അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന് ഒരു ജയം പോലും വിട്ടുകൊടുക്കാതെ ഇന്ത്യ കരുത്തുകാട്ടുകയായിരുന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാക്കുന്നതാണ് ഇംഗ്ലണ്ട് പരമ്പരയിലെ ജയം. ഇന്ത്യ പ്രതീക്ഷിച്ച വെച്ച പല താരങ്ങളും ഫോമിലേക്കെത്തിയെന്നതാണ് ടീമിനെ സംബന്ധിച്ച് വലിയ ആശ്വാസം.
നായകന്‍ രോഹിത് ശര്‍മ സെഞ്ച്വറി പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയപ്പോള്‍ വിരാട് കോലി അര്‍ധ സെഞ്ച്വറിയും നേടി കൈയടി നേടി. നാലാം നമ്പറിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ ശോഭിച്ചപ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ച ആദ്യ പരമ്പരയില്‍ത്തന്നെ ശുബ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടി. ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രകടനങ്ങളാണ് താരങ്ങള്‍ കാഴ്ചവെക്കുന്നത്. മധ്യനിരയിലെ ഇന്ത്യയുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാനും ഈ പരമ്പരയിലൂടെ സാധിച്ചു.
പല വമ്പന്‍ റെക്കോഡുകളും ഈ മത്സരത്തിലൂടെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്കെത്തിയ ശ്രേയസ് അയ്യര്‍ മൂന്നാം മത്സരത്തിലൂടെ വമ്പനൊരു റെക്കോഡ് നേടിയെടുത്തിരിക്കുകയാണ്. അത് എന്താണെന്ന് അറിയാം.
വേഗത്തില്‍ 25 അര്‍ധ സെഞ്ച്വറികള്‍
ഏകദിനത്തില്‍ വേഗത്തില്‍ 25ലധികം അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോഡ് വിരാട് കോലിയില്‍ നിന്ന് ശ്രേയസ് അയ്യര്‍ നേടിയെടുത്തിരിക്കുകയാണ്. വിരാട് കോലി ഈ നേട്ടത്തിലേക്കെത്തിയത് 68 ഇന്നിങ്‌സിലൂടെയായിരുന്നു. എന്നാല്‍ 60 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കാന്‍ ശ്രേയസിന് സാധിച്ചിരിക്കുകയാണ്. നവ്‌ജോത് സിങ് സിദ്ധുവും 68 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. കെ എല്‍ രാഹുല്‍ 69 ഇന്നിങ്‌സില്‍ നിന്നും ശിഖര്‍ ധവാന്‍ 72 ഇന്നിങ്‌സില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്.

നാലാം നമ്പറില്‍ താന്‍ വിശ്വസ്തനാണെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രേയസിന് സാധിക്കുന്നുണ്ട്. 64 പന്തില്‍ 78 റണ്‍സാണ് ശ്രേയസ് നേടിയത്. എട്ട് ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ശ്രേയസ് മൂന്നാം ഏകദിനത്തില്‍ കത്തിക്കയറിയത്. ഇന്ത്യക്ക് ഈ പരമ്പരയിലൂടെ ലഭിച്ച വലിയ ആശ്വാസങ്ങളിലൊന്നാണ് ശ്രേയസ് അയ്യരുടെ പ്രകടനം. ചാമ്പ്യന്‍സ് ട്രോഫിയിലും ഇതേ മികവ് തുടരാന്‍ ശ്രേയസിന് സാധിക്കുമെന്ന് കരുതാം.
ശ്രേയസ് ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം പരിഹരിച്ചു
ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ശുബ്മാന്‍ ഗില്ലിന് ശേഷം ഏറ്റവും സ്ഥിരതയോടെ കളിച്ച താരം ശ്രേയസ് അയ്യരാണ്. ആദ്യ മത്സരത്തില്‍ 59 റണ്‍സും രണ്ടാം മത്സരത്തില്‍ 44 റണ്‍സും മൂന്നാം മത്സരത്തില്‍ 78 റണ്‍സും നേടാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചു. മാര്‍ക്ക് വുഡ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെയെല്ലാം ഷോര്‍ട്ട്‌ബോള്‍ കെണികളെയെല്ലാം തല്ലിപ്പറത്താന്‍ ശ്രേയസിന് സാധിച്ചു. ഇതോടെ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമെന്ന ചീത്തപ്പേരിന് പരിഹാരം കാണാനും ശ്രേയസിനായി.
അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ശ്രേയസ് സ്പിന്നിനെ നന്നായി നേരിടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. അവസാന ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ ഗംഭീര പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. ഇതിന് ശേഷം ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യസത്തെത്തുടര്‍ന്ന് ശ്രേയസിന് ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഇപ്പോള്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ പഴയ ഫോമില്‍ത്തന്നെ മിന്നിക്കാന്‍ ശ്രേയസിന് സാധിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ സര്‍വാധിപത്യ ജയം
ഇന്ത്യക്ക് വലിയ തലവേദനയായിരുന്നു പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെ സാധിച്ചിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഫോം മെച്ചപ്പെട്ടതാണ് എടുത്തു പറയേണ്ടത്. മധ്യനിരയിലെ ആശങ്കകള്‍ ശ്രേയസിന്റെ വരവോടെ പരിഹരിക്കപ്പെട്ടു. അക്ഷര്‍ പട്ടേല്‍ മധ്യനിരയില്‍ ഫോം കണ്ടെത്തിയത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.