ഐപിഎല്‍ ക്ലൈമാക്‌സിലേക്കു അടുക്കവെ ഇന്ത്യന്‍ ടീം വീണ്ടും മല്‍സരച്ചൂടിലേക്കു നീങ്ങുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമും എ ടീമും ഇംഗ്ലണ്ടില്‍ റെഡ് ബോള്‍ പരമ്പരകള്‍ കളിക്കാനൊരുങ്ങുകയാണ്. ഈ മാസം അവസാനത്തോടെയാണ് എ ടീം അവിടെ മൂന്നു ചതുര്‍ദിന മല്‍സരങ്ങള്‍ കളിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം ഇംഗ്ലണ്ട് ലയണ്‍സ് ടീമുമായിട്ടാണെങ്കില്‍ അവസാന മല്‍സരം ഇന്ത്യന്‍ സീനിയര്‍ ടീമിനെതിരേയുമാണ്.
അഭിമന്യു ഈശ്വരനെ നായനാക്കി ഇന്ത്യന്‍ എ ടീമിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്.
എന്നാല്‍ മുന്‍ സ്‌ക്വാഡുകളില്‍ ടീമിലുണ്ടായിരുന്ന അഭിഷേക് പൊറെല്‍, റിക്കി ഭുയ്, യഷ് ദയാല്‍, ബാബ ഇന്ദ്രജിത്ത്, നവദീപ് സെയ്‌നി എന്നിവര്‍ തഴയപ്പെടുകയും ചെയ്തു. ഇന്ത്യന്‍ എ ടീം തിരഞ്ഞെടുപ്പില്‍ അഗാര്‍ക്കിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ചില വലിയ മണ്ടത്തരങ്ങള്‍ കാണിച്ചിട്ടുള്ളതായി കാണാം. ഇവ എന്തെക്കെയാണെന്നു നമുക്കു നോക്കാം.

ശ്രേയസ് എന്തുകൊണ്ടില്ല?
കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ശ്രേയസ് അയ്യരെ ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നതാണ് സെലക്ഷന്‍ കമ്മിറ്റി വരുത്തിയ ആദ്യത്തെ മണ്ടത്തരം. അടുത്തിടെ ബിസിസിഐയുടെ മുഖ്യ കരാറിലേക്കു തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹം ഉറപ്പായും ഇംഗ്ലണ്ടിലേക്കുള്ള ടീമിന്റെ ഭാഗമാവുമെന്നായിരുന്ന പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇത്രയും നല്ല ഫോമിലുള്ളപ്പോള്‍ ഒരു താരത്തെ ദേശീയ ടീമിലേക്കു പരിഗണിക്കാതിരിക്കുകയെന്നത് അയാളുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നതില്‍ സംശയമില്ല.
കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി 68.5 ശരാശരിയില്‍ 480 റണ്‍സ് ശ്രേയസ് സ്‌കോര്‍ ചെയ്തിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറിയുള്‍പ്പെടെയാണിത്. കൂടാതെ വിജയ് ഹസാരെ ട്രോഫി ഏകദിന പരമ്പരയില്‍ 131.58 സ്‌ട്രൈക്ക് റേറ്റില്‍ 325 റണ്‍സും അദ്ദേഹം നേടി. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീടവിജയത്തിലും നിര്‍ണായക പങ്കാണ് ശ്രേയസ് വഹിച്ചത്.
ഇപ്പോള്‍ പഞ്ചാബ് കിങ്‌സിനൊപ്പം ബാറ്ററുടെയും ക്യാപ്റ്റന്റെയും റോളില്‍ ഐപിഎല്ലിലും മിന്നിക്കുകയാണ് അദ്ദേഹം. എന്നിട്ടും ഇംഗ്ലണ്ട് പര്യടനത്തിലേക്കു ശ്രേസിനെ പരിഗണിക്കാതിരുന്നത് അവിശ്വസനീയം തന്നെയാണ്.
അര്‍ഷ്ദീപിനെ തഴഞ്ഞതെന്ത്?
സെലക്ഷന്‍ കമ്മിറ്റി വരുത്തിയ രണ്ടാമത്തെ അബദ്ധം മികച്ച ഫോമിലായിട്ടും ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നതാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ടീമിനു വേണ്ടി വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ബൗളറാണ് അദ്ദേഹം. സീനിയര്‍ ടീമിനായി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കളിച്ചെങ്കിലും ടെസ്റ്റില്‍ അര്‍ഷ്ദീപ് ഇനിയും അരങ്ങേറിയിട്ടില്ല.
അവസാനത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും അദ്ദേഹത്തെ ടെസ്റ്റ് ടീമിലേക്കു പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയിലും അര്‍ഷ്ദീപിനെ സെലക്ടര്‍മാര്‍ കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ്. ഇന്ത്യക്കു വേണ്ടി തീര്‍ച്ചയായും മൂന്നു ഫോര്‍മാറ്റുകളിലും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുന്ന ബൗളര്‍ തന്നെയാണ് അദ്ദേഹം.

ജുറേല്‍ വൈസ് ക്യാപ്റ്റനോ?
അഭിമന്യു ഈശ്വരനു ഇന്ത്യന്‍ എ ടീം ക്യാപ്റ്റനായി നറുക്കുവീണപ്പോള്‍ വൈസ് ക്യാപ്റ്റന്‍സി ലഭിച്ചത് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനാണ്. ജുറൈലിനു ഉപനായക സ്ഥാനം നല്‍കിയത് വളരെ വിചിത്രമായ തീരുമാനം തന്നെയാണ്. ഈ റോള്‍ അദ്ദേഹത്തേക്കാള്‍ അര്‍ഹിച്ച മറ്റു ചില കളിക്കാര്‍ ടീമിലുണ്ടായിരുന്നു. എന്നിട്ടും ജുറേലിനെ വൈസ് ക്യാപ്റ്റനാക്കിയത് മണ്ടത്തരം തന്നെയാണ്.
ജുറേലിനു പകരം യശസ്വി ജയ്‌സ്വാളാണ് വൈസ് ക്യാപ്റ്റന്‍സി കൂടുതല്‍ അര്‍ഹിച്ചിരുന്നയാള്‍. മൂന്നു ഫോര്‍മാറ്റുകളിലും ദീര്‍ഘകാലം ദേശീയ ടീമിനായി കളിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. ഭാവിയില്‍ നേതൃനിരയിലേക്കും ജയ്‌സ്വാള്‍ വരാനിടയുണ്ട്. അതുകൊണ്ടു തന്നെ എ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയടക്കം നല്‍കി അദ്ദേഹത്തെ വളര്‍ത്തിയെടുക്കേണ്ടതും ആവശ്യമാണ്.