുരാജ് ക്ലാസിക് ശൈലിയില്‍ അതിവേഗം റണ്‍സുയര്‍ത്തുന്നവനാണ്. ഐപിഎല്ലില്‍ സെഞ്ച്വറി പ്രകടനങ്ങളടക്കം നടത്തിയിട്ടുള്ള റുതുരാജിനെ ഇന്ത്യക്ക് ടീമിലേക്ക് കൊണ്ടുവരാമായിരുന്നു. കൂടുതല്‍ അവസരം അര്‍ഹിക്കുന്ന താരമാണ് റുതുരാജെന്ന് നിസംശയം പറയാം.
ഇഷാന്‍ കിഷന്‍
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. പോക്കറ്റ് ഡൈനാമോയെന്ന് ആരാധകര്‍ വിളിക്കുന്ന ഇഷാന്‍ ടോപ് ഓഡറില്‍ മികച്ച റെക്കോഡുള്ള താരമാണ്. കടന്നാക്രമിച്ച് കളിക്കുന്ന ഇഷാന്‍ ടീമിന് പുറത്താവാന്‍ കാരണം ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം ഇഷാന്‍ കിഷന്‍ നിരസിച്ചതോടെയാണ് താരം ടീമിന് പുറത്തായത്. എന്നാല്‍ തിരിച്ചുവരവ് അവസരം ഇഷാന്‍ കിഷന്‍ അര്‍ഹിക്കുന്നുണ്ട്. ഇംഗ്ലണ്ട് പരമ്പരയില്‍ ദ്രുവ് ജുറേലിനെ പരിഗണിച്ചതിന് പകരം ഇഷാനെ കൊണ്ടുവരാമായിരുന്നു.
ജിതേഷ് ശര്‍മ
അവസാന ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാക്കപ്പ് റോളില്‍ ജിതേഷ് ശര്‍മയുണ്ടായിരുന്നു. എന്നാല്‍ കളിക്കാന്‍ വേണ്ടത്ര അവസരം പോലും നല്‍കാതെയാണ് ഇന്ത്യ ജിതേഷിനെ തഴഞ്ഞ് ദ്രുവ് ജുറേലിനെ ടീമിലെടുത്തതത്. ഇന്ത്യ ജിതേഷിന് കൂടുതല്‍ അവസരം നല്‍കേണ്ടിയിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണ് ജിതേഷെന്ന് പറയാം. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പമാണ് ജിതേഷ് ശര്‍മയുള്ളത്.
ഇംഗ്ലണ്ട് ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (c), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍ (vc), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍, ദ്രുവ് ജുറേല്‍.