നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയം നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 68 പന്തും നാല് വിക്കറ്റും ബാക്കിയാക്കി അനായാസം വിജയലക്ഷ്യത്തിലേക്കെത്തുകയായിരുന്നു. ശുബ്മാന്‍ ഗില്‍ (87) ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ ശ്രേയസ് അയ്യരും (59) അക്ഷര്‍ പട്ടേലും (52) അര്‍ധ സെഞ്ച്വറികളോടെ മിന്നിച്ചു.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. യശ്വസി ജയ്‌സ്വാള്‍ 15 റണ്‍സിലും രോഹിത് ശര്‍മ രണ്ട് റണ്‍സിലും മടങ്ങിയതോടെ ഇന്ത്യ പതറിയെങ്കിലും സമ്മര്‍ദ്ദത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് ശ്രേയസ് അയ്യരുടെ പ്രകടനമാണ്. 30 പന്തില്‍ ഫിഫ്റ്റി നേടിയ ശ്രേയസ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് മടങ്ങിവരവ് ഗംഭീരമാക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ശ്രേയസ് അയ്യര്‍ ലോക റെക്കോഡും സൃഷ്ടിച്ചു. ഇതുവരെ മറ്റൊരു താരത്തിനും നേടാനാവാത്ത നേട്ടത്തിലേക്കാണ് ശ്രേയസ് അയ്യര്‍ പേര് ചേര്‍ത്തിരിക്കുന്നത്. ഇത് എന്താണെന്ന് അറിയാം.
നാലാം നമ്പറില്‍ ലോക റെക്കോഡ്
ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ 1000 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. ഈ നേട്ടം നാലാം നമ്പറില്‍ പലരും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ 50ന് മുകളില്‍ ശരാശരിയിലും 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലും ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യത്തെ താരമായി മാറാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിരിക്കുകയാണ്. ഓപ്പണിങ്ങില്‍ ക്വിന്റന്‍ ഡീകോക്കും രണ്ടാം നമ്പറില്‍ ശുബ്മാന്‍ ഗില്ലും അഞ്ചാം നമ്പറില്‍ എബി ഡിവില്ലിയേഴ്‌സും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ നാലാം നമ്പറില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ശ്രേയസ്.

ഇംഗ്ലണ്ടിന്റെ പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ പറപ്പിക്കുന്ന പ്രകടനമാണ് ശ്രേയസ് പുറത്തെടുത്തത്. ജോഫ്രാ ആര്‍ച്ചറെ തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ പറത്തിയ ശ്രേയസ് സ്പിന്നര്‍മാര്‍ക്കെതിരേ സ്വിച്ച് ഹിറ്റ് ബൗണ്ടറിയടക്കം നേടി. സര്‍വാധിപത്യം പുലര്‍ത്തി ശ്രേയസ് കത്തിക്കയറിയതാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചതെന്ന് പറയാം. ശ്രേയസിന്റെ ബാറ്റിങ് മികവാണ് ശുബ്മാന്‍ ഗില്ലിനും പിന്നാലെ എത്തിയ അക്ഷര്‍ പട്ടേലിനും സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരമൊരുക്കിയത്.
കോലിക്കൊപ്പമെത്തി ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റന്‍സി ലഭിച്ച ആദ്യ മത്സരത്തില്‍ത്തന്നെ കളിയിലെ താരമായി മാറാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. 96 പന്തില്‍ 14 ബൗണ്ടറി ഉള്‍പ്പെടെ 87 റണ്‍സോടെ ഇന്ത്യയുടെ ടോപ് സ്‌കോററായത് ശുബ്മാന്‍ ഗില്ലാണ്. കളിയിലെ താരമാകാനും ഗില്ലിനായി. ഇതോടെ 2022 മുതലുള്ള കണക്ക് പ്രകാരം കൂടുതല്‍ തവണ കളിയിലെ താരമാകുന്ന ഇന്ത്യക്കാരില്‍ തലപ്പത്തേക്കെത്താന്‍ ഗില്ലിനായിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് ഗില്‍ ഈ നേട്ടത്തിലേക്കെത്തുന്നത്. വിരാട് കോലിയും മുഹമ്മദ് ഷമിയും ഗില്ലിനൊപ്പം തലപ്പത്തുണ്ട്.
നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ഫോം നിരാശപ്പെടുത്തുകയാണ്. എന്നാല്‍ വലിയൊരു ആശ്വാസം രോഹിത്തിനുണ്ട്. ഏഴ് മത്സരത്തിന് ശേഷമാണ് രോഹിത്തിന് കീഴില്‍ ഇന്ത്യ വിജയം നേടുന്നത്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ രോഹിത്തിനും ഗൗതം ഗംഭീറിനും വലിയ ആശ്വാസമാവുന്ന ജയമാണിത്. രണ്ട് പേര്‍ക്കും ഇനിയുള്ള ഓരോ മത്സരവും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഒന്നാം ഏകദിനത്തിലെ ജയം ഇന്ത്യക്ക് വലിയ ആശ്വാസമാവുന്നതാണ്.
കളി മാറ്റിയത് ശ്രേയസ് അയ്യരെന്ന് ബട്‌ലര്‍
ഇംഗ്ലണ്ടിന്റെ ഒന്നാം ഏകദിനത്തിലെ തോല്‍വിക്ക് കാരണം ശ്രേയസ് അയ്യരാണെന്നാണ് ഇംഗ്ലണ്ട് നായകനായ ജോസ് ബട്‌ലര്‍ പറയുന്നത്. ശ്രേയസ് കടന്നാക്രമിച്ച് കളിച്ചതാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറ്റിയതെന്നും ശുബ്മാന്‍ ഗില്ലിനൊപ്പമുള്ള കൂട്ടുകെട്ടാണ് മത്സരഫലം മാറ്റിയതെന്നുമാണ് ബട്‌ലര്‍ പറഞ്ഞത്. ശ്രേയസ് അയ്യരുടെ പ്രകടനമാണ് പിന്നാലെ എത്തിയവര്‍ക്ക് കടന്നാക്രമിക്കാനും സമ്മര്‍ദ്ദമില്ലാതെ കളിക്കാനും അവസരമൊരുക്കിയത്. ഫീല്‍ഡിങ്ങിലും മികച്ച പ്രകടനത്തോടെ കൈയടി നേടാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചു.