മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ ആരംഭമാവുകയാണ്. കരുത്തരുടെ നിരയായ രണ്ട് ടീമുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറും പോരാട്ടം പ്രതീക്ഷിക്കാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനോടടുക്കാന്‍ പരമ്പര നേട്ടം ഇരുകൂട്ടര്‍ക്കും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. ഇന്ത്യയെ സംബന്ധിച്ച് കണക്കുകളില്‍ മുന്‍തൂക്കം അവകാശപ്പെടാനാവും.
2012ന് ശേഷം ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരേ ആതിഥേയര്‍ക്ക് ആത്മവിശ്വാസമേറെ. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തിയപ്പോള്‍ നാണംകെടുത്തി മടക്കി അയക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. ആദ്യത്തെ രണ്ട് ടെസ്റ്റിലും വിരാട് കോലിയില്ലാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കോലിയുടെ അഭാവത്തില്‍ യുവതാരങ്ങള്‍ മികവ് കാട്ടാതെ ഇന്ത്യക്ക് പരമ്പര നേട്ടത്തിലേക്കെത്താനാവില്ല.
രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരാണ് ബാറ്റിങ് നിരയിലെ സീനിയേഴ്‌സ്. മറ്റാര്‍ക്കും വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവില്ല. പല ഇന്ത്യന്‍ താരങ്ങള്‍ക്കും നിര്‍ണ്ണായകമായ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേ നടക്കാന്‍ പോവുന്നത്. മൂന്ന് താരങ്ങള്‍ക്കാണ് വളരെ നിര്‍ണ്ണായകം. ഫ്‌ളോപ്പായാല്‍ ടീമിലെ സ്ഥാനമടക്കം തെറിച്ചേക്കും. ഇത്തരത്തില്‍ പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ താരം ശുബ്മാന്‍ ഗില്ലാണ്. ഇന്ത്യ അടുത്ത വിരാട് കോലിയെന്ന വിശേഷണം ചാര്‍ത്തിക്കൊടുത്ത താരമാണ് ഗില്‍. മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറായിരുന്ന ഗില്ലിനെ ടെസ്റ്റില്‍ മൂന്നാം നമ്പറിലേക്ക് മാറ്റി. യശ്വസി ജയ്‌സ്വാള്‍ ഓപ്പണറായി എത്തിയപ്പോള്‍ മൂന്നാം നമ്പര്‍ ഗില്‍ ചോദിച്ച് വാങ്ങുകയായിരുന്നു. എന്നാല്‍ ഇത് മണ്ടന്‍ തീരുമാനമായിപ്പോയെന്ന് പറയാം. ഇപ്പോള്‍ മൂന്നാം നമ്പറില്‍ ഗില്‍ പതറുകയാണ്. ചേതേശ്വര്‍ പുജാരയുടെ പകരക്കാരനായാണ് ഗില്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത്.

പുജാര ക്രീസില്‍ പിടിച്ചുനിന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തിയിരുന്ന താരമാണ്. എന്നാല്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ ഗില്ലിനാവുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ താരം ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പരമ്പര ഗില്ലിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഫ്‌ളോപ്പായാല്‍ ഗില്ലിന്റെ ചീട്ടുകീറും. താരത്തിന് ടെസ്റ്റ് ടീമിലെ സ്ഥാനം പോലും നഷ്ടമായേക്കും. നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി അവസരത്തിനായി കാത്തിരിക്കുന്നു.
അതുകൊണ്ടുതന്നെ ഗില്ലിന് ഈ പരമ്പര മുതലാക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് പറയാം. രണ്ടാമത്തെ താരം ശ്രേയസ് അയ്യരാണ്. നിലവില്‍ അജിന്‍ക്യ രഹാനെക്ക് പകരക്കാരനായി ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്ന താരമാണ് ശ്രേയസ്. മധ്യനിരയില്‍ തിളങ്ങാന്‍ പ്രതിഭയുള്ള ശ്രേയസ് ക്ലാസിക് ശൈലിയുള്ള താരമാണ്. എന്നാല്‍ ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ താരം പ്രയാസപ്പെടുന്നു. ഏറെ നാളുകളായി ഈ പ്രശ്‌നം അദ്ദേഹത്തെ വേട്ടയാടുന്നു.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ശ്രേയസ് ഷോര്‍ട്ട് ബോളിന് മുന്നില്‍ പതറിയിരുന്നു. ഇംഗ്ലണ്ട് പരമ്പരയില്‍ വിരാട് കോലിയുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ശ്രേയസിനെ കൡപ്പിച്ചേക്കും. തിളങ്ങാനാവാതെ പോയാല്‍ ശ്രേയസിനും പണികിട്ടിയേക്കും. ഇന്ത്യയില്‍ മികച്ച റെക്കോഡ് ശ്രേയസിനുണ്ട്. ഇത് മുതലാക്കി കളിക്കാന്‍ ശ്രേയസിന് സാധിക്കണം. അല്ലാത്ത പക്ഷം ടെസ്റ്റ് ടീമില്‍ നിന്ന് ശ്രേയസിനെ മാറ്റിനിര്‍ത്തിയേക്കും.
മറ്റൊരാള്‍ അക്ഷര്‍ പട്ടേലാണ്. രവീന്ദ്ര ജഡേജയുടെ നിഴലായി ഒതുങ്ങിയിരുന്ന അക്ഷറിന് ഇപ്പോള്‍ കൂടുതല്‍ അവസരം ലഭിക്കുന്നുണ്ട്. ഇംഗ്ലണ്ട് പരമ്പരയിലും പ്ലേയിങ് 11ല്‍ അക്ഷര്‍ ഉള്‍പ്പെടാനാണ് സാധ്യത. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ അക്ഷര്‍ തിളങ്ങിയിരുന്നു. ഇതേ മികവ് ഇത്തവണയും അക്ഷര്‍ കാഴ്ചവെക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടെസ്റ്റ് ടീമില്‍ തുടരാന്‍ അക്ഷര്‍ പ്രയാസപ്പെടുമെന്നുറപ്പാണ്.